20 February Wednesday

'ചെ'യുടെ വഴിയിലൂടെ

ഡോ. എന്‍ ജെ നടരാജന്‍Updated: Monday Oct 9, 2017

ക്യൂബന്‍ വിപ്ളവത്തിന്റെ ഈറ്റില്ലം ഹവാനയല്ല. സാന്താ ക്ളാരയ്ക്കാണ് ആ ബഹുമതിക്ക് അര്‍ഹത. ഈ ഭൂഗോളത്തിന്റെ എല്ലായിടത്തുനിന്നും പോരാട്ടത്തിന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ജനലക്ഷങ്ങള്‍ എത്തുന്ന കേന്ദ്രമാണ് ചെയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ഇവിടം. ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ 50-ാം വര്‍ഷത്തില്‍, 2017 മേയിലാണ് ഞങ്ങളുടെ ക്യൂബ സന്ദര്‍ശനം. ഏണസ്റ്റോ ചെ ഗുവേരയുടെ സാന്താ ക്ളാരയിലെ മുസോളിയം സന്ദര്‍ശിക്കാതെ ഒരു വിപ്ളവപഠനയാത്രയും പൂര്‍ണമാകില്ല. ചെ ജനിച്ച് തന്റെ ബാല്യവും കൌമാരവും ചെലവിട്ട അര്‍ജന്റീനയും അന്ത്യനാളുകളിലെ ബൊളീവിയയും ഞാന്‍ കണ്ടുകഴിഞ്ഞിരുന്നു. പക്ഷേ, ചെ ആരായിരുന്നു എന്നറിയണമെങ്കില്‍ ക്യൂബ സന്ദര്‍ശിക്കുകതന്നെ വേണം.

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍നിന്ന് 270 കിലോമീറ്ററും ഞങ്ങള്‍ താമസിക്കുന്ന സിയെന്‍ ഫ്യൂഗോസില്‍നിന്ന് 70 കിലോമീറ്ററും അകലെയാണ് വില്ല ക്ളാര പ്രോവിന്‍സിലെ സാന്താ ക്ളാര. ഞങ്ങളുടെ ആതിഥേയരായ എസ്തേറിന്റെയും ബെഞ്ചമിന്റെയും കാറിലാണ് യാത്ര. യാത്ര പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് എസ്തേര്‍ ഒരു നോട്ടെടുത്ത് നീട്ടിയത്. ക്യൂബയുടെ ദേശീയ കറന്‍സി പെസോ. അതില്‍ ചെയുടെ ചിത്രം. നാട്ടുകാര്‍ക്ക് ചെയോടുള്ള സ്നേഹവായ്പ് തൊട്ടറിഞ്ഞ അനേകം നിമിഷങ്ങളിലൊന്ന്.

