21 September Saturday

അടിച്ചേൽപ്പിക്കുന്നത‌് കനത്ത ഭാരം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Sunday Sep 9, 2018


ദുർവഹമായ ഭാരമാണ്‌ കേന്ദ്രസർക്കാർ പെട്രോൾ‐ഡീസൽ വിലവർധനയിലൂടെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്‌. ബസ്‌ചാർജും ഓട്ടോചാർജും കൂടും എന്നതുമാത്രമല്ല പ്രത്യക്ഷഫലം. പതിനായിരക്കണക്കിനു സാധനങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനഘടകപദാർഥമാണ്‌ പെട്രോളും പെട്രോളിയം ഉൽപ്പന്നങ്ങളും. അത്തരം വസ്‌തുക്കളുടെയെല്ലാം വിലകളുയരും എന്ന്‌ നിസ്സംശയം പറയാം. കൃഷിയും വ്യവസായ‐ സേവനമേഖലകളും കടുത്ത വിലക്കയറ്റത്തിന്‌ വിധേയമാകും. അതുകൊണ്ടുതന്നെ യാത്രക്കാരുടെ പ്രശ്‌നം മാത്രമല്ല പെട്രോൾ‐ഡീസൽ വില വർധന. രാസവളത്തിന്റെ പ്രധാന ഘടകപദാർഥമാണ്‌ പെട്രോളിയം. ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്‌, കീടനാശിനികൾ, രാസപദാർഥങ്ങൾ, പെയിന്റ്‌, വൈറ്റമിൻ ക്യാപ്‌സ്യൂളുകൾ, ചായങ്ങൾ, സൺഗ്ലാസുകൾ, പ്രിസർവേറ്റീവുകൾ, ഷാമ്പു, ക്രീം, ഇനാമൽ, ബാൾപോയിന്റ്‌ പേനകൾ, വസ്‌ത്രങ്ങൾ, ടയറുകൾ, കാസറ്റുകൾ, മെഴുകുകൾ, കോൾടാർ, സ്വെറ്ററുകൾ എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്തത്ര സാധനങ്ങളുടെ അടിസ്ഥാന ഘടകപദാർഥം പെട്രോളിയമാണ‌്.

മേൽകൊടുത്ത വസ്‌തുക്കളുടെയും അനുബന്ധ സാധനങ്ങളുടെയും വിലകളുയരുമ്പോൾ സ്വാഭാവികമായും അവ ഉപയോഗിച്ചുള്ള ഉൽപ്പാദനച്ചെലവ്‌ ഉയരും. ഉൽപ്പന്നങ്ങളുടെ വിലകൾ വർധിക്കും. രാസവളത്തിന്റെ ഉൽപ്പാദനച്ചെലവ്‌ വർധന കൃഷി കൂടുതൽ ചെലവുള്ളതാക്കും. രാസവസ്‌തുക്കളുടെ വിലവർധന പെയിന്റുകൾ മാത്രമല്ല, വിവിധയിനം മരുന്നുകളും ചെലവേറിയതാക്കും. തീവണ്ടി ചരക്കുകൂലിയും ട്രക്ക‌് വാടകയും വർധിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം സമ്പദ‌്‌വ്യവസ്ഥയിലാകെ പ്രതിഫലിക്കും. മൊത്തം സമ്പദ‌്‌വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും എണ്ണവിലവർധന ബാധിക്കുമെന്നർഥം. സ്വാഭാവികമായും പെട്രോൾ‐ഡീസൽ വിലവർധന പൊതുജനങ്ങളുടെയാകെ പ്രശ‌്നമാണ‌്.
ക്രൂഡ‌് ഓയിലിന്റെ അന്താരാഷ്ട്ര വിലയനുസരിച്ചാണ‌് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില നിർണയിക്കപ്പെടുന്നതെന്നൊരു വാദമുണ്ട‌്. സർക്കാരും സർക്കാരിനെ താങ്ങിനിർത്തുന്നവരുമാണ‌് ആ വാദം ഉന്നയിക്കുന്നത‌്. അതാണ‌് വാസ‌്തവമെങ്കിൽ ക്രൂഡിന്റെ വില ഇടിയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ ആനുപാതികമായി ഇടിയണം. ‌എന്നാൽ ഇത‌് സംഭവിക്കുന്നില്ല. മറിച്ച‌് ക്രൂഡ‌് വില ഉയരുമ്പോൾ പെട്രോൾ വില വർധിക്കുന്നു. അത്തരം വിലവർധനയിലൂടെ വളരെ  എളുപ്പത്തിൽ വരുമാനം കൂട്ടാൻ സർക്കാരിനാകുന്നു. ഇതിനൊരു മറുവശമുണ്ട‌്.

