17 October Thursday

നവതി നിറവ്

ആനന്ദ‌് ശിവൻUpdated: Saturday Jun 15, 2019

എഴുത്ത‌്  ആനന്ദ‌് ശിവൻ
ഫോട്ടോ കെ രവികുമാർ
വര   ദിനകരൻ

ഇടതുകവിളിൽ മൂക്കിനോട‌് ചേർന്ന‌് ചെറിയൊരു മുറിപ്പാടുണ്ട‌് എം എം ലോറൻസിന്റെ മുഖത്ത‌്. അഞ്ചാംവയസ്സിൽ പൊന്നാരിമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ മേശയ‌്ക്കുമുകളിൽ കയറി തൊട്ടുതലോടി നിന്ന തൂക്കുവിളക്ക‌് ചങ്ങലപൊട്ടി മുഖത്തുവീണതിന്റെ ബാക്കിപത്രം. അന്ന‌് ചോരയൊലിക്കുന്ന മുഖവുമായി നിന്ന തന്നെ ഇളയപ്പൻ എടുത്തുകൊണ്ടോടി ബോട്ടിൽ കയറ്റി എറണാകുളത്തെ ആശുപത്രിയിലെത്തിച്ചതും പുത്തൂരാൻ ഡോക്ടർ വച്ചുകെട്ടിയതുംമുതൽ ഒളിമങ്ങാത്ത ഓർമകൾ നിറഞ്ഞ ജീവിതം നവതിയുടെ നിറവിൽ എത്തിനിൽക്കുന്നു. രാഷ‌്ട്രീയകേരളത്തിന്റെ ചരിത്രവുമായി ചേർന്നുനിൽക്കുന്ന ആ ഓർമകളിൽ പലതിനും ഒരു കൊച്ചി ടച്ചുണ്ട‌്.

നോൺ ലീനിയർ സിനിമയുടെ തിരക്കഥപോലെയാണ‌് എം എം ലോറൻസ‌് പതിറ്റാണ്ടുകൾ നീണ്ട രാഷ‌്ട്രീയജീവിതം വിവരിക്കുക. സിനിമയിൽപ്പോലും കാണാൻ കഴിയാത്ത നാടകീയതകൾ നിറഞ്ഞ സംഭവബഹുലമായ ജീവിതം വേറെ ഏതുരീതിയിലാണ‌് വിവരിക്കുകയെന്ന‌് കേട്ടിരിക്കുന്നവർ ശരിവയ‌്ക്കും. കൂറ്റൻ തിരമാലയ‌്ക്കുപിന്നാലെ ചെറിയ ഏറ്റം എന്നപോലെ ഓരോ സംഭവത്തിനും പല  ഉപകഥകൾ, അനേകം കഥാപാത്രങ്ങൾ ഒക്കെ വന്നും പോയുമിരിക്കും. അപ്പോഴും പ്രധാന വിഷയത്തിൽനിന്ന‌് അകന്നുപോകില്ല. കടന്നുവരുന്ന കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ കൊച്ചിയിലെ സാധാരണക്കാരും പാർടി പ്രവർത്തകരും നേതാക്കളും മുൻ രാഷ‌്ട്രപതി ശങ്കർദയാൽ ശർമവരെയുണ്ടാകും. കർക്കശക്കാരനെന്ന‌് പലരും വിശേഷിപ്പിക്കുമ്പോഴും വലിപ്പച്ചെറുപ്പങ്ങളില്ലാതെ കാത്തുസൂക്ഷിച്ച സൗഹൃദങ്ങളുടെ മധുരം ഇടയ‌്ക്ക‌് വാക്കുകളിൽ കിനിയും.
 

