04 July Saturday

മാറും കേരളത്തിന്റെ ‘ജലച്ഛായ’

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

തിരുവനന്തപുരം
വെസ്‌റ്റ്‌ കോസ്‌റ്റ്‌ കനാൽ യാഥാർഥ്യത്തിലേക്ക്‌. ബേക്കൽമുതൽ കോവളം വരെയുള്ള 585 കിലോമീറ്റർ ജലപാത ഈ വർഷം തുറന്നുകൊടുക്കും.  2025 ആകുമ്പോഴേക്കും 40 മീറ്റർ വീതി ഉറപ്പുവരുത്തും. ചരക്കുഗതാഗതത്തിന്റെ 50 ശതമാനം ജലപാതയിലൂടെയാക്കാനാകും. വിനോദസഞ്ചാരത്തിനും കുതിപ്പേകും. 

മൂന്നുവിമാനത്താവളങ്ങൾ, ചെറുതുറമുഖങ്ങൾ, വ്യവസായ- വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുമായി ജലപാതയെ ബന്ധപ്പെടുത്തും.

കെഎസ്‌ആർടിസിക്ക്‌ 1000 കോടി
തിരുവനന്തപുരം
പ്രതിസന്ധിയിലായ കെഎസ്‌ആർടിസിക്ക്‌ പ്രത്യേക ധനസഹായമായി 1000 കോടിയും ജലഗതാഗതവകുപ്പിന്‌ 111 കോടിയും അനുവദിച്ചു. സ്‌റ്റേറ്റ്‌ വാട്ടർ ട്രാൻസ്‌പോർട്ടിന്‌ 26 കോടിയും കോസ്‌റ്റൽ ഷിപ്പിങ് ഇൻലാൻഡ്‌ നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്‌ 75 കോടിയും വകയിരുത്തി.

റോഡുകൾ തിളങ്ങും 5000 കിലോമീറ്ററിൽ
തിരുവനന്തപുരം
ആധുനിക സാങ്കേതികവിദ്യയിൽ ഈ വർഷം  5000 കിലോമീറ്റർ പൂർത്തീകരിക്കും. റീബിൽഡ് കേരളയിലെ റോഡുകളും കിഫ്ബി റോഡുകളും ദീർഘകാല മെയിന്റനൻസുകൂടി ഉൾക്കൊള്ളുന്നതരത്തിൽ നിർമിക്കാൻ 1102 കോടി  വകയിരുത്തി. നോൺപ്ലാൻ ഇനത്തിൽ 3500 കോടിയും വകയിരുത്തി. കിഫ്ബിലെ 13,358 കോടി, മുൻ പ്ലാനുകളിൽ നടക്കുന്ന പദ്ധതികളുടെ 4500 കോടി, സെൻട്രൽ റോഡ് ഫണ്ടിൽനിന്നുള്ള 1100 കോടി, റീബിൽഡ് കേരളയിലെ 1400 കോടി, കെഎസ്ടിപി 800 കോടി എന്നിങ്ങനെ ആകെ 25,000ൽപ്പരം കോടി രൂപയുടെ നിർമാണപ്രവൃത്തി പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നുണ്ട്‌.

അതിവേഗ റെയിൽ ; ഭൂമി ഏറ്റെടുക്കൽ ഈ വർഷം
തിരുവനന്തപുരം
നാല് മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർകോട്ട്‌ എത്തുന്ന സിൽവർ ലൈൻ അതിവേഗ റെയിൽപ്പാത ഭൂമി ഏറ്റെടുക്കൽ നടപടി ഈ വർഷം ആരംഭിക്കും.
ഭൂമി ഏറ്റെടുക്കൽ നടപടിയും ഉടൻ ആരംഭിക്കും. മൂന്നുവർഷംകൊണ്ട് പൂർത്തീകരിക്കും.


പ്രധാന വാർത്തകൾ
 Top