17 February Sunday

ഓര്‍മകളുടെ കടവില്‍ എം ടി

വി കെ സുധീര്‍കുമാര്‍Updated: Sunday Jul 16, 2017


കോഴിക്കോട് >  ജന്മദിനവും എം ടി വാസുദേവന്‍നായര്‍ക്ക് പതിവ്പോലെയായിരുന്നു. ആയിരം പൂര്‍ണചന്ദ്രന്റെ നിലാവും ആഘോഷവുമെല്ലാം പത്രത്താളുകളില്‍ മാത്രം. രാവിലെ കുളിച്ച് പ്രഭാത ഭക്ഷണത്തിനുശേഷം അധികം നിറമില്ലാത്ത ഒരു ചെക്ക് ഷര്‍ട്ടും പോക്കറ്റില്‍ പേനയും കുത്തി വെള്ള മുണ്ടുമുടുത്ത് എം ടി  അദ്ദേഹത്തിന് മാത്രമുള്ള കസേരയില്‍ ഇരുന്നു.  84 എന്ന കടവില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തിലെ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് എം ടി. ഓര്‍മകളിലേക്കുള്ള ആ  മടക്കയാത്രയില്‍ പ്രിയ ശിഷ്യന്‍ വി ആര്‍ സുധീഷാണ് കൂടെ. 

കാലത്തിന്റെ കഥാകാരനോട് എപ്പോഴാണ് ആദ്യമായി വാച്ച്  കെട്ടിയതെന്ന് സുധീഷ്. സ്വര്‍ണനിറമുള്ള ചെയിനും വെളുത്ത ഡയലുമുള്ള വാച്ചിലേക്ക് നോക്കി എം ടി കുറച്ചുനേരം മൌനിയായി. 'വാച്ച് കെട്ടാന്‍ ചെറുപ്പത്തില്‍ വളരെ ആഗ്രഹിച്ചിരുന്നു.  ഏട്ടനാണ് ആദ്യമായി ഒരു വാച്ച് തന്നത്. സത്യത്തില്‍ അത് എനിക്ക് ഇഷ്ടായില്ല. അതിന്റെ ഡയല്‍ നൂറ്റടപ്പന്‍ പോലെയുണ്ടായിരുന്നു. ഏട്ടനും അത് മറ്റെവിടെയോനിന്ന് ലഭിച്ചതായിരുന്നു. ഇത് വാസു എടുത്തോ എന്ന് പറഞ്ഞായിരുന്നു തന്നത്. പിന്നീട് ജോലി കിട്ടിയപ്പോഴാണ്  ഒരു വാച്ച് സ്വന്തമായി വാങ്ങിയത്. ഏത് കമ്പനിയാണെന്ന് ഓര്‍മയില്ല'- എം ടി പറഞ്ഞു നിര്‍ത്തി.

ആദ്യമായി പാന്റ്സ് ധരിച്ചത് എപ്പോഴാണെന്ന ചോദ്യവും എം ടിയെ ഭൂതകാലത്തിലേക്ക് വഴി നടത്തി. 'പൊതുവെ പാന്റ്സ് ഇടാന്‍ മടിയാണ്. ഫിന്‍ലാന്റില്‍ ലോക യുവജന സമ്മേളനത്തിന് പോയപ്പോഴായിരുന്നു പാന്റ്സ് ധരിച്ചതെന്നാണ് ഓര്‍മ. പി കെ വാസുദേവന്‍നായരായിരുന്നു യാത്ര നയിച്ചത്. കോഴിക്കോട് പോസ്റ്റ് ഓഫീസിനു സമീപത്ത് അന്ന് കോട്ടും പാന്റ്സും  മാത്രം തയ്ക്കുന്ന കടയുണ്ടായിരുന്നു. അവിടെനിന്നാണ് വസ്ത്രങ്ങള്‍ തയ്പിച്ചത്. ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് മുണ്ട് മാറ്റി പാന്റ്സ് ധരിച്ചത്.

സുധീഷിന് മറ്റൊരു കൌതുകം. എം ടി കണ്ട ആദ്യ സിനിമ ഏതായിരിക്കും? എം ടിക്ക് അതിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കുട്ടിയായിരുന്ന കാലത്ത് ചാവക്കാട്ടെ ഒരു തിയേറ്ററിലാണ് ആദ്യമായി സിനിമ കണ്ടത്. തമിഴ് പടമായിരുന്നു. അതില്‍ ഒരു രംഗം ഇപ്പോഴും മനസ്സിലുണ്ട്. രാജാവിനെ പരാതി ബോധിപ്പിക്കാന്‍ കൊട്ടാരത്തില്‍ ഒരു മണിയുണ്ടായിരുന്നു. പശു ആ മണിയടിക്കുന്നു. രാജാവിന്റെ തേരിന്റെ ചക്രത്തില്‍ കുടുങ്ങി അതിന്റെ കുട്ടി ചത്തിരുന്നു. ആ രംഗം എന്റെ മനസ്സില്‍നിന്നും ഇന്നും മാഞ്ഞിട്ടില്ല. മൂത്ത സഹോദരന്‍ അന്ന് ചാവക്കാട് ആയിരുന്നു താമസം. ഞങ്ങള്‍ അവിടെ പോയപ്പോഴായിരുന്നു സിനിമ കാണാനുള്ള അവസരം ലഭിച്ചത്.

ആദ്യമായി ക്യാമറ സ്വന്തമാക്കിയ കഥ ചോദിക്കാതെ തന്നെ എം ടി പറഞ്ഞു. 'കൊഡാക്ക് ക്യാമറയാണ് വാങ്ങിയത്. കുടുംബങ്ങളിലെ പ്രധാന മുഹൂര്‍ത്തങ്ങളും അവരുടെ ചിത്രങ്ങളുമായിരുന്നു ആദ്യമായി എടുത്തത്്. അച്ഛന്‍ പത്രം വായിക്കുന്ന ഒരു അപൂര്‍വ ചിത്രമുണ്ട്. അത് ഞാനെടുത്തതാണ്. അമ്മയ്ക്ക് എന്ന പുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ ഞാനെടുത്ത ചിത്രവും ഇതിലുണ്ട്'. എം ടിയുടെ ഓര്‍മകളും എഴുത്തുപോലെ സുന്ദരം.

പ്രധാന വാർത്തകൾ
 Top