20 October Tuesday
ഇന്ന്‌ അധ്യാപകദിനം

അക്ഷരവെളിച്ചവുമായി കൊടുങ്കാട്ടിലൂടെ, അറിവിന്റെ ഖനിയുമായി അമ്മിണി ടീച്ചർ

എം സനോജ‌്Updated: Saturday Sep 5, 2020


പലതവണ കാട്ടാനക്കൂട്ടം മുന്നിൽ വന്ന്‌ ചിന്നം വളിച്ചു. മലമ്പാമ്പുകൾ പത്തി വിടർത്തി. എന്നിട്ടും അമ്മിണി ടീച്ചർ അറിവിന്റെ ഖനിയുമായി ആ കൊടുങ്കാട്ടിലൂടെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലേക്ക്‌ നടന്നു.  പുഞ്ചക്കൊല്ലിയിൽ അറിവിന്റെ പ്രകാശം പരത്താനുള്ള ഭീതിനിറഞ്ഞ യാത്ര 73–-ാം വയസിലും തുടരുകയാണ് ടീച്ചർ‌.  കോളനിയിലെ ബാലവിജ്ഞാന കേന്ദ്രത്തിലെ അധ്യാപികയാണ്‌ അമ്മിണി. ലിപിയില്ലാത്ത ഭാഷ സംസാരിച്ച ചോലനായ്ക്കരെ മലയാളം വായിക്കാനും  പറയാനും പഠിപ്പിച്ചു‌. 19 കുട്ടികൾ  ടീച്ചറുടെ കീഴിൽ വിദ്യ അഭ്യസിക്കുന്നുണ്ട്. നിലമ്പൂർ മണലൊടിയിലെ വീട്ടിൽനിന്ന്‌ പുലർച്ചെ ആറിന്‌ തുടങ്ങും ടീച്ചറുടെ യാത്ര. പുഴ കടന്ന്, ആറ് കിലോമീറ്ററോളം കൊടുംവനത്തിലൂടെ ഒന്നര മണിക്കൂർ പിന്നിട്ടാണ്‌ എത്തുക. കാടിനുള്ളിലാണ്  പ്രാക്താനഗോത്രവിഭാഗം കുട്ടികളുടെ ബാലവിജ്ഞാന കേന്ദ്രം. പകൽ മുഴുവൻ കുട്ടികളോടൊപ്പം‌. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും. വീണ്ടും ആറ്  കിലോമീറ്റർ വന്യമൃഗങ്ങൾക്ക് മുന്നിലൂടെ മടക്കം. 37 വർഷമായി ഈ പോക്കും വരവും. പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി മേഖലയിലെ കുട്ടികളാണ് ബാലവിജ്ഞാനകേന്ദ്രത്തിലുള്ളത്‌. അവരെ അക്ഷരവും കണക്കും സയൻസുമെല്ലാം പഠിപ്പിക്കും.

1982ലാണ് പട്ടികവർഗ വകുപ്പിന് കീഴിലുള്ള ഈ  വിദ്യാലയത്തിൽ ടീച്ചറായത്. പുഞ്ചക്കൊല്ലിയിലെ ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ ബാലവിജ്ഞാനകേന്ദ്രം  തുടങ്ങിയപ്പോൾ അധ്യാപകരെ കിട്ടിയിരുന്നില്ല. കൊടുങ്കാട്ടിൽ തുച്ഛ വേതനത്തിന്  ആരും ജോലി ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് അമ്മിണി വെല്ലുവിളി ഏറ്റെടുത്തത്. ടീച്ചർ കോളനിയിലെത്തിയശേഷമാണ്  കുട്ടികൾ പലരും സ്കൂളുകളിൽ പോവാനും പഠിക്കാനും തുടങ്ങിയത്. വനവിഭവ ശേഖരണത്തിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കാനും ടീച്ചർ പഠിപ്പിച്ചു. പല കുടുംബങ്ങൾക്കും സർക്കാർ സഹായത്താൽ വീടുകൾ ലഭ്യമാക്കാനും  വൈദ്യുതിയെത്തിക്കാനും പരിശ്രമിച്ചു. തുടക്കത്തിൽ 300 രൂപയായിരുന്നു മാസവേതനം.
ഇപ്പോഴും 4000 രൂപ മാത്രമാണ് ടീച്ചർക്ക് കിട്ടുന്നത്‌. തയ്യൽത്തൊഴിലാളിയായ കാരിപ്പറമ്പൻ വീട്ടിൽ കുമാരനാണ്‌ ഭർത്താവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top