02 August Monday

നോക്കാനും പറയാനും കേന്ദ്രത്തിൽ ആരുമില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020

ന്യൂഡൽഹി
രാജ്യത്ത് ആസൂത്രണമില്ലാതെയുള്ള അടച്ചുപൂട്ടലില്‍ ജീവൻ നഷ്ടപ്പെട്ടത്‌ 350ൽ ഏറെ പേർക്ക്‌. ​ഗതിമുട്ടിയ അതിഥിത്തൊഴിലാളികൾ വല്ലവിധേനയും നാടുപിടിക്കാന്‍ ശ്രമിക്കവെ അപകടങ്ങളില്‍ എഴുപതോളം പേര്‍ മരിച്ചു. നിരാശയാല്‍ ജീവനൊടുക്കിയത് 75 പേര്‍. പട്ടിണി അപഹരിച്ചത് 36 ജീവന്‍. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മെയ്‌ രണ്ടുവരെമാത്രം 338 പേർ മരിച്ചെന്ന്‌ ജി എൻ തെജേഷ്‌, കനിക ശർമ എന്നീ ഗവേഷകരുടെ പഠനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണ കാരണം ആൾക്കൂട്ടം നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത് 38 പേര്‍.

കൃത്യമായ ധാരണയില്ലാതെ കേന്ദ്രം നടപ്പാക്കിയ അടച്ചിടലിന്റെ ഏറ്റവും വലിയ ദുരന്തം പേറേണ്ടിവന്നത് അതിഥിത്തൊഴിലാളികള്‍ക്കാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സൗജന്യ ഭക്ഷ്യധാന്യവിതരണ പദ്ധതിയുടെ പ്രയോജനം ഇവർക്ക്‌ നിഷേധിക്കപ്പെട്ടു. മഹാനഗരങ്ങളിലെ അ‌തിഥിത്തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും റേഷൻകാർഡില്ല. കേരളത്തിലേതുപോലെ തൊഴിലാളികളുടെ ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കാൻ മറ്റൊരു സംസ്ഥാനവും തയ്യാറായില്ല. മണിക്കൂറുകൾ വരിനിന്ന്‌ ഭക്ഷണം വാങ്ങേണ്ട ഗതികേടിലാണ്‌ ഇവർ. കാൽനടയായും സൈക്കിളുകളിലും ഉന്തുവണ്ടികളിലും നൂറൂകണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കവെ അപകടങ്ങളിൽപെടുന്നു.

പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും അപര്യാപ്‌തമല്ല. സമൂഹമാധ്യമങ്ങൾവഴി പ്രചരിക്കുന്ന കിംവദന്തികൾ തൊഴിലാളികളെ ഇളക്കിവിടുന്നു. തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. ആദ്യഘട്ടങ്ങളിൽ സന്ദേശങ്ങൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോൾ ഉൾവലിഞ്ഞു. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും മൗനത്തിലാണ്‌. രാജ്യവ്യാപകമായി ‌കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ്‌ മുഖ്യ ലേബർ കമീഷണർ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയത്‌.


 

പിറന്ന മണ്ണിൽ പ്രവേശിക്കാനാകാതെ
ഗുജറാത്തിൽനിന്ന് രണ്ടുമാസത്തിനുശേഷം ‌ കർണാടകത്തിൽ തിരിച്ചെത്തിയ അതിഥിത്തൊഴിലാളികൾ സംസ്ഥാന അതിർത്തിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞത്‌ മൂന്ന്‌ ദിവസം. ബഗൽകോട്ട്‌ സ്വദേശികളായ മുപ്പതോളം പേരാണ്‌ 20 ദിവസത്തെ ക്വാറന്റൈനുശേഷം അഹമ്മദാബാദിൽനിന്ന്‌ മെയ്‌ നാലിന്‌ എത്തിയത്‌. ‌
കർണാടക അതിർത്തിയായ നിപ്പനിയിൽ പൊലീസ്‌ ഇവരെ ബലം പ്രയോഗിച്ച്‌ തടഞ്ഞു. മതിയായ രേഖകൾ കാണിച്ചിട്ടും പ്രവേശനം നിഷേധിച്ചു. തുടർന്ന്‌, ഓൺലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