പെട്രോൾ‐ഡീസൽ വില വർധിപ്പിച്ചില്ലെങ്കിൽ വരുമാനനഷ്ടം നികത്താൻ വൻകിടക്കാരെ നികുതിവിധേയരാക്കേണ്ടിവരും. നികുതിയേക്കാൾ നികുതിയിതര വരുമാനമാർഗങ്ങളായ ഓഹരിവിൽപ്പനയെയും പെട്രോൾവില വർധനയെയും കൂടുതൽ കൂടുതൽ ആശ്രയിക്കുന്നത‌് വർഗപരമായ സമീപനത്തിന്റെ ഭാഗമാണ‌്. വാസ‌്തവത്തിൽ നികുതിനിരക്ക‌് കുറച്ചാൽ പൊതുജനങ്ങൾക്ക‌് കുറഞ്ഞ ചെലവിൽ അവ ലഭ്യമാക്കാം. വിലക്കയറ്റത്തെ പ്രതിരോധിക്കുകയും ചെയ്യാം. ഒരു ലിറ്റർ പെട്രോൾ ഉൽപ്പാദിപ്പിക്കാൻ സംസ‌്കരണച്ചെലവുൾപ്പെടെ 39 രൂപ ചെലവ‌് കണക്കാക്കപ്പെടുന്നു. എക‌്സൈസ‌് തീരുവയും വാറ്റ‌് നികുതിയുംകൂടി 36.34 രൂപവരും (19.48 + 16.86). ട്രാൻസ‌്പോർട്ട‌് ചെലവ‌്, ഡീലർ കമീഷൻ തുടങ്ങിയവ വേറെയാണ‌്. നികുതിനിരക്ക‌് പകുതിയാക്കിയാൽ 65 രൂപയ‌്ക്ക‌് പെട്രോൾ ലഭ്യമാക്കാം. അത്തരമൊരു നടപടിക്ക‌് സർക്കാർ സന്നദ്ധമല്ല. നികുതിവർധനയും ഏകപക്ഷീയമായ വിലവർധനയും തുടരാനാണ‌് സാധ്യത. സർക്കാരിന്റെ മുഖ്യവരുമാനമാർഗങ്ങളിലൊന്നായി അത‌് മാറുകയാണെന്ന‌് നിസ്സംശയം പറയാം. അഞ്ചുവർഷത്തിനകം പത്തുലക്ഷം കോടി രൂപയിലേറെ ജനങ്ങളെ പിഴിഞ്ഞ‌് കേന്ദ്രസർക്കാർ കൈവശപ്പെടുത്തുന്നു.
 

വർധന 13.23 ശതമാനം
ഒരുവർഷംകൊണ്ട‌് പെട്രോൾവില 9.74 രൂപ കണ്ട‌് ഉയർത്തി. വർധന 13.23 ശതമാനം. ഡീസൽവില 14.59 രൂപകണ്ട‌് ഉയർത്തി. വർധന 23.29 ശതമാനം.
വരുംനാളുകളിൽ നികുതിയിതര വരുമാനസ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കാനാണ‌് സാധ്യത. ചരക്ക‌്സേ‐വന നികുതി പരിഷ‌്കാരത്തിലെ അപൂർണതകളും അപാകതകളുമാണ‌് അതിനു കാരണം. കേന്ദ്രസർക്കാരിന്റെ പ്രധാന വരുമാനം എക‌്സൈസ‌് തീരുവയായിരുന്നു.

