28 May Thursday

എരിഞ്ഞടങ്ങിയ സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020

മുഹമ്മദ്‌ മുനസിർ കത്തിയമർന്ന സ്വന്തം വീട്ടിലെത്തിയപ്പോൾ


ന്യൂഡൽഹി
വീട്‌ മുഹമദ്‌ മുനസിറിന്റെ സ്വപ്‌നമായിരുന്നു. ഉപജീവനത്തിനായി ബിഹാറിൽ നിന്ന്‌ ഡൽഹിയിലെത്തി രണ്ട്‌ ദശകം പിന്നിട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ചേരിയിൽ ടാർപോളിൻ കുടിലിലായിരുന്നു താമസം. രാപകൽ അധ്വാനിച്ചു. ഒടുവിൽ സഹോദരന്റെകൂടി പങ്കാളിത്തത്തോടെ ഖജൂരിഖാസിൽ ഇരുനിലവീട്‌ സ്വന്തമാക്കി. ആഹ്ലാദം ഏറെനാൾ നീണ്ടില്ല. സംഘപരിവാരത്തിന്റെ കലാപത്തീയിൽ അവരുടെ ‘സ്വപ്‌നക്കൂട്‌’ എരിഞ്ഞടങ്ങി.

ബിഹാറിൽനിന്ന് ഡൽഹിയിൽ എത്തിയപ്പോള്‍ ബുക്ക്ബൈൻഡിങ്‌ കടയിലാണ്‌ മുനസിർ  ആദ്യം പണിയെടുത്തത്.  സ്ഥാപനം പൂട്ടിയതോടെ ബിരിയാണി ഉണ്ടാക്കി വിൽപ്പന തുടങ്ങി. ഉന്തുവണ്ടിയിൽ ബിരിയാണി ചെമ്പ്‌ വച്ച്‌ വഴിയരികിൽ വിൽപ്പന. ദിവസം ആയിരംരൂപ വരെ ലാഭം ലഭിച്ചു. ബിരിയാണിവില്‍പ്പന പൊടിപൊടിച്ചു. അനിയനുമൊത്ത്‌ ഖജൂരിഖാസിൽ 24 ലക്ഷം രൂപ മുടക്കിയാണ് വീട്‌ വാങ്ങിയത്‌.

അവര്‍ മുസ്ലിങ്ങളെ തേടിവന്നു
ഫെബ്രുവരി 24 ന്‌ പുലർച്ചെയാണ്‌ ജയ്‌ ശ്രീറാം വിളികളോടെ ഒരുപറ്റം അവിടേക്ക് ഇരച്ചുകയറിയത്. ആയുധങ്ങളും പെട്രോൾ ബോംബുകളുമായി വന്നവര്‍ ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ചിരുന്നു.  അക്രമികളെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ, അവരുടെ എണ്ണം കൂടിക്കൂടി വന്നു. വീട്ടിലേക്ക്‌ ഓടിക്കയറിയ മുനസിർ വാതിലടച്ചു. പൊലീസിനെ ഫോണിൽ വിളിച്ചു. അക്രമികൾ ഇതിനിടെ വാതിലിൽ തട്ടിത്തുടങ്ങി. സമീപത്തെ പള്ളി ആക്രമിക്കാനായി സംഘം പോയതിനാൽ മുനസിറും കുടുംബവും തൽക്കാലത്തേക്ക്‌ രക്ഷപ്പെട്ടു.

ആറു മണിക്കൂർ വൈകി പൊലീസ്‌ എത്തി.  മുനസിറിനെയും കുടുംബത്തെയും മറ്റൊരിടത്തേക്ക് മാറ്റി. എന്നാല്‍, മടങ്ങിവന്ന മുനസിര്‍ കണ്ടത് വീടിന്റെ അസ്ഥികൂടം മാത്രമായിരുന്നു. എല്ലാം കത്തിച്ചുകളഞ്ഞു. വീട്ടുപകരണങ്ങളും വിലപ്പെട്ട രേഖകളും കുട്ടികളുടെ പുസ്‌തകങ്ങളുമെല്ലാം ചാമ്പലായി.

ഖജൂരിഖാസിൽ ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളുംമാത്രം തെരഞ്ഞുപിടിച്ചാണ് നശിപ്പിച്ചത്. അക്രമികൾക്ക്‌ അയൽവാസികളുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന്‌ മുനസിർ പറയുന്നു. അല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ മാത്രമായി ആക്രമിക്കപ്പെടില്ല. പൊലീസ്‌ നിസ്സംഗമായി നോക്കിനിൽക്കെയാണ്‌ വീടുകളും കടകളുമെല്ലാം  കൊള്ളയടിച്ചതും കൊള്ളിവച്ചതും.


പ്രധാന വാർത്തകൾ
 Top