സാന്താ ക്ളാര ക്യൂബയുടെ വിപ്ളവതലസ്ഥാനമാണ്. അങ്ങോട്ടുള്ള യാത്രയില്‍ റോഡരികിലെമ്പാടും വിപ്ളവത്തെ പ്രകീര്‍ത്തിക്കുന്ന ചെയുടെയും ഫിദലിന്റെയും ചിത്രങ്ങളോടുകൂടിയ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍. പ്രധാന നിരത്തില്‍നിന്ന് സാന്താ ക്ളാര നഗരത്തില്‍ പ്രവേശിക്കാതെതന്നെ ചെയുടെ സ്മാരകത്തിലെത്താം. നഗരഹൃദയത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ, ഒരു കുന്നിന്‍മുകളില്‍ നഗരത്തെ നോക്കിനില്‍ക്കുകയാണത്. ഹോസെ ഡിലേറ എന്ന ശില്‍പ്പിയുടെ മനസ്സില്‍ വിരിഞ്ഞ രൂപമാണ് 1988ല്‍ പണിതീര്‍ത്ത സ്മാരകം. മുകളില്‍ 22 അടി ഉയരത്തില്‍ തോക്കുധാരിയായി സൈനികവേഷത്തില്‍ നില്‍ക്കുന്ന ചെയുടെ വെങ്കലപ്രതിമ. അടുത്തുള്ള ഭിത്തിയില്‍ ചെയുടെ വിപ്ളവകഥ. ഒരു കൊളാഷ് പോലെ മനോഹരമായ ചിത്രീകരണം. സിയേറ മെയിസ്ട്രയില്‍നിന്ന് സാന്താ ക്ളാരയിലേക്കുള്ള ചെയുടെ ലോങ് മാര്‍ച്ചും ക്യൂബന്‍ സ്വേച്ഛാധിപതി ബാറ്റിസ്റ്റയുടെ പതനവുമൊക്കെ മിഴിവാര്‍ന്ന ചിത്രങ്ങളില്‍. സ്മാരകത്തിനുമുന്നില്‍ ഹവാനയിലെ റവല്യുഷന്‍ പ്ളാസപോലെ വിശാലമായ അങ്കണം. അറ്റത്തുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകളില്‍ ചെയെക്കുറിച്ചുള്ള ഫിദലിന്റെ പ്രശസ്ത വാചകങ്ങള്‍. ചത്വരത്തിന് അതിരെന്നോണം ഇരുവശത്തും ക്യൂബയുടെ ദേശീയവൃക്ഷമായ റോയല്‍ പാം പനകള്‍ ആകാശം മുട്ടുമാറ് വളര്‍ന്നുനില്‍ക്കുന്നു. സ്മാരകത്തിന് താഴെ, പുറകുവശത്തുകൂടി പ്രവേശിക്കുന്ന രീതിയിലാണ്, ചെയുടെ ശവകുടീരവും കെടാവിളക്കും സംവിധാനം ചെയ്തിരിക്കുന്നത്.

ക്യൂബന്‍ വിപ്ളവത്തിലെ നിര്‍ണായക വഴിത്തിരിവാണ് സാന്താ ക്ളാരയിലെ യുദ്ധം. ആ യുദ്ധത്തിലെ തോല്‍വിയാണ്, ബാറ്റിസ്റ്റയുടെ പതനത്തിനും നാടുവിടലിനും വഴിവച്ചത്. ആ യുദ്ധം നയിച്ചതു പക്ഷേ, ഫിദലായിരുന്നില്ല. സിയേറ മിയസ്ട്രാ പര്‍വതനിരകളില്‍നിന്ന് 300 വിപ്ളവകാരികള്‍ അടങ്ങുന്ന എട്ടാം കോളത്തെ സാന്താ ക്ളാരയിലേക്ക് നയിച്ച് വിജയശ്രീലാളിതരായതിന്റെ മുഴുവന്‍ ക്രെഡിറ്റും ചെയ്ക്ക് അവകാശപ്പെട്ടതാണ്. 1958 ഡിസംബര്‍ 31നായിരുന്നു ആ വിപ്ളവത്തിന്റെ പരിസമാപ്തി. കൃത്യം 11 ദിവസത്തിനുശേഷം ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഫിദല്‍ ഹവാനയില്‍ പ്രവേശിച്ച് ക്യൂബയുടെ അധികാരം ഏറ്റെടുത്തു. ചെയുടെ രണഭൂമിയായിരുന്ന സാന്താ ക്ളാരയിലല്ലാതെ മറ്റേത് സ്ഥലത്താണ് അദ്ദേഹത്തിന്റെ സ്മാരകം നിര്‍മിക്കേണ്ടത്. 1988ല്‍ ക്യൂബന്‍ സര്‍ക്കാര്‍ സാന്താ ക്ളാരയില്‍ ചെ സ്മാരകം പണിയുമ്പോള്‍ അതില്‍ ഇന്ന് കാണുന്നതെല്ലാം ഉണ്ടായിരുന്നു; ഒന്നൊഴിച്ച്- അത് ചെയുടെ ശവക്കല്ലറയായിരുന്നു.

