24 November Tuesday

ആനത്താരകൾ അടഞ്ഞു; ഭീതി പരക്കുന്നു

ജോഷി അറയ്‌ക്കൽUpdated: Friday Oct 9, 2020


കോതമംഗലം
പരമ്പരാഗത ആനത്താരകൾ അടഞ്ഞതോടെ കാട്ടാനകൾ കൂട്ടമായി ജനവാസമേഖലകളിലേക്ക്. ഇടമലയാർ, കുട്ടമ്പുഴ, തട്ടേക്കാട്, ഭൂതത്താൻകെട്ട്, തുണ്ടം   വനമേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിക്കുടികൾ ഭീതിയിലാണ്. 


 

കഴിഞ്ഞദിവസം ഭൂതത്താൻകെട്ട്–-ഇടമലയാർ റോഡിൽ കാട്ടാനക്കൂട്ടം യാത്രക്കാരെ വിറപ്പിച്ചിരുന്നു. മുമ്പ്‌ വേനൽക്കാലത്തായിരുന്നു ഇവയുടെ വിഹാരമെങ്കിൽ, ഇപ്പോൾ മഴക്കാലത്തും റോഡിലുണ്ട്‌. റോഡിന്റെ വശങ്ങളിലെ നീർച്ചാലുകളിൽ അവ തങ്ങുന്നു.

ഇടമലയാർ–-തുണ്ടം റോഡിലെ ചക്കിമേട്ടിൽ ആറോളം കാട്ടാനക്കൂട്ടം  ഭീതിവിതച്ചിരുന്നു.  ഇടമലയാർ അണക്കെട്ടിനുമുകളിലുള്ള താളുകണ്ടം, പൊങ്ങൻചുവട് ആദിവാസി കോളനി നിവാസികൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗംകൂടിയാണിത്.   തട്ടേക്കാട്, തുണ്ടം കുടിയേറ്റമേഖലകളിലെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കപ്പയും പൈനാപ്പിളും വാഴക്കൃഷിയും ആനക്കൂട്ടം നശിപ്പിക്കുന്നു. വനംകൈയേറ്റവും ഉൾക്കാടുകളിലെ ഭക്ഷണ–-ജല ദൗർലഭ്യവുമാണ്‌ ആനകൾ ഇറങ്ങാൻ കാരണം.

ഡോ. ആർ സുഗതൻ
(തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പക്ഷിശാസ്ത്രജ്ഞൻ)  

ആവാസവ്യവസ്ഥയിലെ വ്യതിയാനവും കാട്ടാനകളുടെ എണ്ണത്തിലെ വർധനയും ഉൾക്കാടുകളിലെ പരമ്പരാഗത ആനത്താരകൾ അടഞ്ഞതുമാണ് കാരണം. ഒരു ആനയ്‌ക്ക് ശരാശരി 250 ലിറ്റർ ജലവും 250 കിലോ ഭക്ഷണവും ലഭ്യമാകണമെന്നാണ് കണക്ക്. 25.16 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ള തട്ടേക്കാട് വനത്തിൽ കഴിഞ്ഞ എലിഫന്റ്‌ സെൻസസ്  പ്രകാരം ഉദ്ദേശം 39 ആനകളുണ്ട്‌. മുമ്പ്‌ 14 ആനകളാണ് ഉണ്ടായിരുന്നത്‌.

പി കെ തമ്പി
(കോതമംഗലം ഫോറസ്റ്റ് റെയിഞ്ച്‌‌ ഓഫീസർ)

കാട്ടാനകളെ തടയുന്നതിനും നിരീക്ഷിക്കുന്നതിനും തട്ടേക്കാട് കൂട്ടിക്കൽ ഭാഗത്ത് ഏറുമാടം സ്ഥാപിച്ചു‌. നാല് ഫോറസ്റ്റ് വാച്ചർമാൻമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌.

ആന്റണി ജോൺ എംഎൽഎ
കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വൈദ്യുതി കമ്പിവേലികൾ (സോളാർ ഫെൻസിങ്‌) സ്ഥാപിച്ചുവരികയാണ്. തുണ്ടം വനാന്തരത്തിൽനിന്ന് പെരിയാർ നീന്തിക്കടന്നാണ് കാട്ടാനകൾ തട്ടേക്കാട്ട്‌ എത്തുന്നത്.
ഇതിന്റെ ഭാഗമായി തട്ടേക്കാട് പെരിയാർ തീരത്ത് ഒരുകിലോമീറ്ററോളം സോളാർ ഫെൻസിങ്‌ സ്ഥാപിച്ചെന്നും രണ്ടു കിലോമീറ്ററിന്റെ പണി പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top