അപ്പൻ എന്ന യുക്തിവാദി
യുക്തിവാദിയും പുരോഗമനാശയക്കാരനുമായിരുന്നു മാടമാക്കൽ അവിരാ മാത്തു. ഹൈസ‌്കൂൾവരെ പഠിച്ച, ധാരാളം വായിക്കുന്ന പ്രകൃതക്കാരൻ. തന്റെ സ്വഭാവരൂപീകരണത്തിൽ അപ്പന്റെ സ്വാധീനം വേണ്ടുവോളമുണ്ടെന്ന‌് എം എം ലോറൻസ‌്. ചെറുപ്പംമുതൽ ദൈവവിശ്വാസമുണ്ടായിരുന്നില്ല. മകൻ ഇംഗ്ലീഷ‌് പഠിച്ചിരിക്കണമെന്ന നിർബന്ധംകൊണ്ട‌് ഒന്നാംക്ലാസ‌് കഴിഞ്ഞതോടെ ലോറൻസിനെ സെന്റ‌് ആൽബർട‌്സ‌് സ‌്കൂളിലേക്ക‌് മാറ്റി. പക്ഷേ, ഒന്നാംക്ലാസിൽ ഇംഗ്ലീഷ‌് പഠിക്കാത്തതിനാൽ വീണ്ടും ഒന്നിൽത്തന്നെ ചേർത്തു. അക്കാലം സെന്റ‌് ആൽബർട‌്സിൽ കത്തോലിക്ക കുടുംബങ്ങളിലെ കുട്ടികൾക്ക‌് വേദപാഠ ക്ലാസ‌് നിർബന്ധമാണ‌്. പറ്റില്ലെന്നു പറഞ്ഞ ലോറൻസിനെ പുറത്താക്കി. നൂറുൾ ഇസ്ലാം സ‌്കൂളിൽ ചേർത്ത‌് അപ്പൻ മകന്റെ കൂടെനിന്നു. പത്തുവരെ അവിടെ പഠിച്ചു. പിന്നെ രാഷ‌്ട്രീയത്തിൽ സജീവമായി.

തലയിൽ വീണ തേങ്ങയും ദ്വാരകയിലെ മേൽമുണ്ടും
പഠനകാലത്ത‌് കൂട്ടുകാരുമായി വിശ്വാസത്തെച്ചൊല്ലി തർക്കിക്കുക പതിവ‌്. ഒരിക്കൽ അങ്ങനെ തർക്കവുമായി നടന്നുനീങ്ങുന്നതിനിടെയാണ‌് ലോറൻസിന്റെ തലയിൽ തേങ്ങ വീണത‌്. അവിശ്വാസിക്ക‌് കിട്ടിയ ശിക്ഷയായി കരുതിയ കൂട്ടുകാരുണ്ടായെങ്കിലും ലോറൻസ‌്  കുലുങ്ങിയില്ല. രാഷ‌്ട്രീയമായി എതിർചേരികളിൽ നിൽക്കുമ്പോഴും മുൻ രാഷ‌്ട്രപതി ശങ്കർദയാൽ ശർമയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു എം എം ലോറൻസ‌്. പാർലമെന്റിൽ ഒരുമിച്ച‌് പ്രവർത്തിച്ച കാലംമുതലുള്ള ബന്ധം എക്കാലവും സൂക്ഷിച്ചു. ഒരിക്കൽ ഇരുവരും ഉൾപ്പെട്ട സംഘം ഗുജറാത്ത‌് സന്ദർശിക്കുന്നു. ദ്വാരക ക്ഷേത്രത്തിൽ എത്തിയപ്പോൾ ഒരു മേൽമുണ്ടെടുത്ത‌് ലോറൻസിനെ പുതപ്പിച്ചുകൊണ്ട‌് ശർമയുടെ കമന്റ‌്‌–- ‘താനും കയറൂ, ആ പാപമൊക്കെ പോകട്ടെ’. പൊട്ടിച്ചിരിച്ചതല്ലാതെ മറുപടി നൽകിയില്ലെന്ന‌് ലോറൻസ‌്.