ഉൽപ്പാദനത്തിന്മേൽ ചുമത്തിയിരുന്ന നികുതിയാണത‌്. എക‌്സൈസ‌് തീരുവ ഉൾപ്പെടെ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തിയിരുന്ന പരോക്ഷനികുതികൾ ഏകോപിപ്പിച്ചാണ‌് ചരക്ക‌്സേ‐വന നികുതി ഏർപ്പെടുത്തിയത‌്. ഉയർന്ന നികുതിവരുമാനം ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, പ്രതീക്ഷ സാക്ഷാൽക്കരിക്കപ്പെട്ടില്ല.  ഈ പരിതഃസ്ഥിതിയിൽ ഇന്ധനവിലകൾ ഇനിയും ഉയർത്താനാകും ശ്രമം. പ്രതിരോധം ശക്തിപ്പെടുത്തുകയല്ലാതെ മാർഗമില്ല.

ഒാഹരിവിൽപ്പനയുടെയും എണ്ണവില വർധനയുടെയും മാർഗം ഉപേക്ഷിക്കാൻ സർക്കാർ സന്നദ്ധമാകണം. നികുതി സമാഹരണത്തിന്റെ മാർഗം സ്വീകരിക്കാൻ കഴിയണം.

കേന്ദ്രത്തിന്റെ അവകാശവാദം പൊളിയുന്നു
ന്യൂഡൽഹി
അസംസ്കൃത എണ്ണയ്ക്ക് രാജ്യാന്തരവിപണിയിലുണ്ടായ വിലക്കയറ്റം രൂക്ഷമായതാണ് പെട്രോൾ, ഡീസൽ വില സർവകാല റെക്കോഡിൽ എത്താൻ വഴിയൊരുക്കിയതെന്ന സർക്കാർവാദം യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല. സെപ്തംബർ ഏഴിന‌് രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്ക്ക് 76.42 ഡോളറായിരുന്നു.  മുംബൈയിൽ പെട്രോൾ ലിറ്ററിന‌് 87.40 രൂപയും ഡീസൽ ലിറ്ററിന‌് 76.51 രൂപയും.

2010 ജനുവരിയിൽ രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 85 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ  പെട്രോൾവില ലിറ്ററിന് 55.87 രൂപയും ഡീസലിന‌് 37.75 രൂപയും മാത്രമായിരുന്നു. എണ്ണവില വീപ്പയ്ക്ക് 115 ഡോളർവരെ എത്തിയ 2013 ജൂലൈയിൽ, മുംബൈയിൽ പെട്രോൾവില ലിറ്ററിന‌് 77.73 രൂപ മാത്രം. ഡീസലിന‌് 66.01 രൂപയും. സർക്കാരിനും പൊതുമേഖല‐സ്വകാര്യഎണ്ണകമ്പനികൾക്കും ലഭിക്കുന്ന കൊള്ളലാഭം ഇതിൽനിന്ന് വ്യക്തമാണ്.

2014 മേയിൽ മോഡി സർക്കാർ  അധികാരമേറ്റസമയത്ത് വീപ്പയ്ക്ക് 100 ഡോളറിൽ കൂടുതലായിരുന്നു എണ്ണവില. എന്നാൽ, തുടർന്നുള്ള മാസങ്ങൾക്കുള്ളിൽ എണ്ണവില  തുടർച്ചയായി ഇടിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വീപ്പയ്ക്ക് 35 ഡോളറായി ഇടിഞ്ഞിട്ടും പെട്രോൾ‐ഡീസൽ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാർ തയ്യാറായില്ല. പകരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒമ്പത് പ്രാവശ്യം വീതം കൂട്ടി.
ഇതുവഴി സമാഹരിക്കുന്ന പണം വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുമെന്നാണ് സർക്കാർ പാർലമെന്റിൽ മറുപടി നൽകിയത്. പാവങ്ങൾക്ക് കക്കൂസ് നിർമിച്ചുനൽകാൻ ഈ പണം ഉപയോഗിക്കുമെന്ന് ചില കേന്ദ്രമന്ത്രിമാരും പറഞ്ഞു. പക്ഷേ, കോർപറേറ്റുകൾക്ക് ഇളവുകൾ നൽകുന്നതുവഴി സർക്കാരിനുണ്ടാകുന്ന വരുമാനനഷ്ടത്തിന്റെ ആഘാതം ഇല്ലാതാക്കാൻ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു.

