22 September Sunday

ഈ മണ്ണിലുണ്ട്‌, മനോജിന്റെ 11 പ്രാണൻ

സി പ്രജോഷ് കുമാർUpdated: Thursday Aug 15, 2019


കവളപ്പാറ
ഒറ്റതാണ്ടി വീട്ടിൽ മനോജിന് നഷ്ടപ്പെട്ടത് ഒന്നും രണ്ടും പേരുടെ ജീവനല്ല. കുടുംബത്തിലെ 11 പേരെയാണ്. അതും പുഴയുടെ മറുകരയിൽ നിസ്സഹായനായി നോക്കിനിൽക്കെ. രക്ഷപ്പെടാൻ ഒപ്പം വിളിച്ചിട്ടും മല ചതിക്കില്ലെന്ന് വിശ്വസിച്ച് വീട്ടിൽ തങ്ങിയ ഉറ്റവരെയാണ് ഉരുളെടുത്തത്‌. കവളപ്പാറ ദുരന്തത്തിൽ ജീവൻ തിരിച്ചുകിട്ടിയ അപൂർവം പേരിൽ ഒരാളാണ് മനോജ്‌. ഇവർ താമസിച്ച  കോളനി ഒന്നാകെ ഉരുളെടുത്തു. 21 വീടുകൾ മണ്ണുവിഴുങ്ങി. പൂളപ്പാറ ഹയാത്തുൽ ഇസ്ലാം മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീരുണങ്ങാത്ത മുറിവുമായി ഈ യുവാവുണ്ട്‌, ദുരന്തത്തിൽ രക്ഷപ്പെട്ട കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻപോലുമാകാതെ തകർന്ന മനസ്സുമായി. 

വ്യാഴാഴ്ച  രാവിലെ വീടിന് ഇരുപുറവുമുള്ള ചോലയിൽ ശക്തമായ ഒഴുക്കുകണ്ടാണ് മനോജ്‌  ഭാര്യയേയും മക്കളെയും കൂട്ടി വീടുവിട്ടത്.  ജ്യേഷ്ഠന്മാരെയും മറ്റ്‌  കുടുംബങ്ങളെയും വിളിച്ചെങ്കിലും അവർ വരാൻ വൈകി. പുഴയുടെ മറുകര താണ്ടി ഇരുപത് മിനുട്ട് കഴിയുംമുമ്പേ ദുരന്തമെത്തി. വീടിന്‌ മുകളിലെ മുത്തപ്പൻമല ഒന്നാകെ കോളനിക്കുമുകളിൽ പതിക്കുമ്പോൾ  നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

ജ്യേഷ്ഠൻ പെരകൻ (55),  ഭാര്യ ചീര (45), മറ്റൊരു സഹോദരൻ ചന്ദ്രൻ (45), ചീരയുടെ സഹോദരൻ പാലൻ (50), മനോഹരന്റെ അമ്മയുടെ സഹോദരൻ ആനക്കാരൻ പാലൻ (60), മകൾ സുശീല (40), പേരമക്കളായ കാർത്തിക്, കമൽ, കിഷോർ, പാലന്റെ മറ്റൊരു മകൻ സുനിലിന്റെ ഭാര്യ ശാന്തകുമാരി, മകൻ ശരത് എന്നിവരെയാണ് ദുരന്തമെടുത്തത്. ഇതിൽ ആരുടെയും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.


പ്രധാന വാർത്തകൾ
 Top