22 May Wednesday

മാറ്റണം, തൊഴിൽ സംസ്കാരവും

കെ പ്രേമനാഥ്Updated: Sunday May 13, 2018


തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട കേരളത്തെ വാർത്തെടുക്കാനാണ് തൊഴിൽ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ ശ്രമം. സംഘടിത ശേഷി തൊഴിലാളികൾക്ക് ഗുണകരമാവുമ്പോൾ തന്നെ അത് നാടിന്റെ വികസന മുന്നേറ്റത്തിന് തടസ്സമാവാൻ പാടില്ലെന്ന പക്ഷക്കാരനുമാണ് അദ്ദേഹം. പുതിയ തൊഴിൽ സംസ്കാരമാണ് സർക്കാരിന്റെ ലക്ഷ്യം. മിനിമം കൂലി 600 രൂപയിൽ എത്തിക്കാനാണ് ശ്രമം. ‘നോക്കുകൂലിയെന്ന് പറഞ്ഞ് മാധ്യമങ്ങൾ പരിഹസിച്ച  പ്രവണത മെയ് ഒന്ന് മുതൽ ഇല്ലാതായി. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഇതോടെ കേരളത്തിലെ തൊഴിലാളികൾക്കാകെ ചീത്തപ്പേരുണ്ടാക്കിയ ഒരു ദുശ്ശീലം്  ഇല്ലാതായി. മന്ത്രി ടി പി രാമകൃഷ്ണൻ സംസാരിക്കുന്നു.

മിനിമം വേതനം
രണ്ട് കൊല്ലം കൊണ്ട് 23 തൊഴിൽ മേഖലയിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി. 80 തൊഴിൽ മേഖലകൾ മിനിമം വേതന നിയമത്തിന്റെ പട്ടികയിൽ വരും. ഇതിൽ അഞ്ച് വർഷം പൂർത്തിയായവയാണ് പുതുക്കിയത്. സ്വകാര്യ ആശുപത്രി കളിലെ ജീവനക്കാർക്കും ആയിരക്കണക്കിന് നഴ്സുമാർക്കും ഇതിന്റെ ഗുണം ലഭിക്കും . ആശുപത്രി ജീവനക്കാർക്ക് മിനിമം 18,000രൂപയും നഴ്സുമാർക്ക് മിനിമം 20,000 രൂപയും ശമ്പളം കിട്ടും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

ആവാസ്’ പദ്ധതി
കേരളത്തിലെ എല്ലാ തൊഴിൽ രംഗത്തും ഇതര സംസ്ഥാനത്ത് നിന്നുള്ളവർ സജീവമാണ്. എന്നാൽ മാന്യമായ ജീവിത സാഹചര്യം ഉണ്ടായിരുന്നില്ല. ജോലിക്കിടയിൽ മരിച്ചാൽ പോലും ഒരാനുകൂലൃവും ലഭിച്ചില്ല. അവരെ സഹായിക്കാൻ സർക്കാർ തയ്യാറാക്കിയതാണ് ‘ആവാസ്’ പദ്ധതി. തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് റജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. 2,30,000 പേർ ഇതിനകം റജിസ്റ്റർ ചെയ്തു. ഇവർക്ക് ‘ആവാസ്’ പ്രകാരം രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പരിരക്ഷയും 15,000 രൂപയുടെ സൗജന്യ ചികിത്സാ സഹായവും ലഭിക്കും. ഇവർക്കായി ഫെസിലിറ്റേഷൻ സെന്ററുകൾ പെരുമ്പാവൂരിലും തിരുവനന്തപുരത്തും തുടങ്ങി. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. തൊഴിലാളികളെ കുറഞ്ഞ ചിലവിൽ താമസിപ്പിക്കാനായി ‘അപ്നാഘർ’ എന്ന പദ്ധതിക്കും രൂപം നൽകി. ഇതിലാദ്യത്തേത് കഞ്ചിക്കോട് പണി പൂർത്തിയായി.

ക്ഷേമ പെൻഷനുകൾ
ഈ സർക്കാർ വന്ന ശേഷം എല്ലാ ക്ഷേമ പെൻഷനുകളും 600 രൂപയിൽ നിന്ന് 1100 രൂപയായി വർധിപ്പിച്ചു. ഇത് കുടിശിക സഹിതം പൂർണ്ണമായി നൽകി.  കയർ, തോട്ടം, കശുവണ്ടി, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി പൂട്ടിക്കിടക്കുന്ന എല്ലാ രംഗത്തെയും തൊഴിലാളികൾക്ക് ധന സഹായവും അരിയും വിതരണം ചെയ്തു.

നൈപുണ്യ
മാറി വരുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് യുവജനങ്ങളെ സജ്ജരാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമാണ് നൈപുണ്യ’എന്ന പേരിൽ തുടർച്ചയായ പരിശീലന പരിപാടി. ഗവേഷണ സംരംഭങ്ങളും നൂതന ആശയങ്ങളും പരിപോഷിപ്പിക്കാനും ശ്രമം നടത്തും.

തൊഴിലാളി ശ്രേഷ്ഠ
വിവിധ രംഗത്തെ മികച്ച തൊഴിൽ സ്ഥാപനങ്ങൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പുരസ്കാരം നൽകും. ഇതോടൊപ്പം മികച്ച തൊഴിലാളിയെ കണ്ടെത്തി ‘തൊഴിലാളി ശ്രേഷ്ഠ’അവാർഡും നൽകും. മെച്ചപ്പെട്ട തൊഴിലാളിതൊഴിലുടമാ ബന്ധം വളർത്തിയെടുക്കാനാണിത്.

മദ്യനയം
മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് സർക്കാർ നയം. മദ്യത്തിനെതിരെ ബോധവൽക്കരണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ‘വിമുക്തി’ പദ്ധതിക്ക് രൂപം നൽകി. പഞ്ചായത്തുകളിലെ വാർഡ് തലം വരെ ഇതിന്റെ കമ്മിറ്റികളുണ്ട്. സ്കൂൾ കോളേജുകളിലെല്ലാം ലഹരി വിരുദ്ധ സ്ക്വാഡുകളുണ്ട്. അതേസമയം കഞ്ചാവ്, മയക്കുമരുന്ന് , വ്യാജമദ്യം എന്നിവക്കെതിരെ ശക്തമായ നടപടികളും തുടങ്ങി. രണ്ട് വർഷത്തിനകം 39,913 അബ്കാരി കേസുകളെടുത്തു. യുഡിഎഫ് ഭരിച്ച അഞ്ച് വർഷം  4880 മയക്കുമരുന്ന് കേസുകൾ പിടിച്ചപ്പോൾ രണ്ട് വർഷം കൊണ്ട് 9064 കേസുകൾ പിടികൂടാൻ ഈ സർക്കാരിനായി. എക്സൈസ് ഓഫീസുകളിലും ഇതനുസരിച്ച് ജീവനക്കാരെ നിയമിച്ചു. ചെക്ക് പോസ്റ്റുകൾ ആധുനികവൽക്കരിച്ചു. സുപ്രീം കോടതി വിധി പ്രകാരം നേരത്തെ പൂട്ടിയ ബാറുകളും മറ്റും അനുകൂല വിധിയുണ്ടായപ്പോൾ തുറന്നതല്ലാതെ ഈ സർക്കാർ മുൻകൈ എടുത്ത് ഒന്നും കേരളത്തിൽ തുറന്നിട്ടില്ല.

പ്രധാന വാർത്തകൾ
 Top