06 December Friday

പാലക്കാടൻ മുത്തം

അജിൻ ജി രാജ്‌Updated: Wednesday Nov 20, 2019

കണ്ണൂർ
സംസ്ഥാന കായികോത്സവത്തിന്റെ 63–-ാം പതിപ്പിൽ പാലക്കാടിന്റെ കൈയൊപ്പ്‌. നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ പിന്തള്ളി പാലക്കാട്‌ ഓവറോൾ കിരീടം ചൂടി. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ  201.33 പോയിന്റോടെയാണ്‌ പാലക്കാട്‌ മൂന്നാംവട്ടം കിരീടം പിടിച്ചെടുത്തത്‌.

ഹാട്രിക്‌ കിരീടം കൊതിച്ചെത്തിയ എറണാകുളത്തിന്റെ കോട്ടകൾ പാലക്കാട്‌ തകർത്തു. എറണാകുളം ഇത്തവണ 157.33 പോയിന്റിൽ ഒതുങ്ങി. 44 പോയിന്റ്‌ വ്യത്യാസത്തിൽ കിരീടം നഷ്‌ടമായി. 18 സ്വർണവും 26 വെള്ളിയും 16 വെങ്കലവുമാണ്‌ പാലക്കാടിന്റെ സമ്പാദ്യം.  എറണാകുളത്തിന്‌ 21 സ്വർണവും 14 വെള്ളിയും 11 വെങ്കലവും. കോഴിക്കോടിനാണ്‌ മൂന്നാം സ്ഥാനം (123.33). 2012ലും 2016ലും മാത്രമാണ്‌ പാലക്കാട്‌ കിരീടം നേടിയിട്ടുള്ളത്‌. എറണാകുളം 13 തവണ മുന്നിലെത്തി. 

ചാമ്പ്യൻ സ്‌കൂളിനായുള്ള പോരിൽ കോതമംഗലം മാർബേസിൽ എച്ച്‌എസ്‌എസാണ്‌ ഒന്നാമത്‌ (62.33 പോയിന്റ്‌). പാലക്കാട്‌ കുമരംപുത്തൂർ കല്ലടി എച്ച്‌എസ്‌എസ്‌ (58.33) തൊട്ടുപിന്നിലുണ്ട്‌. കോഴിക്കോട്ടെ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ പുല്ലൂരാംപാറയാണ്‌ മൂന്നാമത്‌ (32.33). സ്‌പോർട്‌സ്‌ ഹോസ്റ്റലിൽ സായ്‌ തിരുവനന്തപുരവും (36) ജേതാക്കളായി.  

അവസാനദിനത്തിലെ മൂന്നെണ്ണമടക്കം 16 മീറ്റ്‌ റെക്കോഡുകൾ പിറന്നു. മൂന്നിനങ്ങളിൽ റെക്കോഡോടെ സ്വർണം നേടിയ നാട്ടിക ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ ആൻസി സോജനാണ്‌ മേളയിലെ താരം. റിലേയിൽ വെള്ളിയുമുണ്ട്‌ ഈ പ്ലസ്‌ടുക്കാരിക്ക്‌.


പ്രധാന വാർത്തകൾ
 Top