24 September Thursday

കടത്തുകാരെല്ലാം സ്വന്തക്കാർ , പിടിവള്ളിയാക്കി പുകമറ

കെ ശ്രീകണ‌്ഠൻUpdated: Thursday Jul 9, 2020


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിലെ  പ്രധാന കണ്ണി സ്വപ്‌ന സുരേഷിന്‌ എയർ ഇന്ത്യയിലും യുഎഇ കോൺസുലേറ്റിലും ജോലി തരപ്പെടുത്തിയത്‌ മുൻ കേന്ദ്രമന്ത്രികൂടിയായ കോൺഗ്രസ്‌ എംപി. മറ്റൊരു മുഖ്യ കണ്ണി  സന്ദീപ്‌ നായർ കുമ്മനം രാജശേഖരനടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ ഉറ്റ അനുയായി. സ്വർണം കടത്താൻ സകല  ഒത്താശയും ചെയ്‌തത്‌ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും. വസ്‌തുത ഇതായിരിക്കെ യുഡിഎഫും ബിജെപിയും തോളോടുതോൾ ചേർന്ന്‌ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നത്‌ രാഷ്‌ട്രീയ പരിഭ്രാന്തിമൂലം‌. സംസ്ഥാന സർക്കാരിനുള്ള വർധിച്ച ജനപിന്തുണയിൽ ഭയന്ന ഇരുകൂട്ടരും പിടിവള്ളി തേടവെയാണ്‌ സ്വർണക്കടത്ത്‌ കേസിൽ കുടുങ്ങിയവർ വേണ്ടപ്പെട്ടവരാണെന്ന്‌ പുറത്തുവരുന്നത്‌.

സ്വർണക്കടത്തിൽ ഫലപ്രദമായ അന്വേഷണത്തിന്‌ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത്‌  യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങളുടെ മുനയൊടിച്ചു‌. സർക്കാരിന്‌ ഒന്നും ഒളിച്ചുവയ്‌ക്കാനില്ലെന്ന്‌  അടിവരയിടുന്നതാണ്‌ ഈ ആവശ്യം. കേന്ദ്രം എന്ത്‌ നടപടി എടുക്കുമെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. 

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വർണക്കടത്തിൽ കൂട്ടിക്കെട്ടാനാണ്‌ പ്രതിപക്ഷ ശ്രമം. അന്വേഷണം നിർണായക തലത്തിലേക്ക്‌ കടന്നാൽ കുന്തമുന തങ്ങൾക്കുനേരെ തിരിയുമെന്ന്‌ കോൺഗ്രസിനും ബിജെപിക്കും അറിയാം. സ്വപ്‌ന സുരേഷുമായി അടുപ്പമുള്ള മുൻ കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവരെക്കുറിച്ച്‌ വ്യക്തമായ സൂചനയാണ്‌ പുറത്തുവന്നത്‌. അബുദാബിയിൽനിന്ന്‌ വന്ന സ്വപ്‌നയെ എയർ ഇന്ത്യ സാറ്റ്‌സിൽ ജോലിക്ക്‌ എടുത്തത്‌ ശശി തരൂർ ഇടപെട്ടാണ്‌. യുഎഇ കോൺസുലേറ്റിലേക്ക്‌ പോകാനും വഴിയൊരുക്കിയത്‌ ഇദ്ദേഹത്തിന്റെ ശുപാർശയാണ്‌. സ്വപ്‌നയുടെ കോൺഗ്രസ്‌ സൗഹൃദങ്ങളെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും അറിയാം.

സന്ദീപ്‌ നായരുടെ രാഷ്ട്രീയ പശ്ചാത്തലം കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്കുമറിയാം. കള്ളക്കടത്ത്‌ പിടികൂടിയതിന്റെ ആറാം ദിവസമാണ്‌ വി മുരളീധരൻ പ്രതികരിച്ചത്‌. സംസ്ഥാന സർക്കാരിൽ കുറ്റം ചാർത്തിയ അദ്ദേഹം സിബിഐ അന്വേഷണമടക്കമുള്ള കാര്യങ്ങളിൽ ബോധപൂർവം ഒഴിഞ്ഞുമാറി. നയതന്ത്ര ബഗേജ്‌ അല്ല, നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന  വ്യാഖ്യാനവും വിചിത്രമാണ്‌. ഈ‌ പുതിയ വാദം‌ ഗൗരവം ചോർത്താനാണോ എന്ന്‌ സംശയമുണർത്തുന്നു. 

