29 February Saturday

പ്രതീക്ഷ നല്‍കുന്ന ശാസ്ത്രരംഗം

ജോജി കൂട്ടുമ്മേല്‍Updated: Thursday Jan 2, 2020


നാസയുടെ ബഹിരാകാശപേടകമായ ന്യൂ ഹൊറൈസോണ്‍സ് സൗരയൂഥത്തില്‍ നെപ്ട്യൂണിനുമപ്പുറത്ത് കുയ്പ്പര്‍ ബെല്‍റ്റിലെ അള്‍ട്ടിമ ത്യൂലെ എന്ന പേരിട്ട ഒരു ബഹിരാകാശ വസ്തുവിനെ കടന്ന് പോയി എന്ന വാര്‍ത്തയുമായാണ് 2019 ലെ പുതുവര്‍ഷപ്പുലരി പിറന്നത്.ഒരു മനുഷ്യനിര്‍മ്മിത വസ്തു കണ്ടുമുട്ടുന്ന ഭൂമിയില്‍ നിന്നുള്ള ഏറ്റവും വിദൂരവസ്തുവാണ് അള്‍ട്ടിമ ത്യുലെ. ഇതിന് ആകാശം എന്ന അര്‍ത്ഥമുള്ള അരോക്കത്ത് എന്ന്  പിന്നീട് പേര് മാറ്റി നിശ്ചയിക്കുകയുണ്ടായി.കുയ്പ്പര്‍ ബെല്‍റ്റ് നെപ്ട്യൂണ്‍ മുതല്‍ അമ്പത് ആസ്ട്രോണമിക്കല്‍ യൂണിറ്റ് അപ്പുറം വരെ വ്യാപിച്ച് കിടക്കുന്ന,സൂര്യവെളിച്ചം കിട്ടാത്ത,നിതാന്ത ഇരുള്‍ മേഖലയാണ്. ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ് ഏകദേശം പതിനഞ്ച് കോടി കിലോമീറ്റര്‍ വരും.അനന്തമായ ചക്രവാള സീമകള്‍ക്കപ്പുറത്ത് ഇരുളിനെ ഭേദിച്ചും മുന്നോട്ടു പോകുന്ന ശാസ്ത്രത്തിന്റെ ഒരടയാളമായി നമുക്കിതിനെ അടയാള പ്പെടുത്താം. ഇതേത്തുടര്‍ന്ന് ശുഭപ്രതീക്ഷ പങ്ക് വയ്ക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ നിരവധി നേട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം ശാസ്ത്രം നമുക്ക് സമ്മാനിക്കുകയുണ്ടായി.


 

തമോദ്വാരത്തിന്റെ ചിത്രീകരണം 
പോയ വര്‍ഷത്തെ ഏറ്റവും വിസ്മയകരമായ ശാസ്ത്രനേട്ടം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. ഒരു തമോദ്വാരത്തിന്റെ ചിത്രമെടുത്തു. അതൊരു നീണ്ട കാത്തിരിപ്പിന്റെ സാക്ഷാത്ക്കാരമായിരുന്നു.വലിയ നക്ഷത്രങ്ങളുടെ പരിണാമദശയിലെ അന്ത്യഘട്ടമാണ് തമോദ്വാരം.ഭൂമിയിൽ നിന്ന് 5.5 കോടി പ്രകാശവർഷം അകലെയുള്ള എം‐87 എന്ന സർപ്പിള ഗാലക്സിയുടെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന തമോദ്വാര ത്തിന്റെ ചിത്രമാണ് ലഭിച്ചത്.സൂര്യന്റെ 650 കോടി മടങ്ങ് പിണ്ഡമുണ്ടതിന്.2000 കോടി കിലോ മീറ്റര്‍ വ്യാസാർധമുള്ള സംഭവചക്രവാളവും.ഭൂമിയെ മൊത്തമായി ഒരു ദൂരദർശിനിയായി രൂപാന്തരപ്പെടുത്തിയാണ് ശാസ്ത്രജ്ഞർ ഈ തമോദ്വാരത്തിന്റെ ചിത്രീകരണം സാധ്യമാക്കിയത്.അതായത് ഭൂമിയുടെ വിവിധ ഭാഗങ്ങ ളിൽ സജ്ജീകരിച്ചിട്ടുള്ള വലിയ ദൂരദർശിനികൾ ഉപയോഗിച്ച് ഒരേസമയം നിരീക്ഷണം നടത്തുന്ന രീതി.


 

ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സമവാക്യങ്ങള്‍ അനുസരിച്ച്  തമോദ്വാരങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത പ്രവചിചിക്കപ്പെട്ടിരുന്നു.അതിന്റെ പരിധിക്കുള്ളിലെത്തുന്ന എന്തിനേയും അത് ആകര്‍ഷിച്ച് വലിച്ചെടുക്കുന്നു.കാരണം ഇവിടെ ഗുരുത്വാകർഷണ ബലം അനന്തമാണ്. ഐന്‍സ്റ്റൈന്റെ ഭാഷയില്‍ സ്ഥലകാല വക്രത അനന്തമാകുുന്നു എന്ന് പറയാം.പ്രകാശം പോലും പുറത്തുവരാ ത്തതുകൊണ്ട് തമോദ്വാരങ്ങളുടെ ചിത്രമെടുക്കാന്‍ കഴിയുമെന്ന് പൊതുവില്‍ കരുതപ്പെട്ടിരുന്നില്ല.ഈ തമോ ഗർത്തത്താല്‍ ആകർഷിക്കപ്പെടുന്ന ദ്രവ്യം ചൂടുപിടിക്കുമ്പോൾ ഉണ്ടാകുന്ന വികിരണങ്ങളില്‍ നിന്നാണ്  തമോ ദ്വാരത്തിന്റെ ചിത്രത്തിലേയ്ക്ക് എത്തിയത്.മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ സയന്റിസ്റ്റായ കാറ്റി ബോമൻ  നേതൃത്വം നല്‍കിയ 200ൽ അധികം ഗവേഷകരുൾപ്പെട്ട ശാസ്ത്രസംഘമാണ് തമോദ്വാരത്തിന്റെ ചിത്രം ഇക്കഴിഞ്ഞ ഏപ്രിൽ 10 ന് പുറത്തുവിട്ടത്.പ്രപഞ്ചവിജ്ഞാനീയത്തിലെ ഒരു വമ്പന്‍ കുതിച്ച് ചാട്ടം തന്നെയാണിത്.

