29 May Friday

ജോളി എന്ന ലേഡി ഹറോൾഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019


കോഴിക്കോട്‌
ഹറോൾഡ് ഫ്രെഡറിക്‌ ഷിപ്മാൻ... കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ എന്നും പേടിയോടെ ഓർക്കുന്ന പേര്‌. ആറ്‌ കൊലകൾ നടത്തി 17 വർഷത്തിനു ശേഷം പിടിയിലായ ജോളിയെ അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്‌പി കെ ജി സൈമൺ ഉപമിച്ചത്‌ ഇംഗ്ലണ്ടിലെ നോട്ടിങ്‌ഹാമിൽ ജനിച്ച മെഡിസിൻ ബിരുദധാരിയായ ഹറോൾഡ്‌ ഷിപ്‌മാനോടായിരുന്നു. 

ജോളിയുടെയും ഹറോൾഡിന്റെയും കൊലപാതക രീതികൾക്ക്‌ സാമ്യമേറെ. സ്വത്തുമോഹം തന്നെയാണ്‌ ഇരുവരെയും കൊലകൾക്ക്‌ പ്രേരിപ്പിച്ചത്‌. ഡയമോർഫിൻ കുത്തിവച്ചാണ്‌ ഡോക്ടറായ ഹറോൾഡ്‌ രോഗികളെ കൊന്നതെങ്കിൽ ഭക്ഷണത്തിൽ സയനൈഡ്‌ കലർത്തിയാണ്‌ ജോളി കൃത്യം നിർവഹിച്ചത്‌. കൊലപാതകങ്ങൾ മറച്ചുവയ്‌ക്കാൻ ഇരുവരും മെനഞ്ഞ തന്ത്രങ്ങൾക്കും സാമ്യം നിരവധി.

വിൽപ്പത്രം തട്ടിയെടുക്കാൻ ഹറോൾഡ്‌ ഒരു വൃദ്ധയെ കൊന്നു. ജോളിയുടെ കൊലപാതക പരമ്പരയിലും വ്യാജ വിൽപ്പത്രമുണ്ട്‌. 15 രോഗികളെ ഹറോൾഡ്‌ കൊലപ്പെടുത്തിയെന്നാണ്‌ അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയത്‌. എന്നാൽ ഇതിലേറെ കൊല നടത്തിയെന്നാണ്‌ നിഗമനം. ഹറോൾഡ് ചികിത്സിച്ചവരുടെ മരണനിരക്ക്‌ കൂടിയപ്പോൾ ഒരു ഡോക്ടറാണ്‌ ഇതേപ്പറ്റി പരാതി നൽകിയത്‌.

എന്നാൽ ഹറോൾഡിനെ കുറ്റവാളിയാക്കാനുള്ള തെളിവുകളില്ലാത്തതിനാൽ 1998ൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ  അതേവർഷം ഇയാൾ മൂന്നു രോഗികളെക്കൂടി കൊലപ്പെടുത്തി. ധനമോഹമാണ്‌ ഹറോൾഡിനെ കുടുക്കിയത്‌. അവസാനം കൊലപ്പെടുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വയോധികയുടെ  സ്വത്ത്‌  തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഹറോൾഡ് പിടിയിലായത്.

കാത്‌ലീന്റെ മകളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്‌ കാത്‌ലീന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്‌തു. ഇവരുടെ ശരീരാവശിഷ്ടങ്ങളിൽ അമിത അളവിൽ ഡയമോർഫിൻ കാണപ്പെട്ടു. കൂടത്തായി കേസിലും കല്ലറ തുറന്ന്‌ പരിശോധന നടത്തിയിരുന്നു.  തുടർന്ന്‌ മറ്റു കേസുകളിലും അന്വേഷണം നടത്തുകയും മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്‌തതോടെ 15 പേരെ ഹറോൾഡ്‌ കൊന്നതായി തെളിഞ്ഞു.

മൃതദേഹങ്ങൾ വൈദ്യുത ശ്മശാനത്തിൽ കത്തിച്ചുകളയാൻ ഇയാൾ ബന്ധുക്കളെ പ്രേരിപ്പിച്ചതായും തെളിഞ്ഞു. 2000 ജനുവരി 31ന് പ്രെസ്റ്റൺ ക്രൗൺ കോടതി ഹറോൾഡ് ഷിപ്മാന്‌ ജീവപര്യന്തം തടവ്‌ വിധിച്ചു. നാലുവർഷത്തിനു ശേഷം 2004 ജനുവരി 13ന് വേക്ക്ഫീൽഡ് ജയിലിൽ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.
 

ബ്യൂട്ടിപാർലർ മറ; വിലസിയത്‌ അസി. പ്രൊഫസറായി
കുന്നമംഗലം
കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി  എൻഐടി മേൽവിലാസം ഉപയോഗപ്പെടുത്തിയത്‌ ബ്യൂട്ടിപാർലർ മറയാക്കി. എൻഐടി ലേഡീസ് ഹോസ്റ്റലിനകത്ത് ഇവർ വർഷങ്ങളായി ബ്യൂട്ടി പാർലർ നടത്തി വരികയാണ്‌. ഇതാണ്‌ എൻഐടിയിലെ വ്യാജ വിലാസത്തിന്‌ ഇവർ ഉപയോഗപ്പെടുത്തിയത്‌. 

എൻഐടിയിലെ അസി. പ്രൊഫസറാണെന്നാണ്‌ ഇവർ നാട്ടുകാരെ ധരിപ്പിച്ചത്‌. എൻഐടിയിലെ ചില ഉദ്യോഗസ്ഥരുമായി ഇവർക്ക്‌ അടുപ്പമുള്ളതായും സൂചന ലഭിച്ചു.
എൻഐടി  കുട്ടികൾ  പുറത്ത് പോകാതിരിക്കാൻ ബ്യൂട്ടിപാർലർ, ടെയ്‌ലറിങ് യൂണിറ്റ്, തുണി അലക്കാനുള്ള സംവിധാനം തുടങ്ങിയവ ഹോസ്റ്റലിനകത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജോളി ക്യാമ്പസിനകത്ത് എത്തുന്നത്. പെൺകുട്ടികളുമായി ഇവർക്ക്  അടുത്ത ബന്ധമാണുള്ളത്. എൻഐടിയിൽ രാഗം, തത്വ തുടങ്ങിയ വലിയ പരിപാടികൾ നടക്കുമ്പോൾ പെൺകുട്ടികൾക്ക് മേയ്ക്കപ്പിടുന്നതിൽ  ജോളി പ്രധാനിയായിരുന്നു. ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻഐടി ഗേറ്റിനടുത്ത് ഇറക്കി വിടാറാണ് പതിവ്.


പ്രധാന വാർത്തകൾ
 Top