ചാണ്ടി വൈദ്യന്റെ മുട്ടലേഹ്യവും മട്ടാഞ്ചേരി വെടിവയ‌്പും
മറ്റൊരു കേസിൽ ഒളിവിലായിരിക്കെയാ‌ണ‌് ഇടപ്പള്ളി സ‌്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത‌് പ്രതിയാകുന്നത‌്. അതോടെ ഒളിവുജീവിതം നീണ്ടു. പക്ഷേ, ബോട്ട‌് ജെട്ടിക്കടുത്ത‌് കാനൻ ഷെഡ‌് റോഡിൽവച്ച‌് പൊലീസ‌് പിടിയിലകപ്പെട്ടു. രണ്ടാംലോക യുദ്ധകാലത്ത‌് പട്ടാളക്കാരുടെ ആശുപത്രിയായിരുന്ന പിൽക്കാലത്തെ പൊലീസ‌് ക്യാമ്പിനു നടുവിലെ ഡിഎസ‌്പി ഓഫീസിൽ കൊണ്ടുചെന്നതിന‌് തൊട്ടുപിന്നാലെ കൂട്ടുപ്രതി കെ സി മാത്യുവിനെയും എത്തിച്ചു. കൊന്നുകളയാനായിരുന്നു ആദ്യം പൊലീസുകാരുടെ ആലോചന. അറസ‌്റ്റിന്റെ ആഘോഷത്തിന‌് സീ വ്യൂ ഹോട്ടലിൽ ഒത്തുകൂടിയ പൊലീസുകാരിൽനിന്ന‌് വിവരമറിഞ്ഞ ഹോട്ടലുടമ ഇടപെട്ടു. യുവാക്കളെന്ന പരിഗണന കൊടുക്കണമെന്ന അഭ്യർഥന മാനിച്ച പൊലീസ‌് പക്ഷേ, ബ്രോഡ‌്‌വേ വഴി ഹൈക്കോടതിക്കടുത്തെ സബ‌്ജയിൽവരെ നിർത്താതെ മർദിച്ച‌് മൃതപ്രായരാക്കി. പിന്നീട‌് ജയിൽവാസം കഴിഞ്ഞിറങ്ങിയപ്പോൾ ‘കേട‌്’ തീർക്കാനുള്ള ചികിത്സയ‌്ക്ക‌് അപ്പൻതന്നെ ഏർപ്പാടാക്കി. ബന്ധുവായ ചാണ്ടി വൈദ്യൻ വക പച്ചവെള്ളമില്ലാത്ത ആറുദിവസത്തെ പഥ്യം. രാവിലെ മുട്ടയും ജീരകവും പഞ്ചസാരയും ചേർത്തുണ്ടാക്കിയ മുട്ടലേഹ്യം.  ഉച്ചയ്ക്ക‌ും രാത്രിയും ഉണക്കച്ചോറും വേവിച്ച ചേനയും. വെള്ളം തൊടാൻ പാടില്ല. ഏഴാംദിവസം പുളിയിലയും പച്ചമരുന്നുമിട്ട‌് തിളപ്പിച്ച വെള്ളത്തിൽ വൈദ്യൻതന്നെ കുളിപ്പിച്ചു. കുളി കഴിഞ്ഞ‌് ഉപ്പും നെയ്യും ചേർത്ത‌് കഴിച്ച കഞ്ഞിയുടെ സ്വാദ‌് ആറരപ്പതിറ്റാണ്ടിനിപ്പുറവും നാവിലുണ്ടെന്ന‌് ലോറൻസ‌്. അപ്പോഴും പഥ്യവും ചികിത്സയും തീർന്നില്ല. ഒരുമാസത്തെ ചികിത്സയിൽ സമ്പൂർണവിശ്രമമാണ‌് നിർദേശം. 15–-ാംദിവസം തൊട്ടടുത്ത മുറിയിൽ പരിഭ്രാന്തി നിറഞ്ഞ ശബ്ദത്തിൽ അമ്മാവൻ പേറുക്കുട്ടി അപ്പനോട‌് സംസാരിക്കുന്നത‌് കേട്ടതോടെ ചികിത്സയും പഥ്യവും അവിടെ നിന്നു. കൊച്ചിയിൽ വെടിവയ‌്പുണ്ടായെന്നും എത്രപേർ മരിച്ചെന്ന‌് അറിയില്ലെന്നുമായിരുന്നു അമ്മാവൻ പങ്കുവച്ച വിവരം. പിൽക്കാലം മട്ടാഞ്ചേരി വെടിവയ‌്പ‌് എന്നറിയപ്പെട്ട സംഭവത്തെക്കുറിച്ച‌് കേട്ടപാടെ കിട്ടിയ വള്ളത്തിൽ ലോറൻസ‌് മട്ടാഞ്ചേരിയിലെത്തി.കൊച്ചിയിൽ തുടങ്ങി കേരളത്തിൽ നിർത്തിയ വലി
