05 July Sunday

സിമോണ ചിരിക്കുന്നു ; സെറീന കാത്തിരിക്കട്ടെ

എ എൻ രവീന്ദ്രദാസ്Updated: Thursday Jul 18, 2019

മറ്റേതൊരു കിരീടത്തേക്കാളും ഈ വിംബിൾഡൺ നേടണമെന്ന്‌ സെറീന വില്യംസ്‌ അതിയായി ആഗ്രഹിച്ചിരുന്നു. കാരണം ഒരു ഗ്രാൻസ്‌ലാം കിരീടമെന്നതിനേക്കാൾ ഓസ്‌ട്രേലിയയുടെ മാർഗരറ്റ്‌ സ്‌മിത്ത്‌ കോർട്ടിന്റെ 24 ഗ്രാൻസ്‌ലാം കിരീടമെന്ന സർവകാല റെക്കോർഡിനൊപ്പമെത്താൻ വിശ്വ ടെന്നീസിൽ കറുപ്പിന്റെ അഴകും അതിജീവനവുംകൊണ്ട്‌ സ്വന്തം കാലഘട്ടവും ചരിത്രവും രേഖപ്പെടുത്തിയ മുപ്പത്തേഴുകാരിക്ക്‌ ഈ വിംബിൾഡൺ ട്രോഫി മാത്രം മതിയായിരുന്നു
എന്നാൽ സിമോണ ഹാലെപ്‌ ആ സ്വപ്‌നം തകർത്തതിനൊപ്പം സെറീനയ്‌ക്കെതിരെ ഇതിലും ആധികാരികമായ ഒരു പ്രകടനം മറ്റാർക്കും കാഴ്‌ചവെയ്‌ക്കാനാവില്ലെന്ന്‌ അർഥശങ്കക്കിടയില്ലാത്തവിധം തെളിയിച്ച പോരാട്ടത്തിലൂടെ തന്റെ ആദ്യ വിംബിൾഡൺ കിരീടം ഉയർത്തുകയും ചെയ്‌തു. കേവലം 56 മിനിറ്റേ വേണ്ടിവന്നുള്ളൂ. 6‐2, 6‐2ന്‌ തുടർച്ചയായ സെറ്റുകളിലൂടെ സിമോണ കരിയർ ഗ്രാൻസ്‌ലാം നേട്ടം രണ്ടിലെത്തിച്ചു.

ഓൾ ഇംഗ്ലണ്ട്‌ ക്ലബ്ബിലെ സെന്റർ കോർട്ടിൽ ചരിത്രത്തിന്റെ  രണ്ട്‌ ധ്രുവങ്ങളിൽ നിന്നുെകാണ്ടാണ്‌ സെറീനയും സിമോണയും ഏറ്റുമുട്ടിയത്‌.  അതിൽ ഗ്രാൻസ്‌ലാമുകളുടെ രാജപാതയായവിംബിൾഡണിൽ മുദ്രചാർത്തുന്ന ആദ്യ റുമാനിയൻ താരമെന്ന ബഹുമതി സിമോണയ്‌ക്കൊപ്പമായപ്പോൾ മാർഗരറ്റിന്റെ കോർട്ടിലേക്കെത്താൻ സെറീനയ്‌ക്ക്‌ ഇനിയും കാത്തിരിക്കേണ്ടിവരുന്നു. സിമോണയുടെ നാട്ടുകാരൻ ഇലിനസ്‌താസെ 1972ലും 1976ലും ഇവിടെ ഫൈനലിലെത്തിയെങ്കിലും കിരീടം തൊട്ടില്ല.

ഇതെന്റെ അമ്മയുടെ സ്വപ്‌നമായിരുന്നു. ടെന്നീസിൽ നിനക്കെന്തെങ്കിലുമാവണമെങ്കിൽ വിംബിൾഡൺ ഫൈനൽ കളിക്കണമെന്ന്‌  എനിക്ക്‌ പത്തുപന്ത്രണ്ട്‌ വയസ്സുള്ളപ്പോൾ മുതൽ അമ്മ പറയുമായിരുന്നു. അമ്മയുടെ ഉപദേശത്തിനും പ്രചോദനത്തിനും ഈ കിരീടത്തിലൂടെ നന്ദി രേഖപ്പെടുത്തുകയാണെന്ന്‌ സിമോണയുടെ വാക്കുകൾ.

|

വെളുത്ത മങ്കമാർ മാത്രം കയ്യടക്കിയിരുന്ന ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ മൂന്ന്‌ പതിറ്റാണ്ടിനുശേഷം കറുപ്പിന്റെ തിളക്കം കാട്ടി ലോകത്തെ വിസ്‌മയിപ്പിച്ച സെറീനയ്‌ക്ക്‌ തോൽവിയിലെ നിരാശയു സങ്കടവും സമർഥമായി മറച്ചുച്ചെുകൊണ്ടുതന്നെ സിമോണയെ അഭിനന്ദിക്കാനും മടിയുണ്ടായില്ല. അവൾ ഹൃദയം കൊണ്ടാണ്‌ പോരാടിയത്‌. അത്രയ്‌ക്കും ആധിപത്യത്തോടെ ഒരാൾ കളിക്കുമ്പോൾ തനിക്ക്‌് വ്യത്യസ്‌തമായി ഒന്നും ചെയ്യാനാവുമായിരുന്നില്ലെന്നും ഞാൻ അവളിൽ നിന്നും പഠിക്കേണ്ടതാണെന്നും റണ്ണേഴ്‌സ്‌ അപ്പ്‌ ട്രോഫി ഏറ്റുവാങ്ങിയശേഷം സെറീന പറയുകയുണ്ടായി. 2004ലെ വിംബിൾഡണിൽ മരിയ ഷരപ്പോവയോട്‌ 6‐1, 6‐4ന്‌ കീഴടങ്ങിയതിനുശേഷം സെറീനയുടെ ഏറ്റവും മോശം പ്രകടനമാണിത്‌.

ഇതിനുമുമ്പ്‌  സെറീനയുടെമേൽ സിമോണയുടെ ഏക വിജയം 2014ലെ ഡബ്ല്യുടിഎ ഫൈനൽസിൽ നേടിയ 6‐0, 6‐2 ആയിരുന്നു. ഉയരക്കാരികളും ശക്തരുമായ പ്രതിയോഗികൾ നിറയുന്ന ഗ്രാസ്‌ കോർട്ടിൽ തനിക്ക്‌ ജയിച്ചുകയറാനാവുമെന്ന്‌ ആത്മവിശ്വാസം നൽകിയ പോരാട്ടമായിരുന്നു അതെന്ന്‌ അഞ്ചരയടിയോളം ഉയരക്കാരിയായ സിമോണ കരുതുന്നു. റുമാനിയയിൽ ഞങ്ങൾക്ക്‌ ഒറ്റ പുൽകോർട്ടുമില്ല. എന്നാൽ തങ്ങൾക്ക്‌ അന്യമായിരുന്ന പുൽകോർട്ടിൽ വിജയം തുടരാനുള്ള യാത്രയിലാണ്‌ താനെന്നും സിമോണ പറയാതെ പറയുന്നു.


പ്രധാന വാർത്തകൾ
 Top