23 February Saturday

ഉമ്മൻചാണ്ടി കൂടുതൽ കുരുക്കിൽ

ഡി ദിലീപ‌്Updated: Wednesday May 16, 2018

കൊച്ചി > സോളാർ കമീഷൻ റിപ്പോർട്ട‌് തള്ളണമെന്ന ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ‌്  ഉമ്മൻചാണ്ടിയെ കൂടുതൽ കുരുക്കിലാക്കി. സരിത എസ‌് നായരുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കിയ ഹൈക്കോടതി, കമീഷന്റെ മറ്റെല്ലാ കണ്ടെത്തലും നിർദേശങ്ങളും ഫലത്തിൽ അംഗീകരിച്ചു. കമീഷന്റെ ഈ കണ്ടെത്തലുകൾക്ക‌് നിയമപരമായ സാധുതയും നൽകി.

അന്വേഷണ റിപ്പോർട്ടിന്മേൽ കത്തിനെ അടിസ്ഥാനപ്പെടുത്തിയത് ഒഴികെയുള്ള എല്ലാ കേസും അന്വേഷിക്കാനും നടപടി നടത്താനും സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന‌് പൂർണ അധികാരം  കോടതി നൽകി.  വിധിയുടെ 65‐ാം പേജിൽ കോടതി ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട‌്. ഇതോടെ ഉമ്മൻചാണ്ടിക്കെതിരായ കേസ‌്  പ്രത്യേക അന്വേഷണ സംഘത്തിന‌് അന്വേഷണം മുൻപിൻ നോക്കാതെ നടത്താൻ  കോടതിയുടെ അംഗീകാരവും ലഭിച്ചു.
 മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അദ്ദേഹത്തിന്റെ ഓഫീസ്, പേഴ്സണൽ സ്റ്റാഫ് ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ്, ഉമ്മൻചാണ്ടിയുടെ വിശ്വസ‌്തരായ കോൺഗ്രസ‌് നേതാക്കളായ മുൻ എംഎൽഎ ബെന്നി ബഹനാൻ, മുൻ എംഎൽഎകൂടിയായ കെപിസിസി സെക്രട്ടറി തമ്പാനൂർ രവി, ഡൽഹിയിലെ സഹായി തോമസ് കുരുവിള എന്നിവരെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സോളാർ തട്ടിപ്പ് ഇടപാടുകളിൽ പങ്കാളികളാണെന്ന ആരോപണം ശരിയാണെന്നായിരുന്നു കമീഷന്റെ പ്രധാന കണ്ടെത്തൽ. ഇത‌് കോടതിയും അംഗീകരിച്ചു.

ആഭ്യന്തര, വിജിലൻസ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഖേന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രിമിനൽബാധ്യതയിൽനിന്ന് ഒഴിവാക്കി എന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമവും നടത്തിയെന്നും കമീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് തിരുവഞ്ചൂരിന്റെ ഹർജിയും ഹൈക്കോടതി തള്ളിയത‌്. താൻ അധികാര ദുർവിനിയോഗം നടത്തി എന്ന കമീഷന്റെ പരാമർശം നീക്കണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യം തള്ളിയപ്പോൾ തിരുവഞ്ചൂർ സത്യപ്രതിജ്ഞാലംഘനം നടത്തി എന്ന ആരോപണമാണ‌് ശരിവയ‌്ക്കപ്പെട്ടത‌്.

 കൂടാതെ ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ആരോപണങ്ങളുടെയും തെളിവിന്റെയും ഫോൺവിളികളുടെ വിശദാംശങ്ങളിൽനിന്ന് കമീഷൻ കെ സി വേണുഗോപാലിനും സരിത എസ് നായർക്കും തമ്മിൽ  ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതും കോടതി തള്ളിയിട്ടില്ല.
മല്ലേലി ശ്രീധരൻ നായർ കോന്നി പൊലീസ് സ്റ്റേഷനിൽ നൽകിയ കേസിൽ  തുടരന്വേഷണം നടത്തുന്നതിനും ഉത്തരവ് തടസ്സമല്ല. മല്ലേലി ശ്രീധരൻ നായരിൽനിന്ന് ശേഖരിച്ച 40 ലക്ഷം രൂപയിൽനിന്ന് 32 ലക്ഷം ടീം സോളാർ യഥാർഥത്തിൽ ഉമ്മൻചാണ്ടിക്ക് കൊടുത്തെന്നും സരിത കമീഷന‌് മൊഴി നൽകിയിരുന്നു. ഈ വിഷയം അഴിമതി നിരോധ നിയമപ്രകാരം അന്വേഷിക്കാമെന്ന് കമീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇത‌് കോടതി തള്ളിയിട്ടില്ല. മുൻ എംഎൽഎ  എ പി അബ്ദുള്ളക്കുട്ടി സരിതയെ പീഡിപ്പിച്ചുവെന്നാരോപിച്ച‌്  തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലുള്ള കേസിലും  അന്വേഷണം തുടരാം.

സരിത  നായരുടെ കത്ത് അന്വേഷണപരിധിയിൽ വരുന്നതല്ല. അതിന്മേൽ ഉമ്മൻചാണ്ടിക്കും ആരോപണവിധേയർക്കും നോട്ടീസ് നൽകിയിട്ടില്ല. അതിനാൽ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളും റിപ്പോർട്ടിൽനിന്ന്  നീക്കുക മാത്രമാണ‌് കോടതി ചെയ‌്തത‌്. നാലു ഭാഗങ്ങളിലായി 1073 പേജുള്ളതാണ് അന്വേഷണ കമീഷൻ റിപ്പോർട്ട്. ഇതിൽ ഒന്നും രണ്ടും ഭാഗങ്ങളിൽ കത്ത് അനുബന്ധമായി ചേർത്തതും അതിന്മേൽ കമീഷൻ നടത്തിയിട്ടുള്ള പരാമർശങ്ങളും കേവലം 80 പേജ‌് മാത്രമാണുള്ളത്. ഇതെല്ലാം മറച്ചുവച്ചാണ് കമീഷൻ റിപ്പോർട്ടിന്റെ 800 പേജും സരിത എസ് നായരുടെ കത്തിനെ സംബന്ധിച്ചാണെന്ന പ്രചാരണം ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയത്.
കമീഷൻ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഇത് സരിത റിപ്പോർട്ട് ആണെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ആക്ഷേപിച്ചിരുന്നു.

പ്രധാന വാർത്തകൾ
 Top