05 June Friday

യുദ്ധഭൂമിയിലെ മോഷണം

വി ബി പരമേശ്വരൻUpdated: Sunday Apr 21, 2019


1999ലെ തെരഞ്ഞെടുപ്പുകാലം. ഒരു സന്ധ്യക്കാണ‌് പൂർണിയയിൽനിന്നും മധേപുരയിലേക്ക് പുറപ്പെട്ടത‌്. യാദവയുദ്ധം നടക്കുന്ന മധേപുരയിൽ അടുത്ത ദിവസം ലാലുവിന്റെ പൊതുയോഗമുണ്ട‌്. അതാണ‌് പ്രധാനലക്ഷ്യം. ഐക്യജനതാദൾ സ്ഥാനാർഥിയായി ശരത്‌‌യാദവും ആർജെഡി സ്ഥാനാർഥിയായി ലലുപ്രസാദ് യാദവും മത്സരിക്കുന്നതിനാൽ മധേപ്പുര ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

നഗരം വിട്ടതോടെ കാറിന് മുന്നോട്ടുപേകാൻ കഴിയാത്ത വിധം വലിയ കുണ്ടും കുഴിയും നിറഞ്ഞ റോഡ്. പലസമയത്തും ഇറങ്ങി നടക്കേണ്ടി വന്നു. വണ്ടി നിർത്തി നാട്ടുകാരോട് ആരാഞ്ഞപ്പോഴാണ് മനസ്സിലായത് കിലോമീറ്ററോളം റോഡിന്റെ അവസ്ഥ ഇതു തന്നെയാണെന്ന്. രാത്രി ഈ വഴി പോകുന്നത് സുരക്ഷിതമല്ലെന്നും പോക്കറ്റടിയും പിടച്ചുപറിയും ഉണ്ടാകുമെന്നും അവർ പറഞ്ഞതോടെ പൂർണിയയിലേക്ക് തന്നെ മടങ്ങി. അടുത്ത ദിവസം വെളുപ്പിന് തന്നെ സാഹസയാത്ര ആരംഭിച്ചു. വെറും എഴുപത് കിലോമീറ്റർ താണ്ടാൻ അഞ്ച് മണിക്കൂറെടുത്തു.

ഞങ്ങളെത്തുമ്പേഴേക്കും ലാലുവിന്റെ പ്രസംഗം ആരംഭിച്ചിരുന്നു. മത്സരത്തിന്റെ ചൂരും ചൂടും വിളിച്ചറിയിക്കുന്ന പൊതുയോഗം. ബിജെപി ക്യാമ്പിലേക്ക് പോയ ശരത‌് യാദവിനെ കണക്കിന് കളിയാക്കുന്ന ലാലുവിന്റെ പ്രസംഗം സദസ്സിനെ ഇളക്കിമറിച്ചു. ശരത്‌യാദവും ലാലുവും തമ്മിലുള്ള രണ്ടാമത്തെ നേർക്കുനേർ പോരാട്ടമായിരുന്നു. അത്. ആദ്യ പോരാട്ടത്തിൽ ലാലു ജയിച്ചെങ്കിലും ഇത്തവണ മത്സരം കടുത്തതായിരുന്നു.

യാദവരുടെ ആരൂഢമാണ് മധേപുര. ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന കോസി നദീതരീത്തുള്ള നഗരം. ‘റോം പോപ് കാ തോ, മധേപുര ഗോപേ കാ' എന്നത് മധേപുരയുടെ ആപ്തവാക്യം. റോമിന് പോപ്പ് എന്ന പോലെ മധേപുര യാദവുടേത‌്  എന്നർഥം. ജനസംഖ്യയിൽ 37 ശതമാനവും യാദവരാണ്. 13 ശതമാനം മുസ്ലിങ്ങളും. ലാലുവിന്റെ വിജയസമവകാക്യം യാദവ–-മുസ്ലിം കൂട്ടുകെട്ടാണ്. മൊത്തം വോട്ടർമാരുടെ പകുതിയും ലാലുവിനെ പിന്തുണക്കുന്നവരാണെന്ന് സാരം. അതോടൊപ്പം 10 ശതമാനം വരുന്ന മത്സ്യത്തൊഴിലാളികളും. പിന്നോക്കകാരുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും രക്ഷകനായാണ‌് ലാലു സ്വയം വിശേഷിപ്പിക്കാറുള്ളത്.