വിദ്യാർഥി ഫെഡറേഷനിൽ സജീവമായ കാലംമുതൽ പുകവലി ശീലമാക്കി. മൂത്തസഹോദരൻ എബ്രഹാം മാടമാക്കൽമുതൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ മാധവമേനോൻവരെയുള്ളവർ സഹ വലിയൻമാരായി. പാസിങ‌് ഷോയും നമ്പർ ടെണ്ണും ബീഡിയുമെല്ലാം വിരലുകൾക്കിടയിൽ പുകഞ്ഞുതീർന്നു. ഇടയ‌്ക്കിടയ‌്ക്ക‌് ചുമയും കഫക്കെട്ടും കുറുകലും അലട്ടുമ്പോൾ വലിനിർത്തി മരുന്നുകഴിക്കും. വീണ്ടും തുടങ്ങും. പാർടി ഓഫീസ‌് സെക്രട്ടറിയായിരുന്ന ഇ ജി മേനോനുമായി പന്തയംവച്ച‌് പലതവണ വലിനിർത്തി. ആദ്യം തുടങ്ങുന്നയാൾ തോൽക്കുമെന്നാണ‌് പന്തയം. ഒരാൾ തുടങ്ങിയാൽ അടുത്തയാളും ഒരു സിഗരറ്റ‌് കത്തിച്ച‌് കൂടെക്കൂടും. അങ്ങനെയിരിക്കെ സഹോദരൻ അയ്യപ്പന്റെ മകൻ സുഗതൻ എംബിബിഎസ‌് പഠനം കഴിഞ്ഞ‌് ഹൗസ‌് സർജൻസിക്കായി എറണാകുളത്തെത്തി. ചുമയുടെയും കഫക്കെട്ടിന്റെയും കാര്യം പഴയ സുഹൃത്തായ സുഗതനോട‌് പങ്കുവച്ചത‌് സിഗരറ്റിന്റെ പുക ഊതിവിട്ടുകൊണ്ട‌്‌. വലി നിർത്തിയാൽ ചുമ മാറുമെന്നായി സുഗതൻ. എന്നാൽ, നിർത്തിയേക്കാമെന്നു തീരുമാനിച്ചു. 1956 ഒക‌്ടോബർ അവസാനവാരത്തിലെ കൂടിക്കാഴ‌്ചയ‌്ക്കുശേഷം കേരളപ്പിറവിദിനംമുതൽ വലി നിർത്തി. ആദ്യം ഒരാഴ‌്ചയെന്ന‌് മനസ്സിനെ വിശ്വസിപ്പിച്ചു. പിന്നീടിങ്ങോട്ട‌് ജീവിതം കത്തിനിന്നപ്പോഴും അതിൽനിന്ന‌് ഒരുതരിപോലും സിഗരറ്റിന്റെ തുമ്പത്തേക്ക‌് നീണ്ടിട്ടില്ല; ഇന്നുവരെ. അങ്ങനെ പുകവലിക്കാത്ത ലോറൻസിനും കേരളത്തിനും ഒരേപ്രായമെന്ന‌് കാലം അടയാളപ്പെടുത്തി. പുകവലി നിർത്തുന്നതിലോ മറ്റേതു കാര്യത്തിലോ ആകട്ടെ, എടുത്ത തീരുമാനം ലംഘിക്കുന്നത‌് സ്വയം പരാജയപ്പെടുത്തുന്നതിനു തുല്യമാണെന്നാണ‌് എം എം ലോറൻസിന്റെ പക്ഷം. ഒരുപാട‌് ചോദ്യങ്ങൾക്ക‌ുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്ന വാചകം.

