13 July Monday

സുഗന്ധം പൊഴിക്കും വയനാടൻ‌ കാപ്പി

പി ഒ ഷീജ‌Updated: Tuesday May 12, 2020


കൽപ്പറ്റ
ഒരു കിലോ നെസ്‌ കഫേക്ക്‌ 2375 രൂപ. ബ്രൂക്ക്‌ ബോണ്ടിന്‌ 1800. വയനാടൻ കുന്നുകളിൽ വിളയുന്ന കാപ്പിപ്പൊടിക്ക്‌ കർഷകന്‌ കിട്ടുന്ന വില 200 രൂപയിൽ താഴെ മാത്രം. ഈ ചൂഷണത്തിൽനിന്ന്‌ കർഷകരെ രക്ഷിച്ച്‌ അവർക്ക്‌ ‌വരുമാനവും തൊഴിലും ഉറപ്പാക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. ബ്രഹ്മഗിരി ഡെവലപ്‌മെന്റ്‌ സൊസൈറ്റിയാണ്‌ കാപ്പി സംഭരണത്തിലൂടെ‌ കോവിഡ്‌ കാലത്തെ ഭക്ഷ്യസുരക്ഷയ്‌ക്കും കാർഷിക അതിജീവനത്തിനും അടിത്തറ പാകുന്നത്‌. ബ്രഹ്മഗിരി ഫാർമേഴ്‌സ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‌കാപ്പി കർഷക ഫെഡറേഷൻ രൂപീകരിച്ചാണ് കാപ്പിക്ക്‌ സ്ഥിരവിലയും വിപണിയും ഉറപ്പാക്കുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം വെങ്ങപ്പള്ളി പഞ്ചായത്തിലെ കർഷകരിൽനിന്ന്‌ കാപ്പി സംഭരിച്ച് സി കെ ശശീന്ദ്രൻ നിർവഹിച്ചു. വിപണിയിൽ ഒരു കിലോ കാപ്പിക്കുരുവിന്‌ 67 രൂപ മാത്രം ലഭിക്കുമ്പോൾ ബ്രഹ്മഗിരി 70 രൂപയ്‌ക്കാണ് സംഭരിക്കുന്നത്‌. ഈ കാപ്പി സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്‌തും വയനാടൻ കോഫിയെന്ന ബ്രാൻഡിൽ പൊടിയാക്കി വിപണിയിലിറക്കും‌.  മിച്ചം കർഷകർക്ക്‌ പിന്നീട്‌ അധികവിലയായി നൽകും.

വിത്തുമുതൽ വിപണിവരെ ഇടപെട്ട്‌ കർഷകർക്ക്‌ സ്ഥിരവരുമാനവും തൊഴിലും ലഭ്യമാക്കുന്ന നിരവധി പദ്ധതികളാണ്‌‌ ബ്രഹ്മഗിരി നടപ്പാക്കുന്നത്‌. ആറു വർഷംകൊണ്ട്‌  85 കോടി രൂപ വിറ്റുവരവാണ്‌ സൊസൈറ്റി കൈവരിച്ചത്‌.

മലബാർ മീറ്റ്‌
ബ്രഹ്മഗിരി മലബാർ മീറ്റ്‌ കർഷകരുടെയും തൊഴിലാളികളുടെയും ഉടമസ്ഥതയിലുള്ള വൻകിട മാംസ സംസ്‌കരണ ഫാക്ടറിയാണ്‌. ആറു വർഷംകൊണ്ട്‌ 49 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി‌. നെന്മേനി പഞ്ചായത്തിലെ മഞ്ഞാടിയിലാണ്‌ പ്രവർത്തിക്കുന്നത്.‌ കർഷകർക്ക്‌ പോത്തിൻകുഞ്ഞുങ്ങൾ, ആട്ടിൻകുട്ടികൾ എന്നിവയെ വിതരണം ചെയ്‌ത്‌ ഇരട്ടിയിലധികം തുക നൽകി തിരിച്ചെടുക്കുന്നു. തിരികെ ലഭിക്കുന്ന ഉരുക്കളെ സംസ്‌കരിച്ച്‌ മാംസവും മൂല്യവർധിത ഉൽപ്പന്നങ്ങളുമാക്കി വിപണനം ചെയ്യുന്നു. മിച്ചം കർഷകർക്കു തന്നെ വീതിച്ചുനൽകുന്നു. വയനാട്‌, കോഴിക്കോട്‌, കണ്ണൂർ, എറണാകുളം, മലപ്പുറം, പാലക്കാട്‌ ജില്ലകളിലായി  മലബാർ മീറ്റിന്‌ 70 ഔട്ട്‌‌ലെറ്റുണ്ട്‌.

കേരള ചിക്കൻ പദ്ധതി
കർഷകർക്ക്‌ ആദായവില ഉറപ്പുനൽകി വ്യാവസായിക കോഴിവളർത്തൽ ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നു. വയനാട്‌, മലപ്പുറം, കണ്ണൂർ, കോഴിക്കോട്‌,  പാലക്കാട്‌, കാസർകോട്‌  ജില്ലകളിലായി 88 ഫാമുകളാണ്‌ നിലവിലുള്ളത്‌.  പൊള്ളാച്ചിയിൽ സ്വന്തമായി ബ്രീഡർഫാമും മലപ്പുറത്ത്‌ ഏഴ്‌ ലൈവ്‌ ഔട്ട്‌ലെറ്റുമുണ്ട്‌.
മണ്ണ്‌ ജലസംരക്ഷണപ്രവർത്തനങ്ങൾ, നെൽക്കൃഷി, നടീൽവസ്‌തു വിതരണം തുടങ്ങി കർഷക അതിജീവനത്തിനായി നിരവധി പ്രവർത്തനങ്ങളാണ്‌ ബിഡിഎസ്‌ നടത്തിവരുന്നത്‌.


പ്രധാന വാർത്തകൾ
 Top