കോട്ടയം
ജനിച്ചുവളർന്ന നാട്ടിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് എസ് ഹരീഷ് ‘മീശ’യിൽ തുന്നിച്ചേർത്തത്. അപ്പർകുട്ടനാടിന്റെയും അതിനോട് ചേർന്ന പ്രദേശങ്ങളുടെയും കഥ നാടൻ ശൈലിയിൽ വിവരിക്കുന്നു. "മീശ'യെ തേടി വയലാർ അവാർഡുമെത്തുമ്പോൾ ഹരീഷിന്റെ ജന്മനാടായ നീണ്ടൂരും ആഹ്ലാദത്തിൽ.
അയർക്കുന്നം, കൈപ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, കല്ലറ, കുമരകം, തിരുവാർപ്പ്, ഒളശ, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പാടങ്ങളും തോടുകളും ജീവിതരീതിയും ഭാഷയുമെല്ലാം മീശയിലുണ്ട്. നോവലിലെ കേന്ദ്രകഥാപാത്രമായ മീശവാവച്ചന്റെ വീടിനോട് ചേർന്നുള്ള ചോഴിയപ്പാറപ്പാടം കൈപ്പുഴയിലാണ്. കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശം പശ്ചാത്തലമായി വരുന്ന "ഗോഡ് ഓഫ് സ്മോൾ തിങ്സ്' പോലുള്ള കൃതികൾ ഉണ്ടെങ്കിലും മീശയെ വേർതിരിച്ച് നിർത്തുന്നത് അതിന്റെ ആഖ്യാന ശൈലിയാണ്. കഥ പറയുന്ന രീതിയിൽ മീശയോട് സാമ്യപ്പെടുത്താവുന്ന നോവൽ മലയാളത്തിൽ ഇല്ലെന്നു പറയാം. നാടോടിക്കഥയുടെയോ നാടൻപാട്ടിന്റെയോ ആഖ്യാന രീതിയായതിനാൽ പതിവ് കഥാക്രമം മീശയിൽ പ്രതീക്ഷിക്കരുത്. ഈ ശൈലി ഹരീഷിൽ ഉടലെടുത്തത് നാടുമായുള്ള ബന്ധത്തിലൂടെയാണ്. നീണ്ടൂർ എസ്കെവി ഗവ. ഹൈസ്കൂളിലായിരുന്നു ഹരീഷിന്റെ പഠനം. പ്രീഡിഗ്രി മാന്നാനം കെ ഇ കോളേജിൽ. കോട്ടയം ബസേലിയസ് കോളേജിൽ ബിരുദവും ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ ബിരുദാനന്തബിരുദവും. കൈപ്പുഴ വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റായ ഹരീഷ് മൂന്നുവർഷമായി അവധിയിലാണ്. മാന്നാനം കെഇ സ്കൂൾ അധ്യാപിക വിവേക ഭാര്യയും വിദ്യാർഥികളായ ബാലു, കേശു എന്നിവർ മക്കളുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..