29 October Thursday

ദുരന്തവേളകളിൽ കാവലായി ഫ്യൂഷൻ റൂമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


തിരുവനന്തപുരം
ദുരന്തവേളകളിൽ കേരളത്തിന്റെ കണ്ണും കാതുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ മുന്നോട്ട്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ വിശകലനം ചെയ്തും ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാനും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയും ഫ്യൂഷൻ റൂം  മാസങ്ങളായി  പ്രവർത്തനത്തിലാണ്‌.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ചു മുതൽ ആരംഭിച്ചതാണ്‌ ഫ്യൂഷൻ റൂം. ദുരന്തനിവാരണ അതോറിറ്റിയിലെ വിശകലനവിദഗ്‌ധരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ചാണ്‌ പ്രവർത്തനം.  മുൻവർഷത്തെ പ്രളയത്തിന്റെ അനുഭവത്തിൽ അതീവ ജാഗ്രതയോടെയാണ് ഈ വർഷം ഫ്യൂഷൻ റൂം സജ്ജമാക്കിയത്.  ജൂൺ ഒന്നു മുതൽ ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയ്‌ക്കായിരുന്നു മേൽനോട്ടം.  മഴ കനത്തതോടെ കെ എസ് ഇ ബി, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്  തുടങ്ങിയ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. കാലാവസ്ഥാ നിരീക്ഷകർ, ജിയോളജിസ്റ്റുകൾ, ഹൈഡ്രോളജിസ്റ്റ്, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങി ഓരോ മേഖലയിലെയും വിദഗ്‌ധരാണ് ഇവിടെ ഡാറ്റ ശാസ്ത്രീയമായി വിശകലനം ചെയ്ത് മുന്നറിയിപ്പ്‌ നൽകുന്നത്‌.

കേരളത്തിലുടനീളമുള്ള മഴ മാപിനികളിൽ നിന്നുള്ള വിവരങ്ങളും കേന്ദ്ര ജലകമീഷന്റെ മുന്നറിയിപ്പും ആധാരമാക്കി  നദിയിലെയും ഡാമുകളിലെയും ജലനിരപ്പും ഇവിടെ വിലയിരുത്തും. ഇവിടെ നിന്നാണ്‌ ഡാമുകൾ തുറക്കുന്നതിനും നദീതീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുമുള്ള അറിയിപ്പുകൾ നൽകുന്നത്.

ദുരന്തങ്ങൾ വാർത്താ വിനിമയ സൗകര്യങ്ങളെ ബാധിക്കുന്ന ഘട്ടമുണ്ടായാൽ പ്രയോജനപ്പെടുത്താൻ വി-സാറ്റ്, ഇമ്രാസാറ്റ് തുടങ്ങിയ ഉപഗ്രഹ അധിഷ്ഠിത വിനിമയ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന്‌ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ  മേധാവി ഡോ.  ശേഖർ എൽ കുര്യാക്കോസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top