22 October Thursday

അമ്മച്ചൂടേൽക്കാതെ പിഞ്ചോമന യാത്രയായി ; തോരാക്കണ്ണീരായി കുഞ്ഞു‘നദി’

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കനത്ത പൊലീസ്‌ സുരക്ഷയിൽ പിപിഇ കിറ്റും വിലങ്ങുമണിഞ്ഞ്‌ കുഞ്ഞിന്‌ യാത്രാമൊഴിയേകുന്ന റെയ്‌ന മേ നാസിനോ

മനില
പാൽമണമറിയാതെ, അമ്മച്ചൂടേൽക്കാതെ പിഞ്ചോമന യാത്രയായി. വിടപറയാനെത്തിയപ്പോൾ ആ കുഞ്ഞുമുഖംപോലെ നിർമലമായൊരു വെള്ളപ്പൂവുണ്ടായിരുന്നു റെയ്‌നയുടെ കൈയിൽ. പൂക്കൾനിറഞ്ഞ പെട്ടിയിലെ കുഞ്ഞുടൽ നോക്കിനിൽക്കാൻ ഏതാനും നിമിഷങ്ങൾ. പ്രസവിച്ച്‌ നാലാംമാസം എന്നെന്നേക്കുമായി വിടചൊല്ലേണ്ടി വന്നപ്പോഴും രാഷ്ട്രീയത്തടവുകാരിയായ ആ അമ്മയ്‌ക്ക്‌ കുഞ്ഞിനെ മാറോടടുപ്പിക്കാനായില്ല.

പട്ടിണി നിർമാർജനത്തിനായി പോരാടിയ ഇടതുപക്ഷ മനുഷ്യാവകാശ പ്രവർത്തക റെയ്‌ന മേ നാസിനോ (23) മനില സിറ്റി വനിതാ ജയിലിൽ ജൂലൈ ഒന്നിനാണ്‌‌ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്‌. രണ്ടു സഹപ്രവർത്തകർക്കൊപ്പം 2019 നവംബറിലാണ്‌ കള്ളക്കേസിൽ കുടുക്കി റെയ്‌നയെ അറസ്റ്റ്‌ ചെയ്തത്‌‌.

നിയമപ്രകാരം ഒരുമാസത്തിൽക്കൂടുതൽ കുഞ്ഞിനെ ജയിലിൽ പാർപ്പിക്കാനാകില്ലെന്നു കാണിച്ച്‌ അധികൃതർ ആഗസ്ത്‌ 13ന്‌ കുഞ്ഞു റിവറിനെ റെയ്‌നയുടെ അമ്മയ്‌ക്കൊപ്പമയച്ചു. കടുത്ത ശ്വാസകോശപ്രശ്‌നവുമായി സെപ്‌തംബർ 24ന്‌ റിവറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണാസന്നയായ കുഞ്ഞിനെ കാണാനും റെയ്‌നയ്‌ക്ക്‌ അനുമതി നൽകിയില്ല. അവസാന മണിക്കൂറിൽപ്പോലും അമ്മച്ചൂടേൽക്കാതെ ആ കുഞ്ഞുഹൃദയം നിലച്ചു.

കോവിഡ്‌ പശ്ചാത്തലത്തിൽ സുരക്ഷാകവചമണിഞ്ഞ്‌ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ മൂന്നുമണിക്കൂറാണ്‌ റെയ്‌നയ്ക്ക്‌ നൽകിയത്‌. ചുറ്റിനും ആയുധധാരികളായ 43 പൊലീസുകാർ. അപ്പോഴും അനുവദിച്ച സമയത്തിനുള്ളിൽ സംസ്കാരം നടത്താൻ റെയ്‌നയുടെ അമ്മയ്‌ക്ക്‌ പൊലീസുകാർക്കുമുമ്പിൽ മുട്ടുകുത്തി യാചിക്കേണ്ടിവന്നു. എന്നാൽ, ഈ നീതിനിഷേധത്തിനൊന്നും കീഴടക്കാനായില്ല റെയ്‌നയിലെ പോരാളിയെ. ഓമനക്കുഞ്ഞിനെ യാത്രയാക്കിയ ഹൃദയവേദനയിലും അവൾ പറഞ്ഞു: സ്വതന്ത്രയാകുമ്പോൾ ഞാൻ കൂടുതൽ ശക്തയാകും. ഈ ദുഃഖത്തെയും നമ്മൾ ഒന്നിച്ച്‌ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top