1965ല്‍ ചെ ക്യൂബ വിട്ടു. പിന്നീട് അറിയുന്നത് 1967 ഒക്ടോബര്‍ ഒമ്പതിന് ബൊളീവിയയില്‍വച്ച് വധിക്കപ്പെട്ടു എന്നാണ്. അമേരിക്കയുടെ പിന്തുണയുള്ള ബൊളീവിയന്‍ സൈന്യം ഒക്ടോബര്‍ എട്ടിന് ചെയെ തെക്കുകിഴക്കന്‍ ബൊളീവിയയില്‍ അമേരിന്ത്യക്കാര്‍ താമസിക്കുന്ന ലാ ഹിഗ്യുറ ഗ്രാമത്തില്‍നിന്ന് പിടികൂടി തൊട്ടടുത്ത സ്കൂള്‍ക്കെട്ടിടത്തില്‍ തടവിലാക്കി. പിറ്റേദിവസം ബൊളീവിയന്‍ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം ആ വിപ്ളവനക്ഷത്രത്തെ, നിസ്സാരമായി വെടിവച്ചുകൊന്നു. മൃതദേഹം ബൊളീവിയയില്‍തന്നെയുള്ള വല്ലേ ഗ്രാന്‍ഡെയില്‍ എത്തിച്ചു. ചെ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന് കൈപ്പത്തികള്‍ വെട്ടിമാറ്റിയശേഷം വല്ലേ ഗ്രാന്‍ഡെയില്‍ എവിടെയോ ആറ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുഴിച്ചുമൂടി. കൈപ്പത്തികള്‍ പിന്നീട് ചെയുടെ ജന്മനാടായ അര്‍ജന്റീനയിലേക്ക് കൊണ്ടുപോയി.

മൂന്നുപതിറ്റാണ്ട് കഴിഞ്ഞ് 1995ല്‍ ഈ കുഴിമാടങ്ങള്‍ കണ്ടെത്തി. ചെയുടെയും  സഹഗറില്ലകളുടെയും മൃതാവശിഷ്ടങ്ങള്‍ 1997ല്‍ ക്യൂബയില്‍ കൊണ്ടുവന്ന് സാന്താ ക്ളാരയിലെ ചെ മുസോളിയത്തില്‍ അടക്കംചെയ്തു. ചെയുടെ ശവകുടീരത്തിലെ കെടാവിളക്ക് കൊളുത്തിയത് ഫിദല്‍തന്നെയായിരുന്നു. ചെയ്ക്കൊപ്പം കൊല്ലപ്പെട്ടവര്‍ക്കൊപ്പം ബൊളീവിയന്‍ വിപ്ളവപോരാട്ടത്തില്‍ രക്തസാക്ഷികളായ മറ്റ് സഖാക്കളുടെയും പേര് നക്ഷത്രമാതൃകയിലെ ശിലാഫലകങ്ങളില്‍ എഴുതിവച്ചിരിക്കുന്നു.

