20 March Wednesday

മാലിന്യം ഇനി വൈദ്യുതി

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Apr 12, 2018


നഗരവൽകരണവും ഉപഭോഗസംസ്കാരത്തിന്റെ വ്യാപനവും സൃഷ്ടിച്ച ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യങ്ങളുടെ കുന്നുകൂടൽ. ഖരമാലിന്യങ്ങളുടെ ആരോഗ്യകരമായ സംസ്കരണം ‘ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം തലവേദനയായി മാറിയിട്ട് ഏതാനും ദശകങ്ങളായി. ഭക്ഷ്യാവശിഷ്ടങ്ങൾ അടക്കമുള്ള ജൈവവസ്തുക്കൾ, പ്ലാസ്റ്റിക്, മരം, ഗ്ലാസ്, കടലാസ്, വിവിധ രാസവസ്തുക്കൾ തുടങ്ങി പലവിധ മാലിന്യങ്ങളുടെ കൂമ്പാരമാണ് മാലിന്യങ്ങൾ തള്ളുന്ന പ്രദേശങ്ങളിൽ എത്തുന്നത്. ഇവയുടെ വിഘടനം പരിസരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും ഭൂഗർഭജലത്തെയും മലിനമാക്കുകയും വ്യാപകമായ ആരോഗ്യപ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നു.   മാലിന്യങ്ങളുടെ ആരോഗ്യകരമായ സംസ്കരണം ഇന്ന് ഏറ്റവും കൂടുതലായി പഠനമർഹിക്കുന്ന, നൂതന ശാസ്ത്രീയരീതികൾ ആവശ്യപ്പെടുന്ന മേഖലകൂടിയാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കേരളത്തിലെ ആദ്യത്തെ പദ്ധതിക്കു തുടക്കമിടുമ്പോൾ‘ മാലിന്യത്തിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തെക്കുറിച്ച്‌ അറിയാം.

വിവിധതരം മാലിന്യങ്ങൾ
വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നെല്ലാമുള്ള ജൈവ, അജൈവ മാലിന്യങ്ങളെയെല്ലാം ചേർത്താണ് ഖരമാലിന്യങ്ങൾ എന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. വികസിതരാജ്യങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനാൽ പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങളാണ് പ്രധാനമായും മാലിന്യപ്പറമ്പുകളിൽ എത്തുന്നത്. എന്നാൽ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്ന പതിവില്ലാത്തതിനാൽ കേരളത്തിലെ ഖരമാലിന്യങ്ങൾ ജൈവ‐അജൈവ വസ്തുക്കൾ കൂടിക്കലർന്നതാണ്. ഇത് മാലിന്യസംസ്കരണത്തെ കൂടുതൽ പ്രയാസമുള്ളതാക്കുന്നു. ‘ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, കരിയിലകളും സസ്യാവശിഷ്ടങ്ങളും തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജൈവമാലിന്യങ്ങൾ. ഇവയെ കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവവഴി എളുപ്പത്തിൽ വളമോ ഊർജമോ ആക്കി മാറ്റാനാവും. കടലാസ്, കാർഡ്ബോർഡ്, ചില്ലുപാത്രങ്ങളും കുപ്പികളും, ലോഹങ്ങൾ, തുണികൾ, ചിലയിനം പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളിൽപ്പെടുന്നു. കൃത്യമായി വേർതിരിച്ച് ശേഖരിച്ചാൽ ഇവയെ സംസ്കരിച്ച് ഉപയോഗിക്കാനാവും. മൊബൈൽഫോൺ, കംപ്യൂട്ടർ, ഗൃഹോപകരണങ്ങൾ, ബൾബുകൾ തുടങ്ങിയവയാണ് ഇലക്ട്രോണിക്‐ഇലക്ട്രിക്കൽ മാലിന്യങ്ങളിൽ ഉൾപ്പെടുന്നത്. അപകടകരമായ രാസവസ്തുക്കൾ, പെയിന്റ്, ഫ്ളൂറസന്റ് ബൾബുകൾ, സ്പ്രേ കുപ്പികൾ, ബാറ്ററികൾ, ടയർ, ആശുപത്രി അവശിഷ്ടങ്ങൾ തുടങ്ങിയവയൊക്കെ അപകടകരമായ മാലിന്യങ്ങളാണ്. ഇവയെ പ്രത്യേകമായി സംസ്കരിക്കേണ്ടതുണ്ട്. പുനരുൽപ്പാദനം നടത്താനാകാത്ത പ്ലാസ്റ്റിക്കുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ കാലങ്ങളോളം വിഘടിക്കാതെ മണ്ണിൽ അവശേഷിച്ച് ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഇവയെ പരിസ്ഥിതിക്ക് ഹാനികരമല്ലാതെ സംസ്കരിക്കാൻ സഹായിക്കുന്നു എന്നിടത്താണ് മാലിന്യത്തിൽനിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന സംവിധാനങ്ങളുടെ പ്രധാന പ്രസക്തി.