രൂപയുടെ വിലയിടിവും തിരിച്ചടി
ന്യൂഡൽഹി
രൂപ നേരിടുന്ന എക്കാലത്തെയും വലിയ വിലയിടിവും ഇന്ധനവില കുതിച്ചുയരാൻ കാരണമാകുന്നു. രൂപയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയതും മോഡിസർക്കാരിന്റെ നയങ്ങളാണ്. ഡോളറിന‌് 40 രൂപ എന്ന നിരക്കിൽ പിടിച്ചുനിർത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായിരിക്കെ നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഡോളറിന‌് 71.99 എന്നതാണ് സ്ഥിതി.

മോഡിസർക്കാർ അധികാരത്തിൽ വരുമ്പോൾ ഡോളറിന‌് 59 രൂപയായിരുന്നു വിനിമയനിരക്ക്. 2014 ഡിസംബറോടെ ഡോളറിന‌് 63 രൂപയായി. 2015 ഡിസംബറിൽ 66.16 രൂപയായി. 2016ൽ 67‐68 നിരക്കിൽ തുടർന്നു. 2017ൽ 63‐68 എന്ന ശ്രേണിയിലായിരുന്നു. അമേരിക്ക‐ചൈന വ്യാപാരയുദ്ധം ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് പ്രതികൂലമായി. തുർക്കിയിലെ സാമ്പത്തികപ്രതിസന്ധിയും തുർക്കി കറൻസിയുടെ തകർച്ചയും രൂപയ്ക്ക് കൂടുതൽ തിരിച്ചടിയായി.
വീപ്പയ്ക്ക് 35 ഡോളർവരെയായി ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. എണ്ണഇറക്കുമതിക്കായി കൂടുതൽ ഡോളർ ചെലവിടേണ്ടിവരുന്നു. ഇതിനിടെ ഡോളർ ഇതര കറൻസികളെ അപേക്ഷിച്ച‌് കരുത്താർജിക്കാനും തുടങ്ങി. രൂപയുടെ വീഴ്ച പരിഭ്രാന്തിക്ക് കാരണമായതോടെ ബാങ്കുകൾ ഡോളർ സംഭരിക്കാൻ തുടങ്ങി. ഇത‌് രൂപയ്ക്ക് വീണ്ടും ക്ഷീണമായി. ഇക്കൊല്ലം ആഗസ്തിൽ ചരിത്രത്തിൽ ആദ്യമായി, ഡോളറിന‌് 70 എന്ന നിരക്ക് കടന്നു. വെള്ളിയാഴ്ച 72 എന്ന ഘട്ടവും പിന്നിട്ടു. റിസർവ് ബാങ്ക് ഇടപെട്ട് വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെയാണ് 71.99 എന്ന നിരക്കിൽ പിടിച്ചുനിന്നത്.

വിദേശനാണയ കരുതൽശേഖരം ശോഷിപ്പിക്കുന്ന വിധത്തിൽ ഡോളർ ചെലവിടാൻ റിസർവ് ബാങ്കിന‌് കഴിയില്ല. രൂപയുടെ വിലയിടിവ് വരുംമാസങ്ങളിൽ വായ്പ തിരിച്ചടവിൽ ഇന്ത്യക്ക് 70,000 കോടിയുടെ അധികബാധ്യത വരുത്തുമെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. എണ്ണ ഇറക്കുമതിയിൽ 45,700 കോടിയുടെ അധികചെലവും ഉണ്ടാകും. ഡോളറിന‌് 71.40 രൂപ എന്ന നിരക്കിലുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്.