സംസ്ഥാന സർക്കാരോ കോടതിയോ ആവശ്യപ്പെടാതെ സിബിഐ അന്വേഷണം സാധ്യമല്ലെന്ന ന്യായവും നിരർഥകമാണ്‌. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതി തേടി കസ്റ്റംസ്‌ കത്തയച്ചിട്ടും വിദേശമന്ത്രാലയം അനുവദിച്ചിട്ടില്ല. രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ ഇവരുടെ നീക്കമെന്ന്‌ ഇതെല്ലാം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ആരും വിളിച്ചിട്ടില്ലെന്ന്‌ കസ്റ്റംസ്‌ ജോയിന്റ്‌‌ കമീഷണർ വ്യക്തമാക്കിയതോടെ പ്രതിപക്ഷ ആരോപണം നേരത്തെ പൊളിഞ്ഞിരുന്നു. തെറ്റുചെയ്യുന്നവർക്ക്‌ ഓഫീസിൽ ലാവണം ഒരുക്കില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കുകയും കേസിൽ നിയമപരമായ ബന്ധമില്ലാതിരുന്നിട്ടും സ്വപ്‌നയുമായുള്ള സൗഹൃദത്തിൽ സംശയനിഴലിലായ  സെക്രട്ടറിയെ   മാറ്റുകയുംചെയ്‌തു. ഇത്തരമൊരു അനുഭവം യുഡിഎഫിന്റെ ചരിത്രത്തിൽ പരതി നോക്കിയാൽ കാണില്ല.

സർട്ടിഫിക്കറ്റുകൾ വ്യാജം
സ്വപ്‌ന സുരേഷ് ജോലിക്കായി ഹാജരാക്കിയത്‌ വ്യാജസർട്ടിഫിക്കറ്റുകളെന്ന്‌ സംശയം. യുഎഇ കോൺസുലേറ്റിലെ ജോലിക്കും ഐടി വകുപ്പിൽ പ്ലേസ്‌മെന്റ്‌ ഏജൻസിക്കുമുന്നിലും ഇത്തരത്തിൽ തിരിമറി നടത്തിയെന്നാണ്‌ സൂചന. മഹാരാഷ്‌ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്‌കർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബികോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റാണ് ജോലിക്കായി സ്വപ്‌ന ഹാജരാക്കിയിരുന്നത്. എന്നാൽ, സ്വപ്‌ന പത്താംക്ലാസ്‌ പാസായിട്ടില്ലെന്ന്‌ വിദേശത്തുള്ള സഹോദരൻ ബ്രൈറ്റ്‌ സുരേഷ് പ്രതികരിച്ചു‌. ഉന്നത സ്വാധീനത്തിലാകാം കോൺസുലേറ്റിൽ  ജോലി ലഭിച്ചതെന്നും സഹോദരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

മികച്ച ഉദ്യോഗസ്ഥയാണെന്ന യുഎഇ കോൺസുലേറ്റിന്റെ സർട്ടിഫിക്കറ്റും വ്യാജമാണെന്ന്‌‌ സൂചനയുണ്ട്‌. സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കിയെന്നായിരുന്നു യുഎഇ കോൺസുലേറ്റിൽനിന്നുള്ള വിശദീകരണം. ഇതിനു പിന്നാലെയാണ്‌  ‘ഗുഡ് സർട്ടിഫിക്കറ്റ്‌’ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്‌. എയർ ഇന്ത്യ സാറ്റ്സിൽ ആറുമാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

സ്വപ്‌നയ്‌ക്കും സന്ദീപിനുമായി ലുക്കൗട്ട്‌ നോട്ടീസ്‌ വന്നേക്കും
സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന   സ്വപ്‌നയെയും സന്ദീപ്‌നായരെയും കണ്ടെത്താൻ കസ്‌റ്റംസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും. ഇരുവരും രാജ്യം വിടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ്‌ ഇതെന്ന്‌‌ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. സ്വർണക്കടത്തിൽ പ്രധാന കണ്ണി സന്ദീപ്‌നായരാണെന്നാണ്‌ കസ്‌റ്റംസിന്റെ നിഗമനം. ഇരുവരും  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്‌ ശ്രമിക്കുന്നതായും പ്രമുഖ അഭിഭാഷകനെ സമീപിച്ചതായും വിവരമുണ്ട്‌. വ്യാഴാഴ്‌ചയും ഇവർ കീഴടങ്ങുകയോ പിടിയിലാകുകയോ ചെയ്‌തില്ലെങ്കിൽ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കാനാണ്‌ കസ്‌റ്റംസ്‌ നീക്കമെന്നും അറിയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top