16 February Saturday

സുഡാൻ ഇനിയില്ല ; വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ ഇനി എത്ര നാൾ

സീമ ശ്രീലയംUpdated: Thursday Apr 19, 2018

സുഡാൻ ഇനിയില്ല. വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ (Northern White Rhino) കുടുംബത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു ആൺ കാണ്ടാമൃഗമായിരുന്നു സുഡാൻ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കെനിയയിലെ ഓൾ പെജെറ്റാ സംരക്ഷണകേന്ദ്രത്തിൽവച്ച് 45 വയസ്സുള്ള സുഡാന്റെ ജീവൻ പൊലിഞ്ഞതോടെ ഈ ജീവി വർഗം കുറ്റിയറ്റുപോയേക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. വാർധക്യസഹജമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞ സുഡാനെ ദയാവധത്തിനു വിധേയമാക്കിയതോടെ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ കൂട്ടത്തിൽ ആൺ വർഗത്തിന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ കൂട്ടത്തിൽ ഇനി അവശേഷിക്കുന്നത് രണ്ട് പെൺ കാണ്ടാമൃഗങ്ങൾ മാത്രം. സുഡാന്റെ മകളായ നാജിനും കൊച്ചുമകളായ ഫാട്ടുവും ആണത്. ഇവരും കെനിയയിലെ സംരക്ഷണകേന്ദ്രത്തിലാണുള്ളത്.

വംശനാശത്തിലേക്ക്
മനുഷ്യന്റെ ക്രൂരതയുടെ ഫലമായി കുറ്റിയറ്റുപോകുന്ന ജീവിവർഗങ്ങളുടെ പട്ടികയിലേക്ക് ഈ വെള്ള കാണ്ടാമൃഗങ്ങളുടെ പേരുകൂടി ചേർക്കേണ്ടിവരുന്നകാലം അധികം അകലെയല്ല. മനുഷ്യന്റെ ക്രൂരതമൂലം ഒരു ജീവിവർഗം മൺമറഞ്ഞുപോകുമ്പോൾ അത് ആവാസവ്യസ്ഥയുടെയും ഭക്ഷ്യശൃംഖലയുടെയുമൊക്കെ സന്തുലനത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകൾ ചില്ലറയല്ല. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്നൊക്കെ പറയാറുണ്ടെങ്കിലും മനുഷ്യന്റെ ക്രൂരതയ്ക്കുമുന്നിൽ അതൊക്കെ എത്ര നിസ്സാരം! ആവാസവ്യവസ്ഥാ നാശവും വേട്ടയാടലുമാണ്  ഇവയ്ക്ക് ചരമഗീതം രചിച്ചത്.  വന്യജീവികളിൽനിന്നുള്ള ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഇരകൂടിയാണ് ഈ പാവം ജീവികൾ. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ദിവ്യശക്തിയുണ്ടെന്നും അത് ചേർത്ത ഔഷധങ്ങൾക്ക് മാറാരോഗങ്ങൾ മാറ്റാനുള്ള കഴിവുണ്ടെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങൾ ഇവയുടെ നാശത്തിന് വൻതോതിൽ കാരണമായിട്ടുണ്ട്. അനധികൃത വന്യജീവി വ്യാപാര മാർക്കറ്റിൽ വൻഡിമാൻഡാണ് ഇവയുടെ കൊമ്പിന്. കാണ്ടാമൃഗങ്ങളുടെ  കൊമ്പ് വീട്ടിൽ പ്രദർശിപ്പിക്കുന്നത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും അടയാളമായി  കാണുന്നവരും ധാരാളം.

