11 August Tuesday

നെയ്ചേന, തൃക്കാർത്തിക കാച്ചിൽ.... തങ്കമണി സ്‌പെഷ്യൽ സൂപ്പറാ

സജി തടത്തിൽUpdated: Monday May 11, 2020


ചെറുതോണി
അടച്ചുപൂട്ടലിന്റെ ഒന്നരമാസം  ജൈവഗ്രാമിന്റെ രണ്ടരയേക്കർ മണ്ണിൽ വിളവുകളുടെ പൂക്കാലമാണ്‌. വിത്തുഗുണം പത്തുഗുണമാക്കിയ നെയ്ചേനയും തൃക്കാർത്തിക കാച്ചിലും കെഎസിഎസ്എസ്എ ചേമ്പും എല്ലാമിവിടെ തഴച്ചുവളർന്നു. ഔഷധഗുണത്തോടൊപ്പം മികച്ചവിളവ് ലഭിക്കുന്ന മഹിമാ ഇഞ്ചി, മാർദ്ദ ഇഞ്ചി റെമിജിഒ മഞ്ഞൾ, പ്രതിഭ മഞ്ഞൾ എന്നിവയ്ക്കൊപ്പം നാടനും തനതുമായ നിരവധി പച്ചക്കറികളും കിഴങ്ങുകളുമായി വ്യത്യസ്‌തതകളുടെ കാർഷിക പരീക്ഷണങ്ങളായിരുന്നു ജൈവഗ്രാമിൽ.

തങ്കമണിയിലെ രണ്ടരയേക്കറിലാണ് സഹകരണ സംഘം പ്രസിഡന്റ് സി വി വർഗീസിന്റെയും സെക്രട്ടറി വി കെ കമലാസനന്റെയും  നേതൃത്വത്തിൽ പച്ചക്കറി കൃഷി. ഉയർന്ന വിളവുലഭിക്കുന്ന പുതിയ ഇനം വിത്തുകളാണ് ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത്‌ ക്ഷാമം ഉണ്ടാകാതിരിക്കാൻ കിഴങ്ങ് കൃഷിയും പച്ചക്കറി കൃഷിയും വ്യാപിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുകയാണ് സൊസൈറ്റി. ഒരേക്കറിൽ മരച്ചീനി വളരുന്നുണ്ട്. ഒന്നരയേക്കറോളം സ്ഥലത്ത് മഴമറയിലും അല്ലാതെയും പച്ചക്കറി തൈകൾ. പയർ, പാവൽ , വഴുതന, തക്കാളി,  വെണ്ട, ക്യാബേജ്, ക്യാരറ്റ്, മുളക്, ബീൻസ് പടവലം, മത്തൻ, കുമ്പളം തുടങ്ങി എല്ലാറ്റിനുമൊപ്പം 200 ചേനകളും കൃഷിചെയ്തിട്ടുണ്ട്.

വൈദ്യുതി ബോർഡിന്റെ ചെറുതോണിയിലെ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാനും ജൈവഗ്രാം സംഘത്തിന് ആലോചനയുണ്ട്. ഗ്രോബാഗിൽ ഒരു മാസം പ്രായമായ പച്ചക്കറി തൈകൾ പിടിപ്പിച്ച് ക്വാർട്ടേഴ്സുകളിലും വീടുകളിലും നൽകുന്ന സംരംഭത്തിനും ജൈവഗ്രാം തുടക്കംകുറിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top