20 April Tuesday

ഇവന്‍ സംഗമേശ്വരന്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021



സിനിമാ അഭിനയമായിരുന്നില്ല പി ബാലചന്ദ്രന്റെ ഹൃദയത്തോടടുത്ത പ്രവൃത്തിമണ്ഡലം. അദ്ദേഹവുമായി അടുത്ത് പരിചയമുള്ളവർക്ക് അറിയുന്ന കാര്യമാണിത്‌. അഭിനയം തീർച്ചയായും അദ്ദേഹത്തിന് ജന്മസിദ്ധമായിരുന്നു. ജീവിതസംഘർഷങ്ങളെ ചില അഭിനയമുഹൂർത്തങ്ങളായി പരിവർത്തിപ്പിച്ച് അലിയിപ്പിച്ചുകളയുന്ന ജാലവിദ്യ ബാലചന്ദ്രന് സഹജമായിരുന്നു. എങ്കിലും ആ കഴിവിനെ ഒരു തൊഴിലാക്കി മാറ്റാനോ, ഒരു മുഴുവൻ സമയ അഭിനേതാവായി സിനിമാരംഗത്ത് തുടരാനോ അദ്ദേഹത്തിനു മനസ്സുണ്ടായിരുന്നില്ല. തിരക്കഥാരചനയും സംവിധാനവുമാണ് തന്റെ മനസിന് കൂടുതൽ ഇണങ്ങുക എന്ന് ഒരിക്കൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപന ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം 2012 മുതലാണ് അഭിനയരംഗത്ത് സജീവമായത്. "ഇവൻ മേഘരൂപൻ' എന്ന പേരിൽ കവി പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആധാരമാക്കി സിനിമയൊരുക്കി. ഒരു ദൃശ്യാനുഭവമെന്ന നിലയ്ക്ക് ഏറെ പ്രകീർത്തിക്കപ്പെട്ടെങ്കിലും അർഹമായ അംഗീകാരം സിനിമാരംഗത്തുള്ളവർ "ഇവൻ മേഘരൂപ'ന് നൽകിയോ എന്ന്‌ പരിശോധിക്കപ്പെടേണ്ടതാണ്. 

സിനിമയല്ല, നാടകം തന്നെയാണ് ബാലചന്ദ്രന്റെ തട്ടകം. സ്കൂൾ ഓഫ് ലെറ്റേഴ്സിലെ നാടക പഠനശാഖയിലെ നെടുംതൂണായിരുന്നു ബാലചന്ദ്രൻ. ജി ശങ്കരപ്പിള്ളയ്ക്കും നരേന്ദ്രപ്രസാദിനും ശേഷം സ്കൂൾ ഓഫ് ലെറ്റേഴ്സിലെ നാടക പഠനപദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. പ്രൊഫസർ ശങ്കരപ്പിള്ള രൂപപ്പെടുത്തിയ ധാരണകളുടെ ശക്തമായ അടിത്തറ മേലാണ് ബാലചന്ദ്രൻ സ്വന്തം നാടകസങ്കൽപ്പം കെട്ടിയുയർത്തിയത്‌.

പലതരം സാംസ്കാരിക പാഠങ്ങളുടെ സംഗമസ്ഥാനമായിരുന്നു ബാലചന്ദ്രൻ. പൊതുപ്രവർത്തനവും നാടകരചനയും സംവിധാനവും സിനിമാഭിനയവും തിരക്കഥാരചനയും സരസഭാഷണവുമെല്ലാം അവിടെ മേളിച്ചു. അപ്പോൾ തന്നെ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വലിപ്പച്ചെറുപ്പമില്ലാതെ  അദ്ദേഹം ബാലേട്ടനായിരുന്നു.

പ്രൊഫ. പി പി രവീന്ദ്രൻ
(എംജി സർവകലാശാല സ്‌കൂൾ ഓഫ്‌ 
ലെറ്റേഴ്‌സിലെ റിട്ട. അധ്യാപകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top