ബസിന‌് ദിവസം 700 രൂപയുടെ അധിക ചെലവ‌്
എം ബി സത്യൻ,പ്രസിഡന്റ‌്,കേരള സ‌്റ്റേറ്റ‌് പ്രൈവറ്റ‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് ഫെഡറേഷൻ

ഇന്ന‌് കേരളത്തിൽ 12,600 ബസുകൾ സർവീസ‌് നടത്തുന്നുണ്ട‌്. ഡീസലിന്റെ വില വർധന  ഈ സ്ഥിതി തുടർന്നാൽ  രണ്ടു വർഷത്തിനകം ബസിന്റെ എണ്ണം  പകുതിയാകും. അര ലക്ഷത്തോളം കുടുംബങ്ങളെ ഇതു തൊഴിലില്ലാ പട്ടികയിലേക്ക‌് തള്ളും.

കഴിഞ്ഞ ബസ‌്ചാർജ‌് വർധനയ‌്ക്ക‌് ശേഷം ഡീസലിന്റെ വില വർധനയടക്കം ദിവസം 700 രൂപ ഒരു ബസിന‌് ചെലവ‌് വർധിച്ചു. പല കാരണങ്ങൾകൊണ്ട‌് യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. വ്യവസായം എന്ന നിലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ‌്. 15 വർഷം കഴിഞ്ഞ ബസുകൾ സർവീസ‌് നടത്തരുതെന്ന നിയമം കൂടി  വന്നതോടെ ആരും പുതിയ ബസുവാങ്ങി സർവീസ‌് നടത്താൻ തയ്യാറാകില്ല.

‘നെഞ്ചിൽ തീയാണ‌് അണ്ണാ’
തിരുവനന്തപുരം
‘‘ നെഞ്ചില‌് തീയാണ‌് അണ്ണാ,  പെട്രോളിനും ഗ്യാസിനും ഇങ്ങനെ വിലകൂട്ടിയാ ഞങ്ങളെ പോലുള്ളവർ എങ്ങനെ ജീവിക്കും. ഇങ്ങനെ പോയാൽ ടിക്കറ്റ‌് വിറ്റുകിട്ടുന്ന പൈസമുഴുവൻ പെട്രോൾ അടിക്കാനേ തികയൂ’’. തമ്പാനൂർ റെയിൽവേ സ‌്റ്റേഷന‌് സമീപം ലോട്ടറിവിൽപ്പന നടത്തുന്ന സലോമിയുടെ വാക്കുകളിൽ രോഷവും സങ്കടവും. കാലിന‌് സ്വാധീനക്കുറവുള്ള സലോമി ഭിന്നശേഷിക്കാർക്കായി വികലാംഗക്ഷേമ കോർപറേഷൻ നൽകിയ സ‌്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു ലോട്ടറി വിൽപ്പന നടത്തിയിരുന്നത‌്. ടിക്കറ്റ‌് വിൽപ്പനയിൽനിന്നു ലഭിക്കുന്ന കമീഷൻ മാത്രമാണ‌് ഉപജീവനമാർഗം. പെട്രോൾ വില അടിക്കടി കൂട്ടിയതോടെ വിവിധ സ്ഥലങ്ങളിൽ എത്തിയുള്ള വിൽപ്പന സലോമിക്ക‌് നിർത്തേണ്ടിവന്നു. ഇപ്പോൾ തമ്പാനൂർ റെയിൽവേ സ‌്റ്റേഷൻ പരിസരത്ത‌്സ‌്കൂട്ടർ ഒതുക്കി ഭാഗ്യാന്വേക്ഷികളെ തേടുന്നു. പെട്രോൾ വില മാത്രമല്ല, പാചകവാതക വില കൂട്ടുന്നതും ജീവിതം പൊറുതിമുട്ടിക്കുകയാണെന്ന‌് സലോമിയുടെ വാക്കുകൾ. ‘‘ഭർത്താവ‌് നേരത്തെ മരിച്ചു. ഏക മകൾ കന്യാസ‌്ത്രീകൾ നടത്തുന്ന കോൺവെന്റിൽ അവരുടെ കാരുണ്യത്തിൽ പഠിക്കുന്നു.  ആറ്റുകാലിൽ വാടകവീട്ടിലാണ‌് താമസം. മോഡി വന്നതോടെ ജീവിക്കാൻ വയ്യാതായി. പ്രധാനമന്ത്രിക്കൊന്നും ജനങ്ങളുടെ ബുദ്ധിമുട്ട‌് അറിയില്ലേ’’ നിസ്സഹായതോടെ സലോമി ചോദിക്കുന്നു.