മാലിന്യത്തിൽനിന്ന് ഊർജോൽപ്പാദനം
അങ്കവും കാണാം താളീം ഒടിക്കാം എന്ന പഴഞ്ചൊല്ലുപോലെയാണ് മാലിന്യത്തിൽനിന്നുള്ള ഊർജോൽപ്പാദനം.  രൂക്ഷമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഖരമാലിന്യങ്ങളെ സംസ്കരിക്കുന്നതിനൊപ്പംതന്നെ ഇത് ഊർജപ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന് ആശ്വാസംപകരുകകൂടി ചെയ്യുന്നു. ഖരമാലിന്യങ്ങൾ കാര്യമായ വേർതിരിക്കൽ കൂടാതെ ഊർജോൽപ്പാദനത്തിന് ഉപയോഗിക്കാം എന്നതും ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രധാനമാണ്. ഇവയെ കത്തിച്ച് കിട്ടുന്ന താപം ഉപയോഗിച്ച് വെള്ളത്തെ ചൂടാക്കി നീരാവിയാക്കി മാറ്റി ടർബൈനുകൾ കറക്കിയോ, കത്തിക്കുമ്പോൾ കിട്ടുന്ന വാതകങ്ങളെ ഇന്ധനമായി ഉപയോഗിച്ചോ ആണ് പൊതുവേ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഗ്യാസിഫിക്കേഷൻ, പൈരോളിസിസ്, തെർമൽ ഡീപോളിമറൈസേഷൻ  തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ മാലിന്യത്തിൽനിന്നുള്ള ഊർജോൽപ്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്.

നൂതന മാലിന്യ ഊർജ പ്ലാന്റുകളിൽ ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. ഖരമാലിന്യങ്ങളെ കത്തിക്കാതെതന്നെ കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ എന്നിവയുടെ മിശ്രിതമായ സിൻഗ്യാസ് അഥവാ പ്രൊഡ്യൂസർ ഗ്യാസ് ആക്കി മാറ്റുന്ന പ്രക്രിയയാണ് ഗ്യാസിഫിക്കേഷൻ. ഖരമാലിന്യത്തിന്റെ വ്യാപ്തം 90 ശതമാനത്തോളം കുറയ്ക്കുന്നതിനൊപ്പം ഊർജോൽപ്പാദനവും നടക്കുന്നു. 700 ഡിഗ്രി സെൽഷ്യസിനുമുകളിലുള്ള ഉയർന്ന ഊഷ്മാവിൽ ഓക്സിജൻ, നീരാവി എന്നിവയുടെ നിയന്ത്രിത ധാര ഉപയോഗിച്ചുള്ള രാസപ്രവർത്തനങ്ങൾവഴിയാണ് ഇത് സാധ്യമാക്കുന്നത്. മാലിന്യങ്ങൾ നേരിട്ട് കത്തിക്കുന്നതിനെക്കാൾ ഉയർന്ന ഊർജക്ഷമത പ്രൊഡ്യൂസർ ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുമ്പോൾ ലഭിക്കും. ഇത് ഗ്യാസ് ടർബൈനുകളിൽ നേരിട്ട് ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മാത്രമല്ല, മലിനീകരണം ഉണ്ടാക്കാത്ത ഫ്യുവൽ സെല്ലുകളിൽ ഇന്ധനമായി ഉപയോഗിക്കാനുമാകും. സിൻഗ്യാസിനെ രാസപ്രക്രിയകൾവഴി കൂടുതൽ ഊർജക്ഷമമായ ദ്രവ ഇന്ധനങ്ങളാക്കി മാറ്റാനും സാധിക്കും. ഊർജോൽപ്പാദനപ്രക്രിയക്കൊടുവിൽ ലഭിക്കുന്ന ഖര അവശിഷ്ടം റോഡ്, റെയിൽ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. 

ഗ്യാസിഫിക്കേഷന്റെ ഫലമായി ഉണ്ടാകുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ ചാരം പുറത്തെത്തുന്നില്ല എന്ന് പ്ലാന്റുകൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇവയെ അരിപ്പസഞ്ചികളിൽ ശേഖരിച്ച് മാലിന്യപ്പറമ്പുകളിലെത്തിച്ച് സുരക്ഷിതമായി സംസ്കരിക്കേണ്ടതുണ്ട്. അമ്ലാംശമുള്ള വാതകങ്ങളെ ക്ഷാരസ്വഭാവമുള്ള കാത്സ്യം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡിൽ ആഗിരണം ചെയ്ത് നിർവീര്യമാക്കുകയും വേണം. നൈട്രജൻ അടങ്ങിയ വാതകങ്ങൾ, ആരോഗ്യത്തിന്‌ ദോഷകരമായ ഡയോക്സേൻ എന്നിവയെ നിർവീര്യമാക്കാനും പ്രത്യേക സംവിധാനങ്ങൾ വേണം..  ഖരമാലിന്യസംസ്കരണം പ്രധാനപ്പെട്ട സാമൂഹ്യപ്രശ്നമാകുന്ന കാലത്ത് മാലിന്യത്തിൽനിന്ന് ഊർജം എന്ന ആശയത്തിന്‌ പ്രസക്തി വർധിക്കുകയാണ്‌. മലിനീകരണവും പരിമിതികളും ഒഴിവാക്കി പദ്ധതിയുടെ സാധ്യതകൾ ഉപയോഗിക്കുക എന്നതാണ്‌ പ്രധാനം.

പ്രധാന വാർത്തകൾ
 Top