അപ്പനും ഇ എം എസും
സ്വഭാവരൂപീകരണത്തിൽ അപ്പനെപ്പോലെ രാഷ‌്ട്രീയജീവിതത്തിൽ സ്വാധീനിച്ച വ്യക്തിയാരെന്ന ചോദ്യത്തിന‌്  ഇ എം എസ‌് എന്ന‌് ഉത്തരം പറയാൻ രണ്ടാമതൊന്ന‌് ആലോചിക്കേണ്ടിവന്നില്ല എം എം ലോറൻസിന‌്. ഇ എം എസിൽനിന്ന‌് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഇ എം എസ‌് പാർടി ജനറൽ സെക്രട്ടറിയായിരിക്കെ ഡൽഹിയിലെ വിയത‌്നാം എംബസിയിൽ ഒരു ചടങ്ങിലേക്ക‌് എംപിയായ എം എം ലോറൻസിന‌് ക്ഷണം കിട്ടി. ലോറൻസ‌് ഒപ്പം വന്നേ തീരൂ എന്ന‌് ശങ്കർദയാൽ ശർമ. വിയത‌്നാം കമ്യൂണിസ‌്റ്റ‌് പാർടിയും സിപിഐ എമ്മും ആശയപരമായി ചില എതിർപ്പുകൾ പുലർത്തുന്ന കാലമാണ‌്. ഇ എം എസിന്റെ അനുമതിയില്ലാതെ വരാൻ കഴിയില്ലെന്ന‌് ലോറൻസ‌് നിലപാടെടുത്തു. ശർമയുടെ നിർബന്ധത്തിന‌് വഴങ്ങി ഇ എം എസിനോട‌് കാര്യം അവതരിപ്പിച്ചപ്പോൾ അനുമതി കിട്ടി. പരിപാടിയിൽ പങ്കെടുക്കുകയും ചെയ‌്തു. എംപിയായിരിക്കെ ഇന്തോ–-ജിഡിആർ (ജർമൻ ഡെമോക്രാറ്റിക‌് റിപ്പബ്ലിക‌്) ഫ്രണ്ട‌്ഷിപ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയിലാണ‌് ആദ്യമായി എം എം ലോറൻസ‌് വിദേശത്ത‌് പോകുന്നത‌്–- കിഴക്കൻ ജർമനിയിലേക്ക‌്. അന്നും സംഘത്തിൽ ശങ്കർദയാൽ ശർമയുണ്ടായിരുന്നു. പിൽക്കാലത്ത‌് തിരുവനന്തപുരത്ത‌് സന്ദർശനത്തിനെത്തിയ ശർമയെ സന്ദർശിക്കാൻ പോയ ഇ എം എസ‌് ലോറൻസിനെ ഒപ്പംകൂട്ടാൻ മറന്നില്ല. അന്ന‌ു മൂവരും ഒരുമിച്ചെടുത്ത ചിത്രം കതൃക്കടവിലെ വീടിന്റെ സ്വീകരണമുറിയെ ഇന്നും അലങ്കരിക്കുന്നു.

