26 August Monday

അവരവിടെയുണ്ട്‌...

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


കവളപ്പാറ
കരഞ്ഞുകലങ്ങിയ കണ്ണിൽ കാഴ്ചകൾ മങ്ങുമ്പോഴും മുത്തപ്പൻ മലയുടെ മുകളിലേക്കുള്ള നോട്ടം പിൻവലിക്കാനാകുന്നില്ല സുമോദിന്. ചെളിയും കല്ലും മരവും കൂടിക്കുഴഞ്ഞ ചതുപ്പിനുള്ളിൽ തെരച്ചിൽ നടത്തുന്നവരിലേക്ക് നീങ്ങുകയാണ് ആ യുവാവിന്റെ കണ്ണുകൾ. അനുജൻ സുമേഷും അടുത്തുണ്ട്‌. മണ്ണുമൂടിയ വീട്ടിനുള്ളിൽ അവരുടെ അമ്മയും അച്ഛനും ഉണ്ട്,  കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ സങ്കടക്കാഴ്ചകൾ ഇങ്ങനെയൊക്കെയാണ്.

നാവോലിപറമ്പിൽ സുമോദിന് ബംഗളൂരുവിൽ നൂൽപ്പുട്ട് കച്ചവടമാണ്. ദുരന്ത വാർത്തയറിഞ്ഞ് ശനിയാഴ്ച രാവിലെ നാട്ടിലെത്തിയതാണ്. മണ്ണിനടിയിലായ അച്ഛൻ സുകുമാരനെയും അമ്മ രാധാമണിയെയും കണ്ടെത്തുന്നത്‌ കാത്ത്‌ അടിവാരത്ത് നിൽക്കുകയാണയാൾ.

അപകട ദിവസം സുമേഷ്‌ വീട്ടിലുണ്ടായിരുന്നു.  ഭാര്യയെയും രണ്ടുമക്കളെയും സുമോദിന്റെ ഭാര്യയെയും രണ്ടുമക്കളെയും സുമേഷാണ് അവരവരുടെ വീടുകളിലാക്കിയത്.

തിരിച്ച് വന്ന സുമേഷ് തോട് നിറഞ്ഞതറിഞ്ഞ് കാണാൻ താഴ്‌വാരത്തേക്ക്‌ വന്നു. അൽപ്പസമയത്തിനകം എല്ലാംകഴിഞ്ഞു. സുമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്‌.


പ്രധാന വാർത്തകൾ
 Top