24 September Thursday

എന്നെ കാപ്പാത്തുങ്കോ...

പാട്രിക്‌ വേഗസ്‌Updated: Saturday Aug 8, 2020


മൂന്നാർ
‘‘എന്നെ കാപ്പാത്തുങ്കോ...’’ അമ്മയുടെ നിലവിളി ദീപന്റെ കാതിൽ ഇപ്പോഴുമുണ്ട‌്. നടുവിലും തോളിലും കൈകാലുകൾക്കും സാരമായി പരിക്കേറ്റ‌് മൂന്നാർ ടാറ്റാ ഹൈറേഞ്ച‌് ആശുപത്രിയിൽ കഴിയുന്ന ദീപൻ, പൂർണ ഗർഭിണിയായ ഭാര്യയടക്കം ഉറ്റവരെയൊന്നൊകെ നഷ്ടമായെന്ന‌് തിരിച്ചറിഞ്ഞിട്ടില്ല. ഒമ്പതുമാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ‌്മി, അച്ഛൻ പ്രഭു, അമ്മ പളനിയമ്മാൾ, ജ്യേഷ‌്ഠൻ പ്രതീഷ‌്കുമാർ, ജ്യേഷ്‌ഠന്റെ ഭാര്യ കസ‌്തൂരി, ഇവരുടെ മക്കളായ പ്രിയദർശിനി(അഞ്ച‌്), ധനുഷ‌്ക(ഒന്ന‌്) എന്നിവരാണ‌് ദീപനു പുറമെ ലയത്തിൽ ഉണ്ടായിരുന്നത‌്. ഭാര്യ മുത്തുലക്ഷ‌്മിയെ  പ്രസവത്തിനായി ഭാര്യാവീട്ടിലേക്ക‌് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങിന്‌ എത്തിയ അമ്മാവന്മാരായ ദിനേശ‌്കുമാർ, രതീഷ‌്കുമാർ എന്നിവരെയും കാണാതായി.

ജീപ്പ‌് ഡ്രൈവറായ ദീപന്റെ(25) മാതാപിതാക്കൾ രാജമല എസ‌്റ്റേറ്റിലെ തൊഴിലാളികളാണ‌്. ‘‘വ്യാഴാഴ‌്ച രാത്രി ഒമ്പതരയോടെയാണ‌് എല്ലാവരും ഭക്ഷണം കഴിച്ച‌് കിടന്നത‌്. ശക്തമായ മഴയുണ്ടായിരുന്നു. എന്താണ‌് സംഭവിച്ചതെന്ന‌് ആദ്യം മനസ്സിലായില്ല. അമ്മേയെന്ന‌് നിലവിളിച്ചതു മാത്രമാണ‌് ഓർമ. ഓർമ വന്നപ്പോൾ ആകെ ഇരുട്ട‌്. ചെളിയിലും വെള്ളത്തിലും അകപ്പെട്ട‌തായി മനസ്സിലാക്കി. തൊട്ടപ്പുറത്ത‌് അമ്മയുടെ നിലവിളി കേട്ടു. അങ്ങോട്ട‌് എത്താൻ കാലനക്കാനായില്ല. മണിക്കൂറുകൾ അവിടെ അകപ്പെട്ടു. പുലർച്ചെ 5.45 ഓടെ മറ്റ‌് ലയങ്ങളിലെ ഗണേഷ‌്, തമ്പിദുരൈ, മുത്തുപാണ്ടി, ദുരൈ എന്നിവരാണ‌് രക്ഷകരായത‌്. അവർ ടോർച്ചുകൾ തെളിച്ച‌് ഓടിയെത്തി ചെളിയിൽനിന്നും എന്നെ പിടിച്ച‌് കരയിൽ എത്തിച്ചു. ദേഹം കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലും എത്തിച്ചു.’’


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top