തൊട്ടുമുന്നില്‍ ചെ മ്യൂസിയമാണ്. ചെയുടെ ജീവിതത്തിന്റെ ഏടുകള്‍. ചെയുടെ പ്രസിദ്ധമായ ചുരുട്ടുവലിയുടെ ഫോട്ടോകള്‍. ചെയുടെ മെഡിക്കല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, തോക്കുകള്‍, ബൈനോക്കുലര്‍, വാട്ടര്‍ബോട്ടില്‍ ഒക്കെയുണ്ട്. ആ യുഗപുരുഷന്റെ ജീവിതത്തിലൂടെയുള്ള യാത്ര മനസ്സില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമുണ്ടാക്കും. പലരും വിതുമ്പാതിരിക്കാനും കണ്ണുനീര്‍ മറ്റുള്ളവര്‍ കാണാതിരിക്കാനും ബുദ്ധിമുട്ടുന്നത് എന്റെ മനസ്സിനെയും അഗാധദുഃഖത്തിലാഴ്ത്തി.
ചെ മുസോളിയത്തില്‍ പ്രവേശനം സൌജന്യമാണ്. പുറകില്‍ മറ്റൊരു സ്മാരകവും പൂന്തോട്ടവും കൂടിയുണ്ട്. അത്, സാന്താ ക്ളാര യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ളതാണ്. സാന്താ ക്ളാരയില്‍ മാത്രമല്ല ഹവാന, ബേ ഓഫ് പിഗ്സ്, ട്രിനിഡാഡ് എന്നിവിടങ്ങളില്‍വച്ചൊക്കെ ചെയുടെ പ്രഭാവം നിഴല്‍പോലെ ഞങ്ങളെ പിന്തുടരുന്നതായി തോന്നി. ഹവാനയിലെ സാന്‍ മാര്‍ത്തി മെമ്മോറിയലിലും അതിനകത്തെ മ്യൂസിയത്തിലും കണ്ട ചെയുടെയും ഫിദലിന്റെയും അപൂര്‍വവും ജീവന്‍ തുടിക്കുന്നതുമായ ചിത്രങ്ങള്‍,അതൊക്കെ കാണാന്‍ വന്ന നാട്ടുകാരോടൊന്നിച്ചുള്ള സ്നേഹസംഭാഷണ സൌഹൃദങ്ങള്‍, സ്പാനിഷ് അറിയാവുന്നതില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍, ലോകത്തിന്റെ പല ഭാഗത്തുനിന്നും ഔദ്യോഗികമായും അല്ലാതെയും വന്ന നൂറുകണക്കിന് സഞ്ചാരികള്‍, അവരോടൊത്തുള്ള ഓര്‍മകള്‍ ഇവയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്ന അടിസ്ഥാനഘടകം ഒന്നുമാത്രം- ചെ.

2008ല്‍ ഞാന്‍ ആദ്യമായി അര്‍ജന്റീനയിലെത്തുമ്പോഴും 2013ല്‍ വീണ്ടും അവിടെ ചെല്ലുമ്പോഴും 'ചെയുടെ വഴി' ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടന്നിരുന്നു. അങ്ങനെയാണ് ചെ ജനിച്ച റൊസാരിയോ, അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍, ചെ വളര്‍ന്ന പലെര്‍മോ, സാന്‍ ഇസിഡ്രോ, റിക്കോലെത്ത ഒക്കെ പോയി കണ്ടത്. പക്ഷേ ചെ, ചെ ആയത് അര്‍ജന്റീനയില്‍വച്ചല്ല. അതുകൊണ്ടാകാം തിരിഞ്ഞുനോക്കുമ്പോള്‍ അര്‍ജന്റീന എന്നില്‍ ക്യൂബയോളം സ്വാധീനം ചെലുത്താതെ പോയത്.
2015ലാണ് ഞാന്‍ ബൊളീവിയയില്‍ എത്തുന്നത്. ഇവിടത്തെ ഒളിപ്പോര്‍കാലത്തിലാണ് 50 വര്‍ഷംമുമ്പ് ചെ വധിക്കപ്പെടുന്നത്.ദൌര്‍ഭാഗ്യവശാല്‍ ബൊളീവിയയിലെ ചെയുടെ ജീവിതം അടുത്തറിയാന്‍ കാര്യമായ ഒന്നും അക്കാലത്ത് അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ബൊളീവിയന്‍ സര്‍ക്കാരിന്റെ ശ്രമഫലമായി ചെയുടെ വിപ്ളവകാല്‍പ്പാടുകള്‍ പതിഞ്ഞ  വല്ലേ ഗ്രാന്‍ഡെയിലെയും സമീപപ്രദേശങ്ങളിലെയും പല സ്ഥലങ്ങളും പുനരുദ്ധരിക്കുകയുണ്ടായി *

പ്രധാന വാർത്തകൾ
 Top