പാലുകുടി നിർബന്ധം
വീട്ടിൽ പശുവിനെ വളർത്തിയിരുന്നതിനാൽ ചെറുപ്പത്തിൽ പാലുകുടിക്കണമെന്ന‌ത‌് നിർബന്ധമായിരുന്നു. രാഷ‌്ട്രീയപ്രവർത്തനത്തിൽ സജീവമായതോടെ താമസം പാർടി ഓഫീസുകളിലായി. പട്ടിണി നിറഞ്ഞ അക്കാലത്ത‌് രുചിയോടെ എന്തെങ്കിലും കഴിക്കണമെന്ന‌് തോന്നുമ്പോഴും ചെലവിന‌് കാശില്ലാതെ വരുമ്പോഴും പൊന്നാരിമംഗലത്തെ വീട്ടിലെത്തും. അമ്മയോട‌് കാശ‌് ചോദിച്ചുവാങ്ങും. അന്നും ഇന്നും മാംസാഹാരത്തോട‌് വലിയ താൽപ്പര്യമില്ല. വല്ലപ്പോഴും ആട്ടിറച്ചി കഴിക്കും. അതും നിർബന്ധമല്ല. മീൻവിഭവങ്ങൾ ഇഷ്ടമാണ‌്. 20 വർഷത്തോളം യോഗ ചെയ‌്തിരുന്നു. സംഘടനാപ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തേണ്ടിവന്നതോടെ യോഗ നിർത്തി. ഒന്നരവർഷംമുമ്പുവരെ നടക്കാൻ പോയിരുന്നു. ഇപ്പോഴും രാവിലെ അഞ്ചിന‌് ഉണരും. കുറച്ചുനേരം കണ്ണുതുറന്നു കിടക്കും. റേഡിയോ പ്രക്ഷേപണം തുടങ്ങുന്നതോടെ വ്യായാമം ആരംഭിക്കും. ഒരുമണിക്കൂറിലേറെ നീളും. രാവിലെ ഇഡ്ഡലി കഴിക്കും. ഉച്ചയ‌്ക്ക‌് അൽപ്പം ചോറും പച്ചക്കറി വിഭവങ്ങളും. മീൻകറിയുണ്ടെങ്കിൽ അതും. മിക്കവാറും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലാകും ഉച്ചഭക്ഷണം. രാത്രി പൊക്കാളി അരികൊണ്ടുള്ള കഞ്ഞി, ചുട്ട പപ്പടം, പച്ചക്കറി തോരൻ. രക്തസമ്മർദമോ പ്രമേഹമോ ഇല്ല. മധുരത്തിന‌് നിയന്ത്രണമില്ല. മിഠായിയും ലഡ്ഡുവുമൊക്കെ കഴിക്കുമെങ്കിലും അമിതമാകാതെ നോക്കും. സംസാരത്തിനിടെ കാണാനെത്തിയ പഴയ പരിചയക്കാരൻ പിറന്നാൾവിവരമറിഞ്ഞ‌് സ‌്നേഹപൂർവം സമ്മാനിച്ചത‌് പോപ്പിൻസ‌് മിഠായി. ഒരുമടിയും കൂടാതെ വാങ്ങി ഒരെണ്ണം നുണഞ്ഞുകൊണ്ട‌് വീണ്ടും മധുരമുള്ള ഓർമകളിലേക്ക‌് മടങ്ങി.

