20 February Wednesday

പോരാട്ടങ്ങൾ പൂക്കുന്ന സമരമരം

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

"വല്ലാതെ തണുക്കുമ്പോൾ ഇവിടേക്ക് വരിക. ഈ തണലിലെ തീ കായുക" എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രപ്രസിദ്ധമായ സമരമരത്തിനുകീഴിൽ എഴുതിയിരിക്കുന്ന വാചകമാണിത്.  പോരാട്ടത്തിന്റെയും  പ്രതിജ്ഞകളുടെയും കഥകളാണ് മഹാരാജാസ് കോളേജിന്റെ  സമരമരത്തിനു പറയാനുള്ളത്. ആദ്യംമുതലേ സമരമരം ഇവിടെയുണ്ട്. ഈ മരത്തിനു കീഴിൽനിന്നാണ് വിദ്യാർഥികൾ  മുഷ്ടികൾ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇവിടെനിന്നാണ് മഹാരാജാസിന്റെ ഇടനാഴികളിലേക്കും നടുമുറ്റത്തേക്കും അവർ കൊടികളേന്തി നടന്നത്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി  ഒത്തുകൂടിയവര്‍ക്ക് ആവേശമാണ‌് സമരമരം.

കോളേജ് യൂണിയൻ ഓഫീസിനുപുറകിലായി നിവർന്നുനിൽക്കുന്ന സമരമരത്തിനു കീഴിൽനിന്നാണ് ഇന്നും  വിദ്യാർഥികളുടെ  പ്രകടനങ്ങൾ ആരംഭിക്കുന്നത്. മുദ്രാവാക്യങ്ങൾ വിളിക്കുന്നത്. ഇന്നലെയുടെ പോരാട്ടങ്ങൾക്ക‌് സാക്ഷിയായ സമരമരം ഇന്നിന്റെ സമരങ്ങൾക്ക് ചൂടുപകരുന്നു. നാളെയുടെ പോരാട്ടങ്ങൾക്ക് ഊർജമാകുന്നു. 

അതുകൊണ്ടുതന്നെ മഹാരാജാസിലേക്കെത്തുന്നവർ ആദ്യം കാണാനാഗ്രഹിക്കുന്നതും സമരമരമാണ്. ഒരുതവണയെങ്കിലും സമരമരത്തിനുകീഴിൽ അൽപ്പനേരം ഇരിക്കണം... വിപ്ലവത്തിന്റെ ചൂടറിയണം... ഫോട്ടോ പകർത്തണം... ഇതിനെല്ലാം അവർ ആവേശം പ്രകടിപ്പിക്കുന്നത് സമരമരത്തിന്റെ വിപ്ലവവീര്യമറിഞ്ഞാണ്. ഒട്ടുമിക്ക കലാലയങ്ങൾക്കും സമരമരം ഉണ്ടെങ്കിലും മഹാരാജാസിന്റെ സമരമരം ഏതു ചൂടിലും മഴപെയ്യിപ്പിക്കുമെന്നാണ് ഇവിടത്തെ വിദ്യാർഥികളുടെ പക്ഷം.


പ്രധാന വാർത്തകൾ
 Top