‘കർണാടക സ്വദേശികളായതിനാൽ അങ്ങോട്ട്‌ പോകാൻ മഹാരാഷ്ട്ര പൊലീസ്‌ പറഞ്ഞു. മഹാരാഷ്ട്രയിലേക്കോ ഗുജറാത്തിലേക്കോ തിരിച്ചുപോകാനാണ്‌ കർണാടക പൊലീസ്‌  ആവശ്യപ്പെട്ടത്‌.  പന്തു തട്ടുന്നതുപോലെ മൂന്നുദിവസം ഞങ്ങളെ തട്ടി.  വെള്ളിയാഴ്‌ച പുലർച്ചെ രണ്ടിനാണ്‌ ഞങ്ങളെ അതിർത്തി കടക്കാൻ  അനുവദിച്ചത്‌‌.’ സംഘത്തിലൊരാളായ യൂസഫ്‌ മുധോൾ ദേശീയ മാധ്യമത്തോട്‌ പറഞ്ഞു.


 

ബംഗളൂരുവിൽനിന്ന് ഉത്തരേന്ത്യയിലേക്ക്‌‌ കാൽനടയാത്ര
കർണാടകത്തിലെ ബംഗളൂരുവിൽനിന്ന്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്‌ കാൽനടയായി യാത്ര ആരംഭിച്ച്‌ അതിഥിത്തൊഴിലാളികൾ. 2000 കിലോമീറ്ററോളം ദൂരെയുള്ള ഉത്തർപ്രദേശ്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ്‌ ഇവരുടെ യാത്ര. "ഞങ്ങളെ നാട്ടിലെത്തിക്കുന്നതിൽ കർണാടക സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന്‌ ബോധ്യപ്പെട്ടു. അതുകൊണ്ടാണ്‌ നടന്നുപോകാൻ തീരുമാനിച്ചത്‌'–-ഉത്തർപ്രദേശിലെ ബാഗ്‌പത്‌ സ്വദേശി മൊഹമ്മദ്‌ നൗഷാദ്‌ പറഞ്ഞു.

മറ്റൊരിടത്ത്‌ പട്ടിണികിടന്ന്‌ മരിക്കുന്നതിലും നല്ലത്‌ വീട്ടിലേക്ക് പോകുന്നതുവഴി മരിക്കുന്നതാണെന്ന്‌  തൊഴിലാളികൾ പറയുന്നു. എങ്ങനെയും ഹൈദരാബാദിലെത്തി അവിടന്ന്‌ ‌ ട്രെയിനിൽ പോകാനാണ്‌ ഇവരുടെ ശ്രമം. അവിടന്നും ട്രെയിൻ കിട്ടിയില്ലായെങ്കിൽ നടന്നുപോകാൻ തന്നെയാണ്‌ ഇവരുടെ തീരുമാനം. ജോലിയില്ലാത്തതും വീട്ടുടമകൾ വാടക ചോദിച്ചുതുടങ്ങിയതുമാണ്‌ തൊഴിലാളികളെ നാട്ടിലേക്ക്‌ തിരിക്കാൻ പ്രേരിപ്പിച്ചത്‌. പലരുടെയും കൈയിൽ ആയിരം രൂപപോലുമില്ലാതെയാണ്‌ പോകുന്നത്‌.

അതെസമയം, കാൽനടയായി വരുന്ന അതിഥിത്തൊഴിലാളികളെ‌ തടയാൻ അതിർത്തിയിലെ അനന്തപുർ ജില്ലയിലെ ചിലമത്തൂരിൽ ആന്ധ്രപ്രദേശ് പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top