വരന്റെ എതിർപ്പും ഭൂരിപക്ഷത്തിന്റെ അംഗീകാരവും; വിവാഹം പള്ളിയിൽ

തെക്കേ ചെല്ലാനം പോളയിൽ കുടുംബത്തിലെ സണ്ണി എന്ന കമ്യൂണിസ്റ്റ‌് പാർടിക്കാരനെ തോപ്പുംപടി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌് ചെന്നെത്തിയത‌് എം എം ലോറൻസിന്റെ വിവാഹത്തിലാണ‌്. കമ്യൂണിസ‌്റ്റായതുകൊണ്ടാണ‌് മകനെ അറസ‌്റ്റ‌് ചെയ‌്തതെങ്കിൽ താനും കമ്യൂണിസ‌്റ്റാണെന്ന‌് സണ്ണിയുടെ അമ്മ സ‌്റ്റേഷനുമുന്നിൽ പ്രഖ്യാപിച്ചു. അതോടെ ആ കുടുംബം ‘കമ്യൂണിസ‌്റ്റ‌് കുടുംബം’ എന്ന‌് അറിയപ്പെട്ടു. കമ്യൂണിസ‌്റ്റ‌് പാർടി ജില്ലാ സെക്രട്ടറിയായിരുന്ന പി ഗംഗാധരൻ, സണ്ണിയുടെ കുടുംബത്തെ പാർടിക്ക‌് കൈവിടാൻ കഴിയില്ലെന്ന‌് നിലപാടെടുത്തു. കമ്യൂണിസ‌്റ്റ‌് കുടുംബമെന്ന പേരിൽ സണ്ണിയുടെ  സഹോദരി ബേബിയുടെ വിവാഹം മുടങ്ങുന്ന വിവരം പാർടി അറിഞ്ഞു.  എഐടിയുസി ഓഫീസ‌് സെക്രട്ടറി എസ‌് എൽ ജോസോ പാർടി ജില്ലാ കമ്മിറ്റി അംഗം എം എം ലോറൻസോ വിവാഹം കഴിക്കണമെന്ന‌് പി ഗംഗാധരൻ നിലപാടെടുത്തു. പാർടി പിന്തുണച്ചു. മൂത്തസഹോദരൻ വിവാഹം കഴിക്കാതെ തനിക്ക‌് വിവാഹം പറ്റില്ലെന്ന‌് ജോസ‌് നിലപാടെടുത്തതോടെ ലോറൻസിന്റെ ഊഴമായി. പള്ളുരുത്തി ഭാഗത്തെ നേതാവായ ഇ കെ നാരായണനെയും കൂട്ടി പെണ്ണുകണ്ടു. അപ്പനും ബന്ധുക്കളും പിന്നാലെ പെണ്ണിനെ കണ്ട‌് കല്യാണം ഉറപ്പിച്ചു. സണ്ണിയുടെ കമ്യൂണിസ‌്റ്റുകാരനല്ലാത്ത സഹോദരൻ ടോമി എതിർത്തു. അവസാനം പള്ളിയിൽ വിവാഹം നടത്തണമെന്ന ഉപാധിയോടെ ടോമി സമ്മതിച്ചു. അതിനുപക്ഷേ ലോറൻസിന‌് സമ്മതമല്ല. വീണ്ടും ജില്ലാ കമ്മിറ്റി കൂടി. സണ്ണിയുടെ കുടുംബത്തെ സഹായിക്കാൻ പള്ളിയിൽ വിവാഹം നടത്താമെന്ന‌് പാർടി കമ്മിറ്റിയിൽ ഭൂരിപക്ഷം നിലപാടെടുത്തു–- ലോറൻസിന്റെ എതിർപ്പ‌് തള്ളി. അതോടെ പള്ളിയിൽ നടത്താൻ തീരുമാനമായി. പക്ഷേ, അപ്പോൾ അടുത്ത പ്രശ‌്നം. ലോറൻസിന്റെ ഇടവകപ്പള്ളി വികാരി വിവാഹം നടത്താൻ വിസമ്മതിച്ചു.

