24 June Monday

തിളയ‌്ക്കുന്ന മധുര ചുവക്കുമെന്നുറപ്പ‌്

അഭിവാദ്‌Updated: Saturday Apr 13, 2019മധുര
വെന്തുരുകുകയാണ് മധുര. 40 ഡിഗ്രിയാണ് താപനില. കൊടുംചൂട‌് മാത്രമല്ല, ‘വറചട്ടിയിൽനിന്നും എരിതീയിലേക്കെറിയുന്ന' ഭരണകൂട നയങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. ബിജെപി സർക്കാർ ഒരിക്കൽക്കൂടി അധികാരത്തിലെത്തിയാൽ ജീവിതം ദുസ്സഹമാകുമെന്ന തിരിച്ചറിവ‌് ഓരോ വോട്ടർക്കുമുണ്ട‌്. ബിജെപിയുടെ കൂടെ ചേർന്ന എഐഎഡിഎംകെക്കെതിരായ ഭരണവിരുദ്ധവികാരവും ശക്തം. ബിജെപി-–-എഐഎഡിഎംകെ സഖ്യത്തിനെതിരെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ സിപിഐ എം സ്ഥാനാർഥി സു വെങ്കടേശൻ മധുരയിൽ മാറ്റത്തിനു വഴിതെളിക്കാനുള്ള പോരാട്ടത്തിലാണ്.

കുടിവെള്ളമാണ‌് മധുരയിലെ പ്രധാന പ്രശ്നം. വെള്ളത്തിനായി വഴക്ക‌് സാധാരണമാണെന്ന് ഭാരതീപുരം കോളനിയിലെ വീട്ടമ്മ വിജയലക്ഷ്മി പറയുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കോർപറേഷൻ ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. ഒരു ദിവസത്തേക്കു പോലും തികയില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നവർക്കു മാത്രമേ ഇത്തവണ വോട്ട് നൽകൂ-വെന്ന‌് അവർ പറഞ്ഞു. എംപിയും എംഎൽഎയും പ്രാദേശികഭരണവും എഐഎഡിഎംകെയാണ‌്. 

കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുമെന്നാണ‌് സു വെങ്കിടേശന്റെ  പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനം. ഇത‌് മുൻനിർത്തി വോട്ടർമാരെ നേരിൽക്കണ്ട‌്  പ്രശ്നങ്ങൾ തൊട്ടറിഞ്ഞാണ‌് പ്രചാരണം. നല്ല റോഡ് വേണം, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം- തുടങ്ങിയ ആവശ്യങ്ങളെല്ലാം പരിഹരിക്കുമെന്ന സ്ഥാനാർഥിയുടെ ഉറപ്പ‌് ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നു. ഓരോ സ്വീകരണസ്ഥലത്തും ജനപങ്കാളിത്തം കൂടിവരുന്നത‌് സു വെങ്കിടേശന്റെ വർധിക്കുന്ന സ്വീകാര്യതയുടെ തെളിവാണ‌്.

നോട്ടുനിരോധനവും ജിഎസ്ടിയും നേരിട്ട് ആഘാതമേൽപ്പിച്ച ചെറുകിട വ്യവസായ- വ്യാപാരമേഖലയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ‌്.  സീലിങ് ഫാനിന്റെ കൊളുത്തും മറ്റ് ഇരുമ്പ് ഉൽപ്പന്നങ്ങളും നിർമിക്കുന്ന അബ്ദുള്ളയ്ക്കും പറയാനുള്ളത‌് ഇതുതന്നെ. ഇരുമ്പുവില 20 ശതമാനം വർധിച്ചതും 18 ശതമാനം ജിഎസ്ടിയും ചേർന്നതോടെ താങ്ങാനാകാത്ത ഭാരമാണ് തലയിൽ. സാധാരണക്കാരെ ദ്രോഹിക്കാനാണോ മോഡി സർക്കാർ അധികാരത്തിലിരിക്കുന്നത്? –-അബ്ദുള്ള ചോദിക്കുന്നു. ഗ്രാമീണമേഖലയിലും അസംതൃപ്തി പ്രകടം. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ‌് അവതാളത്തിലാണ‌്. വേതനം കൃത്യസമയത്ത് ലഭിക്കാത്തതും. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതും ജീവിതം ദുസ്സഹമാക്കുന്നു.

സിറ്റിങ‌് എംപി എഐഎഡിഎംകെയുടെ ആർ ഗോപാലകൃഷ്ണനെ ജയിച്ചുപോയ ശേഷം മണ്ഡലത്തിൽ കണ്ടിട്ടില്ല. അതിനാലാണ് ഇത്തവണ അദേഹത്തെ മാറ്റി വി വി ആർ രാജ് സത്യനെ  സ്ഥാനാർഥിയാക്കിയത്.  ടി ടി വി ദിനകരന്റെ പാർടിയായ എഎംഎംകെ സ്ഥാനാർഥിയായി കെ ഡേവിഡ് അണ്ണാദുരൈ മത്സരിക്കുന്നതും എഐഎഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. പരാജയഭീതിയിൽ വർഗീയതയും അപകീർത്തി പ്രചാരണവുമാണ് അവസാനത്തെ അടവായി പയറ്റുന്നത്. സു വെ ഹിന്ദുവിരുദ്ധനാണെന്ന് വരുത്തിത്തീർക്കാനാണ‌്  ശ്രമം. അദ്ദേഹത്തിന്റെ പേരിൽ വ്യാജവാർത്ത പ്ര‌ചരിപ്പിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീനിവാസിനെതിരെ കേസെടുത്തിട്ടുണ്ട്.

മധുര സെൻട്രൽ, നോർത്ത്, ഈസ്റ്റ്, സൗത്ത്, വെസ്റ്റ്, മേലൂർ എന്നീ ആറ് നിയമസഭാ മണ്ഡലങ്ങളിലായി ആകെ 15,20,728 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ വർഗ-ബഹുജന സംഘടനകളുടെ സ്വാധീനവും ഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണയും ചേരുമ്പോൾ മുമ്പും സിപിഐ എം സ്ഥാനാർഥികളെ പാർലമെന്റിലേക്കയച്ചിട്ടുള്ള മധുര ചുവക്കുമെന്നുറപ്പാണ്.


പ്രധാന വാർത്തകൾ
 Top