പമ്പുകളും പൂട്ടേണ്ടിവരും
ശിവാനന്ദൻ,പ്രസിഡന്റ‌്,ഓൾകേരള ഫെഡറേഷൻ ഓഫ‌് പെട്രോളിയം ട്രേഡേഴ‌്സ‌്
ഒരു യുക്തിയുമില്ലാത്ത വർധനവാണിത‌്. മുൻ കേന്ദ്രസർക്കാർ ഡീസലിന്റെ വില നിയന്ത്രണം കമ്പനികൾക്ക‌് നൽകിയിരുന്നില്ല. എൻഡിഎ സർക്കാർ അതും നൽകി. ഡീസൽ വില കൂടുന്നത‌് രാജ്യത്ത‌് വിലക്കയറ്റത്തിനും വഴിവയ‌്ക്കും. പെട്രോൾ വിലവർധന മൂലം പെട്രോൾ പമ്പുക‌ളും അടച്ചിടേണ്ട സ്ഥിതിയാണ‌്. പ്രവർത്തന മൂലധനം 3‐4 ലക്ഷം രൂപ കണ്ട‌് കൂടി. നേരത്തെ 4000 ലിറ്റർ പെട്രോളിനും 7000 ലിറ്റർ ഡീസലിനും ആറു ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു, ഇന്ന‌് 10 ലക്ഷം നൽകണം. എന്നിട്ടും ഒരു രൂപയുടെ അധിക ലാഭമില്ല. മറിച്ച‌് കമീഷനായി കിട്ടിയിരുന്ന തുക പോലും കിട്ടുന്നില്ല. നേരത്തെ ദിവസം  7000ലിറ്റർ പെട്രോൾ വിറ്റിരുന്ന സ്ഥാനത്ത‌് ഇന്ന‌് 4000 ലിറ്റർ വിറ്റാലായി. കിട്ടുന്ന കമീഷൻ കൊണ്ട‌് പമ്പ‌് നടത്താനാകാത്ത സ്ഥിതിയാണ‌്.

ഓട്ടോക്കാർക്ക‌് ദിവസവും അധികച്ചെലവ‌് 100 രൂപ
ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ‌്  ഓട്ടോ ഉന്തുന്നത‌്.  എന്നാൽ കേന്ദ്രസർക്കാർ അതിനും സമ്മതിക്കില്ല. എറണാകുളം കലൂർ ദേശാഭിമാനി സ‌്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ  പി ഇ നൗഷാദിന്റെ രോഷം നിലക്കുന്നില്ല. പെട്രോൾ ഇന്ധനവില ദിവസവും വർധിക്കുന്നതിനാൽ  100 രൂപയോളമാണ‌് അധികച്ചെലവ‌്. എറണാകുളം നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷയ‌്ക്ക‌് ശരാശരി നാലു ലിറ്റർ ഡീസൽ എങ്കിലും പ്രതിദിനം വേണം. ഓട്ടം കഴിഞ്ഞ‌് വീട്ടിൽ മടങ്ങിയെത്തി അടുത്ത ദിവസം രാവിലെ ഡീസൽ അടിക്കാൻ ചെല്ലുമ്പോഴാണ‌് വില കൂടിയതായി അറിയുക.  നാലു വർഷം മുമ്പ‌് ഡീസൽ ലിറ്ററിന‌് 40 രൂപയായിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടിയാണ‌്. എന്നാൽ ഇതനുസരിച്ച‌് വരുമാനത്തിൽ വർധനയില്ല. ഓട്ടോ നിരക്ക‌് വർധിപ്പിച്ചിട്ട‌് നാലു വർഷമായി. ഇപ്പോഴും മിനിമം ചാർജ‌് 20 രൂപ തന്നെ. വരുമാന നഷ്ടത്തെപ്പറ്റി ഇതിലും വലിയ വിശദീകരണം ആവശ്യമില്ലല്ലോ.. ജീവിതം വലിയ പ്രതിസന്ധിയിലാണെന്നും നൗഷാദ‌് കൂട്ടിച്ചേർത്തു .


പ്രധാന വാർത്തകൾ
 Top