എന്തുകൊണ്ടും ലാലുവിന്റെ മണ്ഡൽ രാഷ്ട്രീയത്തിന്റെ ചേരവുകളുള്ള മണ്ഡലമാണ് മിഥിലാഞ്ചലിലെ മധേപുര. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് വി പി സിങ്ങാണെങ്കിലും ആ റിപ്പോർട്ട‌് എഴുതിയുണ്ടാക്കിയ ബി പി മണ്ഡൽ മധേപുരക്കാരനാണ്. മധേപുരയിൽ നിന്നു ലോകസഭയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ബിന്ദേശ്വരി പ്രസാദ് മണ്ഡൽ ഒരു മാസത്തോളം ബിഹാർ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. യാദവരുടെ മാത്രമല്ല പിന്നോക്ക വിഭാഗ രാഷ്ട്രീയത്തിന്റെയും കേന്ദ്രഭൂമിയാണ് മധേപുര. ഈ മധേപുരയിലേക്ക് കാവിക്കൊടിയുമായി ശരത‌് യാദവ് എത്തിയപ്പോൾ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. യാദവവോട്ടിൽ മാത്രമല്ല, നിതീഷ‌്‌കുമാറിന്റെ സാന്നിധ്യഫലമായി മുസ്ലിം  വോട്ടുകളിലും വിള്ളലുണ്ടക്കാൻ ശരത‌്‌യാദവിന് കഴിഞ്ഞു. വികസനം പ്രധാന അജൻഡയാക്കാനും ശ്രദ്ധിച്ചു. മധേപുരയിലെ പൊതുയോഗത്തിൽ ലാലു അവസാനം പറഞ്ഞത് ചപ്രയിലെ (ഇപ്പോൾ സരൺ മണ്ഡലം) ജനങ്ങൾ തന്നെ വീണ്ടും മത്സരിക്കാൻ ക്ഷണിക്കുന്നുണ്ടെന്നായിരുന്നു. ഇത് പരാജയത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുകയും ചെയ്തു.

വാർത്ത അയച്ചുകഴിഞ്ഞപ്പോൾ രാത്രി വൈകിയിരുന്നു. അന്ന് മധേപുരയിൽ തങ്ങാൻ തീരുമാനിച്ചു. ഹോട്ടൽമുറി ലഭിച്ചില്ല. അവസാനം ഒരു ലോഡ്ജിലെത്തി. അടച്ചുറപ്പില്ലാത്ത വൃത്തികെട്ട മുറി. വെളുപ്പിന‌് മൂന്ന് മണിയോടെ അടുത്ത മുറിയിലെ മാധ്യമസുഹൃത്ത് പരിഭ്രാന്തനായെത്തി വിളിച്ചുണർത്തി. അവരുടെ ഉടുവസ്ത്രമൊഴിച്ച് ബാക്കിയെല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു. പകൽസമയം പരിചയപ്പെട്ട മധേപുരയിലെ മാധ്യമസുഹൃത്തുക്കളെ വിളിച്ചു. പൊലീസ് സ‌്റ്റേഷനിൽ പരാതി നൽകാൻ അവർ പറഞ്ഞു. ഉടൻ ഇറങ്ങി പൊലീസ് സ്റ്റേഷനിലേക്ക്. പത്രസുഹൃത്ത് സ്ഥലം എസ്ഐയുമായി വന്ന് ഞങ്ങളെയും കുട്ടി വീണ്ടും ലോഡ‌്ജിലേക്ക‌്. ഉടമയെ ചോദ്യംചെയ്ത് അൽപ്പം കഴിഞ്ഞപ്പോൾ നഷ്ടപ്പെട്ട സാധനങ്ങളും പണവും തിരിച്ചുകിട്ടി. അപ്പോഴേക്കും നേരം പുർലന്നിരുന്നു.

മധേപുര വിടുമ്പോൾ ഐക്യജനതാദൾ ഓഫീസിൽ വെറുതെ കയറി. അവിടെ ശരത‌് യാദവ് ഉണ്ടായിരുന്നു. ലാലുവിന്റെ ‘ജംഗിൾരാജി’നെക്കുറിച്ച് ബോധ്യമായില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.  മലയാളികളായ മാധ്യമപ്രവർത്തകരെ കൊള്ളയടിച്ച കാര്യം അന്ന് ഉച്ചക്ക് നടത്തിയ വാർത്താസമ്മേളനത്തിൽ ശരത‌്‌യാദവ‌് പരാമർശിച്ചു. അടുത്ത ദിവസത്തെ ചില ഹിന്ദി പത്രങ്ങളിൽ ഇത് വാർത്തയാവുകയും ചെയ്തു. അന്ന‌് ആ തെരഞ്ഞെടുപ്പിൽ വിജയിച്ച ശരത‌് യാദവ് ഇത്തവണ ലാലുവിന്റെ പിന്തുണയോടെ ആർജെഡി ടിക്കറ്റിൽ മധേപുരയിൽ വീണ്ടും മത്സരിക്കുന്നു.


പ്രധാന വാർത്തകൾ
 Top