20 March Wednesday

വാഴകൃഷിയില്‍ ജൈവജീവിതം

മനോഹരന്‍ കൈതപ്രംUpdated: Saturday Nov 4, 2017

ഇരിട്ടി >  യുദ്ധക്കെടുതികളും വംശീയവൈരത്തിന്റെ ചോരക്കളങ്ങളും കണ്ട് മനം മടുത്ത് യുഎന്‍ സമാധാന ദൌത്യസേനയിലെ സഹായി പദം മതിയാക്കിയ ജോണിക്ക് തുണ ജൈവ കൃഷി. വാഴകൃഷിക്കിറങ്ങിയ പരുത്തി വയല്‍ ജോണി തന്റെ ഏത്തവാഴകൃഷി 1300ല്‍ നിന്ന് മൂവായിരത്തിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ കൊല്ലമാണ് ജോണി ജൈവവാഴ കൃഷിരംഗത്തേക്കിറങ്ങിയത്. അതിന് മുമ്പ് യുഎന്‍ രക്ഷാസേനയുടെ ഉപവിഭാഗത്തില്‍ സഹായി.

2015ല്‍ കുവൈറ്റിലെ ആരീഫ്ജാന്‍ യുദ്ധാന്തരക്യാമ്പിലൂടെയാണ് ജോണി യുഎന്‍ രക്ഷാ സേനയില്‍ സൈനിക സഹായിയായി ചേര്‍ന്നത്. പിന്നീട് അഫ്ഗാനിലെത്തി. അഫ്ഗാനില്‍ വംശീയ യുദ്ധത്തിന്റെ കെടുതികള്‍ നേരില്‍ കണ്ടു. ചോരക്കളം തീര്‍ക്കുന്ന കുടിപ്പകയില്‍ ജീവനെടുക്കുന്ന പൈശാചിക സംഭവങ്ങള്‍ക്കും സാക്ഷിയായി. രക്ഷാദൌത്യവുമായെത്തിയ സേനക്ക് പിന്നാലെ അമേരിക്കന്‍ വാണിജ്യ അധിനിവേശത്തിന്റെ അക്രമോല്‍സുകതക്കും അഫ്ഗാനില്‍ സാക്ഷിയായി. ഒടുവില്‍ സേവനം അവസാനിപ്പിച്ച് സ്വന്തം നാടായ കൊട്ടിയൂരിലെത്തി. പിന്നീടാണ് മാടത്തില്‍ സ്കൂളിനടുത്ത് വീട് പണിത് സ്ഥിരതാമസമാക്കിയത്. അക്കൊല്ലം തന്നെ റോഡരികിലെ തൃപ്പൂണിത്തുറക്കാരന്‍ വക്കീലിന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഏത്ത വാഴകൃഷിയാരംഭിച്ചു. വിളവെടുപ്പില്‍ ശരാശരി 35 കിലൊ വരെ തൂക്കമുള്ള ലക്ഷണമൊത്ത കുലകളും മികച്ച വിലയും നേടാനായി. ഇതോടെ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും വരുമാന മാര്‍ഗവുമായെന്ന് ജോണിയുടെ സാക്ഷ്യം.

ഇത്തവണ മൂന്നിടങ്ങളിലായാണ് ജോണിയുടെ പാട്ടകൃഷി. മൂവായിരം ചുവട് ഏത്തവാഴയുണ്ട്. പായം പഞ്ചായത്തിലെ മാടത്തില്‍, പെരുമ്പറമ്പ്, തെങ്ങോല ഗ്രാമങ്ങളിലാണ് കൃഷി. ജെസിബി കൊണ്ട് ആഴത്തില്‍ ചാലുകള്‍ നിര്‍മിച്ച് ഇടവിട്ട് ഉയര്‍ത്തി നല്ല വീതയില്‍ മണ്‍തിട്ട രൂപപ്പെടുത്തുന്ന വാഴത്തോപ്പുകളിലെ ചാലുകളിലാണ് വാഴകളുടെ നില്‍പ്പ്. കടലപ്പിണ്ണാക്കും ചാണകവും വേപ്പെണ്ണയും പ്രാണികീട ലായനിയും ചേര്‍ത്ത് ബാരലുകളില്‍ തയ്യാറാക്കുന്ന ജൈവവളരസായനം എല്ലാ ചാലുകള്‍ക്കരികിലും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മുഴുവന്‍ വാഴച്ചുവടുകളിലേക്കും ഇടവിട്ട് മൂന്നും നാലും ലിറ്റര്‍ വീതം നേര്‍പ്പിച്ച് ശ്രദ്ധാപൂര്‍വം ഒഴിച്ചുള്ള ജൈവവള ജലസേചനവും ഒപ്പം   പൈപ്പ് വഴിയുള്ള നനയും. വാഴകള്‍ നല്ല പച്ചപ്പോടെ ശിരസിയര്‍ത്തി വളരുന്നത് കണ്ട് ജോണി പറയുന്നു-'ഇക്കുറി 40 കിലോയില്‍ കുറയാത്ത കുലവീതം കിട്ടും'- വാഴയുടെ മനസറിഞ്ഞ കൃഷിക്കാരന്‍.

സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം മിഷന്‍ പ്രചരണങ്ങളാണ് തന്നെ കൃഷിരംഗത്തേക്കറിക്കിയതെന്ന് ജോണി പറഞ്ഞു. 43 രൂപ വരെ വില കിട്ടുന്ന മേത്തരം ഉല്‍പ്പന്നമായി ജൈവ ഏത്തക്കായക്ക് മാര്‍ക്കറ്റില്‍ നല്ല സ്വീകാര്യത. കണ്ണൂര്‍ വിമാനത്താവളം കൂടി പ്രാവര്‍തികമാവുന്നതോടെ കയറ്റുമതി സാധ്യതയും ഉപയോഗപ്പെടുത്താനാണ് ജോണിയുടെ നീക്കം. വാഴത്തോപ്പില്‍ കഴിഞ്ഞ കൊല്ലം പത്ത് കുലകള്‍ മോഷണം പോയി. കളവ് തടയാന്‍തോട്ടത്തില്‍ രാത്രി കാല റെക്കോര്‍ഡിംഗ് സാധ്യമാവുന്ന തരത്തില്‍ മികച്ച സിസി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യകാലത്തെ പ്രവാസ ജീവിതഘട്ടത്തില്‍ കൃഷിയില്‍ അത്രകണ്ട് താല്‍പ്പര്യമെടുക്കാന്‍ കഴിയാതിരുന്ന ജോണിക്ക് കുടുംബവും പുതിയ സംരംഭത്തിന് താങ്ങായുണ്ട്.

ഭാര്യ വിനു ഇരിട്ടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു. മക്കളായ ഇവ്ലിന്‍, ഇവാന എന്നിവര്‍ കടത്തുംകടവ് സെന്റ്ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ജോണിയുടെ ഫോണ്‍ നമ്പര്‍: 9497725820

 

പ്രധാന വാർത്തകൾ
 Top