14 July Tuesday

ഹരിതയും നുണഞ്ഞു ഓൺലൈൻ ക്ലാസ്

കെ എസ് ഗിരീഷ്Updated: Tuesday Jun 2, 2020

കാവാലം ഗവൺമെന്റ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഹരിതയുടെ വീട്ടിലെത്തി സ്വന്തം ലാപ് ടോപിൽ ഓൺലൈൻ പഠനം പരിചയപ്പെടുത്തുന്ന അധ്യാപിക അനുമോൾ ഫോട്ടോ: ഷിബിൻ ചെറുകര


ആലപ്പുഴ
ഹരിത സതീഷിന്റെ വീട് ഒരു കൂരയാണ്. വൈദ്യുതിയുടെ ഇത്തിരിവെട്ടമില്ല. തറയിൽ പായ വിരിച്ചാണ് ഉറക്കം. ഇല്ലായ്‌മകൾക്കിടയിലും ഈ ഒന്നാം ക്ലാസുകാരിക്ക് ഓൺലൈൻ പഠനക്ലാസിൽ പങ്കാളിയാകാനായി. സ്‌കൂളിലെ അധ്യാപിക ലാപ്ടോപ്പുമായി ഹരിതയുടെ വീട്ടിലെത്തി ഓൺലൈൻ ക്ലാസിന്റെ മധുരം നുണയാൻ അവസരമൊരുക്കുകയായിരുന്നു.

കാവാലം ഗവ. എൽപി സ്‌കൂൾ  വിദ്യാർഥിയാണ് ഹരിത. എൽകെജിയും യുകെജിയും പഠിച്ചത് ഇതേ സ്‌കൂളിലായിരുന്നു. കൂലിപ്പണിക്കാരനായ കാവാലം അംബേദ്കർ കോളനി ഇടക്കരിച്ചിറ വീട്ടിൽ സതീഷിന്റെയും വിനിതയുടെയും മകൾ. കുടുംബവീട്ടിൽനിന്ന് അടുത്തയിടെയാണ് സതീഷ് മാറിത്താമസിച്ചത്. പലക ഉപയോഗിച്ച് മറച്ച വീടിന് തകര മേൽക്കൂരയാണ്.

സ്‌കൂളിൽനിന്ന് സർവേ നടത്തിയപ്പോൾ ഹരിതയ്‌ക്ക് ടിവിയും ‌ സ്‌മാർട്ട്ഫോണും മറ്റ് സൗകര്യങ്ങളുമില്ലാത്തതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് വീട്ടിലെത്തി ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കിയത്. കൈറ്റ് സ്‌കൂൾ പദ്ധതിയിൽ സ്‌കൂളിന് ലഭിച്ച ലാപ്ടോപ്പുമായി അധ്യാപിക കെ അനുമോളാണ് എത്തിയത്.   പകൽ 10.30ന്  ക്ലാസ് ലാപ്ടോപ്പിൽ തെളിഞ്ഞതോടെ ഹരിതയ്‌ക്ക്‌ സന്തോഷം അടക്കാനായില്ല. അനുജൻ അഭിനേഷ് കൗതുകത്തോടെ ഒപ്പം കൂടി; അമ്മ വിനിതയും പങ്കുചേർന്നു. ഹരിതയ്‌ക്ക് ഒരുവയസുള്ള സഹോദരിയുമുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top