ചാന്ദ്രയാൻ‐2ഉം ചാങ് ഇ യും
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ യുടെ ചാന്ദ്രയാന്‍‐2 എന്ന ദൗത്യം  അവസാന നിമിഷം പാളിയെന്നത് സങ്കടകരം തന്നെ. പക്ഷേ അവിടം വരെ എത്തിയെന്നത് ആവേശകരവും. ചന്ദ്രോപരിതലത്തില്‍ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോഴാണ് ചാന്ദ്രയാനിലെ വിക്രം ലാന്‍ഡറും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചത്. ജൂലൈ 22 ന്‌ ആയിരുന്നു ചാന്ദ്രയാന്‍ വിക്ഷേപണം. അതിന് ശേഷം സെപ്റ്റമ്പര്‍ 7 ന്റെ അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊക്കുമായി രുന്ന പദ്ധതി അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാർ മൂലം പരാജയപ്പെട്ടു. ലാന്‍ഡര്‍ ചന്ദ്രനില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.

ഇന്ത്യക്ക് ഇതൊരു ചെറിയ പരാജയം തന്നെ.എന്നാൽ പോയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചൈന ഈ നേട്ടം സ്വന്തമാക്കിയിരുന്നു.ചാങ് ഈ 4 എന്ന് പേരിട്ട പര്യവേഷണ വാഹനം ചന്ദ്രോപരിതലത്തില്‍ ഇറക്കിയാണ് ചൈന നേട്ടം സ്വന്തമാക്കിയത്. ഇതുവരെ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്റെ ഇരുണ്ട മേഖലയിലാണ് ചാങ് ഇ-4 ഇറങ്ങിയത് എന്നത് ചൈനയുടെ വിജയത്തിന് കൂടുതല്‍ മധുരം പകരുന്നു.കൂടുതല്‍ വിശാലമായ ബഹിരികാശ ദൗത്യത്തിന് ഇത് ശാസ്ത്രലോകത്തെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. 

ലൂസിയുടെ പിതാവ്
3.8 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു തലയോട്ടി കണ്ടെത്തിയ വാര്‍ത്ത വലിയ പ്രകമ്പനമൊന്നുമു ണ്ടാക്കിയില്ലെങ്കിലും ശാസ്ത്രലോകത്തിന് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ളതാണത്. ആസ്ട്രലോപിതേക്കസ് അനമെന്‍സിസ് എന്ന മനുഷ്യ പൂർവികന്റെ തലയോടാണിത്. ആസ്ട്രലോപിതേക്കസ് അഫാരന്‍സിസ് എന്ന സ്പീഷിസിന്റെ ഫോസിലുകളാണ് ഇതുവരെ ലഭിച്ചതില്‍ പൂര്‍ണ്ണ അസ്ഥികൂടങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് .അതൊരു പെണ്‍ജീവിയുടേതായിരുന്നു.ശാസ്ത്രലോകം അവളെ ലൂസി എന്നാണ് വിളിച്ചത്.ലൂസിക്ക് മൂന്ന് ദശലക്ഷം വര്‍ഷത്തെ പഴക്കമാണുള്ളത്.


 

ലൂസിയുടെ മുന്‍ഗാമിയെക്കുറിച്ച് ചില സൂചനകള്‍ ഉണ്ടായിരുന്നു.ഏതാനും ചില പല്ലുകള്‍,താടിയെല്ലിന്റെ ഒരു ഭാഗം,തലയോട്ടിയുടെ ചില കഷണങ്ങള്‍ എന്നിവയൊ ക്കെ ലഭിക്കുകയും ചെയ്തിരുന്നു.അതിന്റെ സ്ഥാനത്ത് ഒരു പൂര്‍ണ്ണ തലയോട്ടി കിട്ടി യിരിക്കുന്നു.ഇത് ലൂസിക്ക് തൊട്ടുമുമ്പുള്ള പൂർവികന്റേതായി കണക്കാക്കുന്നു.അങ്ങനെയാണെങ്കില്‍ ഒന്നര നൂറ്റാണ്ടിലധികം കാലം മുമ്പ് ചാള്‍സ് ഡാർവിന്‍ മുന്നോട്ട് വച്ച പരിണാമസിദ്ധാന്തത്തിന് പുതിയ തെളിവ് കണ്ടെത്തിയിരിക്കുന്നു എന്ന് പറയാം.ക്ലവന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ യോഹന്നാസ് ഹെയ്ലി സെലാസ്സിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് എത്യോപ്യയില്‍ നിന്ന ഈ പൂർവിക തലയോട്ടി കണ്ടെത്തിയത്.ഇതുവരെ ലൂസിയുടെ പിതാവിന് ഒരു പേര് മാത്രമേ ഉണ്ടായിരുന്നു ള്ളു. ