20 June Thursday

കുക്കികളെ തുരത്താൻ ഗൂഗിളിന്റെ ടൂൾ

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ഗൂഗിളിനെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഡിജിറ്റൽ സ്വകാര്യതാവക്താക്കൾക്ക് നൂറു നാവാണ്. അതാവണം  സമാധാനിപ്പിക്കാൻ ഗൂഗിൾ ഇക്കഴിഞ്ഞ ദിവസം ഒരു നീക്കം നടത്തി. കംപ്യൂട്ടറിൽ വെബ്‌സൈറ്റുകൾ 'ഇടുന്ന' കുക്കികൾ നിർമ്മാർജ്ജനം ചെയ്യാനുള്ള സൂത്രം.

നിങ്ങളുടെ ഡിജിറ്റൽ നീക്കങ്ങളെ പിന്തുടരാൻ സൈറ്റുകൾ നിങ്ങളുടെ ഡിവൈസിൽ നിക്ഷേപിക്കുന്ന ചെറു ഫയലുകളാണ് കുക്കികൾ. പരസ്യ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ മനസ്സിലാക്കാനാണ് കുക്കികൾ ഉപയോഗിക്കുന്നത്. ഒരു ഉദാഹരണം പറയാം: ഈ കുഞ്ഞു ഫയലുകൾ കൊണ്ടാണ് ആമസണിൽ നിങ്ങൾ തപ്പിയ ഒരു ഉൽപ്പന്നത്തിന്റെ പരസ്യം നിമിഷങ്ങൾക്ക് അകം ഫേസ്‌ബുക്കിൽ കാണാൻ സാധിക്കുന്നത്. മുകളിൽ പറഞ്ഞ പരസ്യ പ്ലാറ്റ്‌ഫോമുകളിൽ ഫേസ്ബുക്കും, ഗൂഗിളും, ലിങ്കടിനും,  ഒക്കെ പെടുന്നു.

ഈ നീക്കത്തിന് പിന്നിൽ സ്പഷ്ടമായ ഒരു കാര്യമുണ്ട്. ഗൂഗിളിന്റേതല്ലാത്ത പരസ്യ പ്ലാറ്റ്‌ഫോമുകളുടെ കുക്കികൾ തുരത്താൻ ഗൂഗിൾ തന്നെ ഉപയോക്താക്കൾക്ക് ആയുധം കൊടുക്കുന്ന ഏർപ്പാടാണ് ഇത്. ഇത് കൊണ്ട് ഗൂഗിൾ ഉപയോക്താക്കളുടെ സഹായം കൊണ്ട് പ്രതിയോഗികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇമ്മാതിരി ബുദ്ധി അല്ലെ? ഈ ഫീച്ചർ/ഉൽപ്പന്നം എന്ന് ഉപയോക്താക്കൾക്ക് ലഭ്യമാക്കും എന്ന് ഗൂഗിൾ പറഞ്ഞിട്ടില്ലെങ്കിലും, ഇത് ഉപയോക്താക്കൾക്ക് ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ടൂൾ ആണെങ്കിൽ ഡിജിറ്റൽ പരസ്യ രംഗത്തെ ഒന്ന് ഉലയ്ക്കാൻ കെൽപ്പുള്ള ഒരു ആയുധമാണെന്നതിൽ തർക്കമില്ല.


പ്രധാന വാർത്തകൾ
 Top