19 November Tuesday

കുട്ടകെട്ടി ‘കളറായി’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

കുന്നംകുളം
വന്യജീവികൾക്കുമുന്നിൽ അകപ്പെട്ട് മരണമുഖം കണ്ടപ്പോഴും മലകയറി  അവൻ ഈറ്റവെട്ടി.  കാടിറങ്ങി വന്നവൻ കുട്ടനെയ്ത് കെട്ടി. പാലക്കാടൻ വനമിറങ്ങി കുന്നംകുളത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാനെത്തിയ  സന്ദീപ് പഠനത്തിനൊപ്പം ജീവിതവും നെയ്യുന്നു.

മംഗലംഡാം ലൂർദ്മാതാ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി. ഈറ്റകൊണ്ടുള്ള എച്ച്എസ്എസ് വിഭാഗത്തിൽ ഉൽപ്പന്ന നിർമാണമത്സരത്തിനെത്തി.  മറ്റുള്ളവർ ഈറ്റയും മുളയുമെല്ലാം പണംകൊടുത്തു വാങ്ങി മേളയിൽ എത്തുന്നു. എന്നാൽ, മുളങ്കാടും ഈറ്റയുമെല്ലാം ഈ മിടുക്കന്‌ വീടുപോലെ സ്വന്തം. ചീന്തിയെടുത്ത ഈറ്റകൾകൊണ്ട് കുട്ട വിരിയാൻ നിമിഷങ്ങൾ, ഒന്നല്ല. അഞ്ചെണ്ണം.

മംഗലംഡാമിനടുത്ത് മലയൻ കോളനിയിലെ രാജന്റെയും കാർത്തുവിന്റെയും മകനാണ്.  ഇവരുടെ മുഖ്യ തൊഴിൽ ഈറ്റ ഉൽപ്പന്ന വിൽപ്പന.  അവധി ദിവസങ്ങളിൽ സന്ദീപും അച്ഛനമ്മമാരോടൊപ്പം കാട്ടിൽ പോകും. കഴിഞ്ഞ വർഷം മലകയറുന്നതിനിടെ പാഞ്ഞെത്തിയ കൊമ്പനുമുന്നിൽ  അകപ്പെട്ട ഭീതിദ അനുഭവവും സന്ദീപ്‌ പറഞ്ഞു. പല ദിവസങ്ങളിലും ആനയും   പുലിയും വരാറുണ്ട്. പലപ്പോഴും ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയാണ്‌ പതിവ്‌.

സന്ദീപ് കുട്ടതുന്നുക മാത്രമല്ല അവ മനോഹരമാക്കാനും മിടുക്കൻ. പച്ചയും മഞ്ഞയും ഇടകലർത്തും. പച്ച പുറംതോട് കരയാക്കുമ്പോൾ അതിന്‌
ഭംഗി വേറെയെന്ന്‌ സന്ദീപ്‌.  അങ്ങനെ ഈ കുട്ടകൾ ‘കളർ’ ഐറ്റവുമായി.

മീൻ പിടിക്കുന്ന കുരുത്തിയും ചൂലും പൊടിതട്ടിയും തൊപ്പിയും  പൂപ്പാത്രവുമെല്ലാം കുട്ടികളുടെ കരവിരുതിൽ പിറന്നു.


പ്രധാന വാർത്തകൾ
 Top