കരിങ്ങാച്ചിറ യാക്കോബായ പള്ളിയിൽ വിവാഹം നടത്താൻ അനുവാദം കിട്ടി. അതിനും ഇടവക വികാരിയുടെ കത്ത‌് വേണം. പാപക്രിയക്ക‌് കൂട്ടുനിൽക്കുന്നതെങ്ങനെയെന്ന ചോദ്യമാണ‌് വികാരി കത്തായി നൽകിയത‌്. അതിനിടെ പാർടി കേസിൽപ്പെട്ട‌് വീണ്ടും ജയിലിലായി. തിരിച്ചുവന്ന‌ത‌് ഒമ്പതു മാസം കഴിഞ്ഞ‌്. അടുത്ത സുഹൃത്തായിരുന്ന പി ജെ ആന്റണി ഉൾപ്പെടെയുള്ളവരുമായി അങ്കമാലി ഭദ്രാസനം ബിഷപ്പിനെ കണ്ട് കാര്യം പറഞ്ഞു. തുടർന്ന‌് തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ 1959 മെയ‌് 25ന‌് വിവാഹം.

സമരപാതയിലെ നിത്യയൗവനം
വിദ്യാർഥി ഫെഡറേഷനിൽ തുടങ്ങിയ രാഷ‌്ട്രീയപ്രവർത്തനത്തിൽ 18–-ാംവയസ്സിൽ കമ്യൂണിസ‌്റ്റ‌് പാർടി അംഗമായി. അവിടെനിന്നിങ്ങോട്ട‌് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, എൽഡിഎഫ‌് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പാർലമെന്റ‌് അംഗം എന്നിങ്ങനെ ഏഴുപതിറ്റാണ്ടിലേറെ നീണ്ട രാഷ‌്ട്രീയജീവിതത്തിൽ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളുടെ പട്ടിക നീളുന്നു.

കൊച്ചിയിലെ അസംഘടിത തൊഴിലാളികളുടെ അവകാശബോധമുണർത്തി അവർക്കായി നിരവധി ട്രേഡ‌് യൂണിയൻ സംഘടനകൾ കെട്ടിപ്പടുത്തു. ഗുണ്ടകളെയും പൊലീസിനെയും എതിരിട്ട‌് തൊഴിലാളികളുടെ സമരങ്ങളിൽ മുൻനിരയിൽനിന്ന‌് അവരുടെ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമായി പോരാടി. പ്രായം 90ൽ എത്തുമ്പോഴും പോരാട്ടത്തിന്റെ യൗവനത്തുടിപ്പ‌് ഇന്നും നിലനിർത്തുന്നു. നിലവിൽ കൊച്ചിൻ പോർട്ട‌് ലേബർ യൂണിയൻ, നേവൽ ബേസ‌് സിവിൽ വർക്കേഴ‌്സ‌് യൂണിയൻ എന്നിവയുടെ ഭാരവാഹിയാണ‌്.

ആശയവിനിമയത്തിന്റെ പുതിയ ലോകത്തും എം എം ലോറൻസിനെ കാണാം. ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളും വർത്തമാനകാലത്തെ രാഷ‌്ട്രീയവും ചർച്ച ചെയ്യുന്ന കുറിപ്പുകളുമായി ഫെയ‌്സ‌്ബുക്കിൽ സജീവം.

മൈൽസ‌് ടു ഗോ ബിഫോർ ഐ സ്ലീപ്പ‌്
വാക്കുകളിൽ ഓർമകളുടെ കടൽ ഇരമ്പിമറിയുന്നതിനിടെ കമ്മിറ്റിയുടെ കാര്യം ഓർമിപ്പിക്കാൻ നേവൽ ബേസ‌് സിവിൽ വർക്കേഴ‌്സ‌് യൂണിയനിൽനിന്ന‌് ഫോൺവിളിയെത്തി. യൂണിയന്റെ പ്രസിഡന്റാണ‌്. ‘‘മൈൽസ‌് ടു ഗോ ബിഫോർ ഐ സ്ലീപ്പ‌്’’ എന്ന  റോബർട്ട‌് ഫ്രോസ‌്റ്റിന്റെ വിഖ്യാതമായ വരികളെ ഓർമിപ്പിക്കുംവിധം എം എം ലോറൻസ‌് യാത്ര തുടരുകയാണ‌്.


പ്രധാന വാർത്തകൾ
 Top