മറ്റു കാണ്ടാമൃഗങ്ങൾ
കാണ്ടാമൃഗങ്ങളിൽ അഞ്ച് സ്പീഷിസ്സുകളാണുള്ളത്. വെള്ള കാണ്ടാമൃഗങ്ങൾ, കറുപ്പു കാണ്ടാമൃഗങ്ങൾ, ഇന്ത്യൻ കാണ്ടാമൃഗങ്ങൾ, ജാവൻ കാണ്ടാമൃഗങ്ങൾ, സുമാട്രൻ കാണ്ടാമൃഗങ്ങൾ എന്നിവയാണവ. ഇതിൽത്തന്നെ വെള്ള കാണ്ടാമൃഗങ്ങളിൽ രണ്ടു സബ്സ്പീഷിസ്സുകളുണ്ട്. തെക്കൻ വെള്ള കാണ്ടാമൃഗവും വടക്കൻ വെള്ള കാണ്ടാമൃഗവും. സുഡാന്റെ മരണത്തോടെ അന്യംനിന്നുപോയേക്കാവുന്ന വെള്ള കാണ്ടാമൃഗവംശത്തിൽ സുഡാനോടൊപ്പം അവശേഷിച്ചിരുന്ന സുനി എന്ന  ആൺ കാണ്ടാമൃഗം 2014ലാണ് അന്ത്യശ്വാസം വലിച്ചത്. ഉഗാണ്ടയിലും മധ്യ ആഫ്രിക്കയിലും സുഡാനിലും ചാഡിലുമൊക്കെ ഒരുകാലത്ത് സൈ്വരമായി വിഹരിച്ചിരുന്ന ജീവികളാണ്  വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ. 1970കളിലും 80കളിലും മനുഷ്യൻ നടത്തിയ അനിയന്ത്രിത വേട്ടയാടൽ ഇവയുടെ വർഗത്തെ വൻതോതിലാണ് തുടച്ചുനീക്കിയത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോംഗോയിൽ അവശേഷിച്ചിരുന്ന ഏതാനും ഡസൻ വെള്ള കാണ്ടാമൃഗങ്ങളും വേട്ടയാടലിന്റെ ഫലമായി കൊല്ലപ്പെട്ടു. ഡബ്ല്യുഡബ്ല്യുഎഫിന്റെ റിപ്പോർട്ട് പ്രകാരം 2008 ഓടെ വനത്തിനുള്ളിൽ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ വംശം പൂർണമായും തുടച്ചുനീക്കപ്പെട്ടു.
പിന്നെ ‘ഭൂമിയിൽ ആകെ അവശേഷിച്ചിരുന്നത് നാലു വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ മാത്രം. ചെക് റിപ്പബ്ലിക്കിലെ മൃഗശാലയിലായിരുന്ന രണ്ട് ആൺ കാണ്ടാമൃഗങ്ങളെയും രണ്ട് പെൺകാണ്ടാമൃഗങ്ങളെയും 2009ൽ കെനിയയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സായുധകാവലും ശക്തമായ നിരീക്ഷണസംവിധാനങ്ങളുമൊക്കെ ഇവയുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്നു. അവയുടെ ആവാസവ്യവസ്ഥയോടു സാദൃശ്യമുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിലൂടെ സ്വാഭാവിക പ്രജനനം നടക്കുമെന്നും അങ്ങനെ അവയുടെ വംശം അന്യംനിന്നുപോകാതിരിക്കുമെന്നുമുള്ള പ്രതീക്ഷയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ ഈ പ്രതീക്ഷയും അസ്ഥാനത്തായി. സ്വാഭാവിക പ്രജനനത്തിന് ഇവയുടെ പ്രായക്കൂടുതലും തടസ്സമായി.

വംശനാശം തടയാൻ ശ്രമം
ഐവിഎഫ് മാർഗത്തിലൂടെ ഇവയുടെ വംശം നിലനിർത്തുക എന്നതായിരുന്നു അവശേഷിക്കുന്ന മാർഗം.  സുഡാന്റെയും അതിനു മുമ്പ് മൺമറഞ്ഞ ഇതേ വിഭാഗത്തിൽപ്പെട്ട ആൺ കാണ്ടാമൃഗങ്ങളുടെയും ബീജം ശീതീകരിച്ച് കേടുവരാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ ബീജം ഇപ്പോൾ ജീവിച്ചിരിക്കുന്ന പെൺ കാണ്ടാമൃഗങ്ങളിൽനിന്നു ലഭിക്കുന്ന അണ്ഡവുമായി ഐവിഎഫ് സങ്കേതത്തിലൂടെ ഭ്രൂണമാക്കി മാറ്റി അവയെ തെക്കൻ പെൺ വെള്ള കാണ്ടാമൃഗത്തിന്റെ വാടക ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കാൻ സാധിച്ചാൽ ഈ ജീവിവർഗത്തെ വംശനാശത്തിൻനിന്ന് രക്ഷിക്കാനാവും. നാജിനും ഫാടുവിനും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമൊക്കെ ഉള്ളതുകൊണ്ട് ഇവയിൽനിന്ന് അണ്ഡങ്ങൾ ശേഖരിക്കുന്നത് ശ്രമകരമായ കാര്യമാണ്. ടെസ്റ്റ്ട്യൂബ് കാണ്ടാമൃഗക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് ഭീമമാണെന്നും ഇതിന്റെ വിജയസാധ്യത എത്രത്തോളമാകുമെന്നു പ്രവചിക്കാൻ കഴിയില്ലെന്നുമാണ് ഈ രംഗത്തെ ഗവേഷകർ പറയുന്നത്. ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കോശങ്ങളെ ജനിതക എൻജിനിയറിങ്ങിലൂടെ റീപ്രോഗ്രാംചെയ്ത് പ്ലൂറിപൊട്ടന്റ് വിത്തുകോശങ്ങളാക്കി മാറ്റി അവയെ ബീജകോശങ്ങളും അണ്ഡകോശങ്ങളുമാക്കി മാറ്റാൻകഴിയുമോ എന്ന ഗവേഷണവും നടക്കുന്നുണ്ട്. സുഡാനിൽനിന്നും മറ്റു വടക്കൻ വെള്ള കാണ്ടാമൃഗങ്ങളിൽനിന്നും ശേഖരിച്ച് കേടുവരാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന കോശങ്ങളും ജനിതക പദാർഥങ്ങളുമൊക്കെ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ അവയുടെ ഭ്രൂണങ്ങൾ സൃഷ്ടിച്ച് തെക്കൻ പെൺ വെള്ള കാണ്ടാമൃഗങ്ങളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഎസിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയുമൊക്കെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ വംശം സംരക്ഷിച്ചുനിർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. ഇത് വിജയിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം

പ്രധാന വാർത്തകൾ
 Top