23 July Tuesday

യാത്രയ്‌ക്ക്‌ ഒപ്പം കൂട്ടാം, ഗൂഗിൾ മാപ്പ്‌

നിഖിൽUpdated: Sunday Jun 16, 2019


വിവരങ്ങൾ തിരയാൻ ഗൂഗിൾ സർച്ച് എന്നത് പോലെയാണ് ഒരു വഴിക്ക് പോകാൻ നമുക്ക് ഗൂഗിൾ മാപ്പ് ആപ്പ്. ഈ സംഭവങ്ങൾ ഒന്നുമില്ലെങ്കിൽ  നമ്മളിൽ പലരുടെയും കാര്യം ആകെ അവതാളത്തിലാകും. ലോകത്തിന്റെ ഏത് മൂലയിലേക്കും വഴി തെറ്റാതെ പോകാൻ ധൈര്യം തരുന്ന ഗൂഗിൾ മാപ്‌സ്, ഇന്ത്യൻ ഉപയോക്താക്കളെ മനസ്സിൽ കണ്ട് കൊണ്ട് ചില പുതിയ ഫീച്ചറുകൾ ഇക്കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു.

പല നഗരങ്ങളിലെയും ബസ്സ് അടക്കമുള്ള പൊതുഗതാഗത സംവിധാനത്തെ ഗൂഗിൾ മാപ്പുകളിൽ നേരത്തെ തന്നെ കൊണ്ടുവന്നിരുന്നു. ബസ് യാത്രയുടെ ദൈർഘ്യം കണക്കാക്കുമ്പോൾ ട്രാഫിക്ക് കണക്കാക്കാതെ ബസ്സിന്റെ ഷെഡ്യൂൾ മാത്രം നോക്കിയായിരുന്നു യാത്രാ ദൈർഘ്യം ഗൂഗിൾ പ്രവചിച്ചിരുന്നത്. ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ഇനി ട്രാഫിക്ക് കൂടി നോക്കിയായിരിക്കും ഗൂഗിൾ ബസ്സ് യാത്രയുടെ ദൈർഘ്യം കണക്കാക്കുന്നത് ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ലഖ്നൗ, ചെന്നൈ, മൈസൂർ, കോയമ്പത്തൂർ, സൂറത്ത് എന്നീ നഗരങ്ങളിലാണ് ഈ പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ സേവനം ആദ്യമായി ലഭ്യമാക്കുന്ന രാജ്യം ഇന്ത്യയാണ്‌. കേരളത്തിലെ നഗരങ്ങളിലെ സിറ്റി ബസ്സ് സർവീസ് വിവരങ്ങൾ ഗൂഗിൾ മാപ്‌സിൽ ലഭ്യമല്ല. ടൂറിസ്റ്റുകൾക്ക് വലിയൊരു സൗകര്യം ആയേക്കാവുന്നതാണ്‌ ഈ സേവനം.

ഗൂഗിൾ കഴിഞ്ഞ വർഷം വാങ്ങിയ വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്പിലെ സാങ്കേതിക വിദ്യ അധിഷ്ഠിതമായാണ് മറ്റൊരു പുതിയ ഫീച്ചർ. തീവണ്ടികളുടെ ലൈവ് ആയിട്ടുള്ള സ്ഥാനം മനസ്സിലാക്കാൻ ഇനി ഗൂഗിൾ മാപ്‌സ് മതിയാകും.

വളരെ ലളിതമെന്നു തോന്നുന്ന ഇതുവരെ ഗൂഗിൾ എന്തുകൊണ്ട് അവതരിപ്പിച്ചില്ല എന്ന് നമുക്ക് തോന്നുന്ന ഫീച്ചർ ആണ് അടുത്തത്. മൾട്ടി മോഡ് ട്രാൻസ്‌പോർട്ട് എന്നതാണ് സംഭവം. ഉദാഹരണത്തിന് ബെംഗളൂരുവിൽനിന്ന് പുണെയിൽ എത്തണമെങ്കിൽ ബസ്സും  ഓട്ടോയും  തീവണ്ടിയും ടാക്‌സിയും ഒക്കെ പിടിച്ച് പോകാനുള്ള പ്ലാൻ തയ്യാറാക്കാൻ ഗൂഗിൾ ഓപ്‌ഷനുകൾ നിങ്ങളുടെ സ്‌ക്രീനിൽ കാണിക്കും.

യാത്രചെയ്യാൻ—അത് ചെറിയ യാത്രയാകട്ടെ, വിദേശത്തേക്കുള്ള യാത്രയാകട്ടെ—ഗൂഗിളിന്റെ മാപ്പ്സ് അടക്കമുള്ള ആപ്പുകളുടെ സഹായം തേടാൻ ഇനിയും കാരണങ്ങൾ വേണോ?


പ്രധാന വാർത്തകൾ
 Top