18 September Wednesday

പാട്ടിൽ വിപ്ലവത്തെ ജ്വലിപ്പിച്ച തന്റേടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മേദിനിയും അനസൂയയും



‘‘നാട്ടാരെല്ലാം കൂട്ടമായിട്ട് അണിനിരക്കാതെ
പടുപട്ടിണി ഈ നാട്ടിൽനിന്ന് പോവതെങ്ങനെ..’’

പാടിയത്‌ ബാല്യം വിടാത്ത പെൺകുട്ടി. ആലപ്പുഴ പാലച്ചുവട് ആഞ്ഞിലിപ്പുറത്ത് വേലായുധന്റെ മകൾ അനസൂയ. പുന്നപ്ര വയലാർ വിപ്ലവത്തിന്‌ മുമ്പും പിമ്പും ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വേദികളിലെ സ്ഥിരംസാന്നിധ്യം. വിപ്ലവഗായിക, പുന്നപ്ര വയലാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിലൊരാൾ, അവസാനംവരെ പോരാട്ടവീര്യം മനസിൽ കെടാതെ സൂക്ഷിച്ച സമരനായിക...അനസൂയ കാലയവനികയ്‌ക്കുള്ളിൽ മറയുമ്പോൾ പുരോഗമനാശയങ്ങൾ സ്വരമാധുരിയിലൂടെ സാധാരണക്കാരിലെത്തിച്ച തലമുറയിലെ അംഗംകൂടിയാണ്‌ ഇല്ലാതാകുന്നത്‌. 

കയർ ഫാക്‌ടറി തൊഴിലാളി യൂണിയന്റെ  കൊമ്മാടിയിൽ നടന്ന നാലാം വാർഷികസമ്മേളനത്തോട്‌ അനുബന്ധിച്ചുള്ള മഹിളാ സമ്മേളനത്തിൽ പാടിയാണ് അനസൂയ പൊതുരംഗത്ത്‌ വരുന്നത്‌. സമ്മേളനത്തിൽ  തൊഴിലാളികളുടെ കല–-സാംസ്‌കാരിക കേന്ദ്രമുണ്ടാക്കാൻ തീരുമാനിച്ചു. ഇതിൽ ഒട്ടേറെ പ്രമുഖ കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചു. 

പുന്നപ്ര–--വയലാർ സമരത്തെത്തുടർന്ന് ദിവാൻഭരണം ചാർജ്‌ചെയ്‌ത കേസുകളിലെ പ്രായം കുറഞ്ഞ പ്രതികളിലൊരാളാണ്‌ അനസൂയ. ഭീഷണികൾക്ക് വഴങ്ങാതെ വേദിയിലേക്ക് ചാടിക്കയറിവരുന്ന ധീരത. ഒളിവിലിരിക്കുന്ന നേതാക്കൾക്ക് ഒറ്റുകാരുടെ കണ്ണിൽപ്പെടാതെ സന്ദേശങ്ങളെത്തിക്കുന്ന മിടുക്കി. പൊലീസിന്റെ കണ്ണിൽ "കൊടുംകുറ്റവാളി'യാകാൻ ഇതുതന്നെ ധാരാളം. അനസൂയയെത്തേടി ആഞ്ഞിലിപ്പുറത്ത് വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചുകയറി. പക്ഷേ, വീടും പരിസരവും അരിച്ചുപെറുക്കിയിട്ടും നിരാശയായിരുന്നു ഫലം. കേസിനെപ്പറ്റി നേരത്തെ വിവരം കിട്ടിയതിനാൽ അനസൂയയെ കോട്ടയം താഴത്തങ്ങാടിയിലെ അപ്പച്ചിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

11 മാസത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്ന അനസൂയയെ വൈകാതെ അറസ്‌റ്റ്‌ചെയ്‌തു. നടുറോഡിൽവച്ചുതന്നെ മർദനം. മാവേലിക്കര സബ്‌ജയിലിൽ 15 ദിവസം തടവും. മർദനത്തിന്‌ നേത‌ൃത്വം കൊടുത്തതാകട്ടെ എസ്‌ഐ സത്യനേശൻ. പിന്നീട്‌ അനശ്വര നടനായി മാറിയ അതേ സത്യൻ.  കയർ ഫാക്‌ടറിയിലെ മൂപ്പനായിരുന്നു അച്ഛൻ വേലായുധൻ. അമ്മ തങ്കമ്മ. ഇവർക്ക് 11 മക്കൾ. കാഴ്‌ചക്കുറവ് ബാധിച്ച അച്ഛന് തൊഴിൽ നഷ്‌ടമായി. അതോടെ വീട്ടിൽ ദാരിദ്ര്യം കൊടികുത്തി. അനസൂയയുടെ 11–-ാം വയസിൽ അമ്മ ക്ഷയം പിടിപെട്ട്‌ മരിച്ചതോടെ കുടുംബം താളംതെറ്റി. ഇതിനിടയിലാണ് പാർടി അനസൂയയെ വിദ്യാഭ്യാസത്തിനായി കോട്ടയത്തേക്ക് അയക്കുന്നത്. തിരുനക്കരയിൽ കോൺഗ്രസുകാർ നടത്തുന്ന മഹിളാ സേവാസദനമുണ്ട്. അന്ന് കമ്യൂണിസ്‌റ്റുകാർ കോൺഗ്രസിലുമുണ്ട്. അഞ്ചാം ക്ലാസുവരെ അവിടെനിന്ന് പഠിച്ചു. 1945 ഓടെ കമ്യൂണിസ്‌റ്റുകാർ സ്‌റ്റേറ്റ് കോൺഗ്രസുമായി അകന്നു. സദനത്തിലെ താമസവും പഠിത്തവും അതോടെ അവസാനിച്ചു. അവിടെനിന്ന് മടങ്ങി വീണ്ടും ആലപ്പുഴയിലെ രാഷ്‌ട്രീയപ്രവർത്തനത്തിൽ സജീവമായി.


പ്രധാന വാർത്തകൾ
 Top