20 September Friday

തകർന്നടിഞ്ഞ്‌ പുത്തുമല

വി ജെ വർഗീസ‌്Updated: Saturday Aug 10, 2019

വയനാട്‌ പുത്തുമലയിൽ മണ്ണിടിഞ്ഞ സ്ഥലത്ത്‌ അകപ്പെട്ട കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നു


മേപ്പാടി
നിമിഷനേരംകൊണ്ട്‌ എല്ലാം അവസാനിച്ചു. തോട്ടം തൊഴിലാളികളുടെ താമസസ്ഥലമായ പാഡിയും ക്ഷേത്രവും മുസ്ലിം പള്ളിയും പോസ്‌റ്റ്‌ ഓഫീസും തൊഴിലാളികളുടെ ക്ലബ്ബും ക്യാന്റീനും മണ്ണിനടിയിലായി. വീടുകൾ ഒലിച്ചുപോയി. ഒന്നിന്റെയും അവശിഷ്ടം പോലുമില്ലാതെ പുത്തുമലയും പച്ചക്കാടും. വയനാട്‌ മേപ്പാടി പഞ്ചായത്തിലെ ഈ രണ്ടു പ്രദേശങ്ങളും ഉരുളിൽ തകർന്നടിഞ്ഞു.

വനമേഖലയോടുചേർന്ന പച്ചക്കാട്ടിലാണ്‌ ഉരുൾപൊട്ടിയത്‌. പച്ചക്കാടിന്റെ താഴ്‌വാരമാണ്‌ പുത്തുമല. കിലോമീറ്ററോളം ദൂരത്തിൽ കൂറ്റൻപാറകളും മരത്തടികളും കുത്തിയൊലിച്ചെത്തി. പ്രദേശവാസികൾക്ക്‌ സ്ഥലം തിരിച്ചറിയാൻ പോലുമായില്ല. രക്ഷപ്പെട്ടവർ ഉറ്റവരെ തേടിയലഞ്ഞു. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ ഒന്നു തെരയാൻ പോലുമാകാതെ അവർ കണ്ണീർ വാർത്തു.

മേപ്പാടി ചൂരൽമല റോഡും മുറിഞ്ഞ്‌ വേർപ്പെട്ടു. യാത്രക്കാരുൾപ്പെടെ കാറുകൾ ഒലിച്ചുപോയി. മലയോര ഹൈവേയ്‌ക്കായുള്ള  സാധനസാമഗ്രികളും മണ്ണിനടിയിലായി.  പച്ചക്കാട്‌ ഭാഗത്തെ കുടുംബങ്ങളെ വ്യാഴാഴ്‌ച രാവിലെത്തന്നെ പുത്തുമല ഗവ. എൽപി സ്‌കൂളിലേക്ക്‌   മാറ്റിയിരുന്നു. ചുരുക്കം ചിലരേ  പ്രദേശത്ത്‌ ഉണ്ടായിരുന്നുള്ളൂ. രാവിലെ ആളുകളെ മാറ്റാൻ മുമ്പിലുണ്ടായിരുന്നവരിൽ ചിലർ മറ്റാവശ്യങ്ങൾക്കായി വീണ്ടും ഇവിടെ എത്തിയപ്പോഴായിരുന്നു ഉരുൾപൊട്ടൽ.

ഡാമുകൾ തുറന്നു
തിരുവനന്തപുരം
വൈദ്യുതി ബോർഡിന്റെ ലോവർപെരിയാർ, ഹെഡ് വർക്സ് മൂന്നാർ, കല്ലാർകുട്ടി, ഇരട്ടയാർ, കല്ലാർ,  കക്കയം, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ജലവിഭവ വകുപ്പിന്റെ  കാരാപ്പുഴ, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, മങ്കലം, വാളയാർ, മലങ്കര എന്നീ ഡാമുകൾ തുറന്നുവിട്ടു.

രക്ഷാപ്രവർത്തനത്തിന്‌ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കരസേനാ  യൂണിറ്റുകളെയും വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രതിരോധ സേന സർവീസിനെയും നിയോഗിച്ചു. ഇടുക്കിയിലും മലപ്പുറത്തും ആർമി മദ്രാസ് റജിമെന്റാണുള്ളത്‌. ഭോപാലിൽ നിന്ന് ഡിഫൻസ് എൻജിനീയറിങ്‌ സർവീസും ഉടൻ എത്തും.

സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി വിലയിരുത്തുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു.

 


പ്രധാന വാർത്തകൾ
 Top