21 October Wednesday

"അനാഥരാകില്ല; നാട്‌ ചേർത്ത്‌ പിടിക്കും നിങ്ങളെ'

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


തിരുവനന്തപുരം
‘ഇതുപോലൊരു തിരുവോണനാളിലാണ്‌ ഞങ്ങളുടെ പൊന്നു സഹോദരനെ അവർ കൊന്നുതള്ളിയത്‌. ഉറ്റവർ നഷ്ടപ്പെടുന്നവരുടെ വേദന ഞങ്ങൾക്കറിയാം. എങ്കിലും തളരരുത്‌. ഈ പാർടിയും സഖാക്കളും എന്നും തങ്ങായുണ്ടാകും. പാർടിയുടെ കരുത്തിലാണ്‌ ഞങ്ങൾ എല്ലാം അതിജീവിച്ചത്‌...’ രക്തസാക്ഷി ഹഖ്‌‌ മുഹമ്മദിന്റെ ഉപ്പയെ ചേർത്ത്‌ പിടിച്ച്‌ ഇത്‌ പറയുമ്പോൾ എം എസ്‌ മധുവിന്റെയും എം എസ്‌  രാജേന്ദ്രന്റെയും തൊണ്ട ഇടറി. ഹഖിന്റെ മകൾ ഐറ ഉപ്പൂപ്പയുടെ മടിയിലേക്ക്‌. താലോലിക്കാൻ രജേന്ദ്രന്റെ കൈ നീണ്ടപ്പോൾ ഐറ മൊബൈൽ ഫോൺ കൈയിലാക്കി കളി അതിലായി. 

രക്തസാക്ഷി എം എസ്‌ പ്രസാദിന്റെ സഹോദരന്മാരാണ്‌ എം എസ്‌ മധുവും എം എസ്‌ രാജേന്ദ്രനും. 1984 സപ്‌തംബർ ഏഴിന്‌ തിരുവോണനാളിലാണ്‌ ചിറ്റാറിൽ കെഎസ്‌യു–-കോൺഗ്രസ്‌ ഗുണ്ടകൾ പ്രസാദിനെ കൊലപ്പെടുത്തിയത്‌.

വർഷങ്ങൾക്കുശേഷം മറ്റൊരു തിരുവോണം പിറക്കുന്നതിനിടെയാണ്‌ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗുണ്ടകൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. ഇവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ്‌ വെഞ്ഞാറാമൂട്‌ കലിങ്കിൻമുഖത്തെയും വെമ്പായം തോവലക്കാട്ടെയും വീടുകളിൽ മധുവും രാജേന്ദ്രനും എത്തിയത്‌. എം എസ്‌ പ്രസാദിന്റെ സഹോദരീ ഭർത്താവ്‌ ജി സുന്ദരേശനും രാജേന്ദ്രന്റെ മകൻ അക്ഷയും സിപിഐ എം ചിറ്റാർ ലോക്കൽ കമ്മിറ്റി അംഗം റെജിയും കൂടെയുണ്ടായി. 

മിഥിലാജിന്റെ വീട്ടിലെത്തിയ ഇവർ മിഥിലാജിന്റെ മക്കൾ ഇഹ്‌സാൻ, ഇർഫാൻ, സഹോദരൻ നിസാം, മറ്റ്‌ ബന്ധുക്കൾ എന്നിവരെ ആശ്വസിപ്പിച്ചു. പ്രായം 89 കഴിഞ്ഞെങ്കിലും എല്ലാ തിരുവോണത്തിനും പ്രസാദിനെ ഓർത്ത്‌ സങ്കടംവാർക്കും അമ്മ തങ്കമ്മ. പ്രായത്തിന്റെ അവശത കാരണമാണ്‌ ഇവിടേക്ക്‌ അവരെ കൊണ്ടുവരാത്തതെന്നും എം എസ്‌ രാജേന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top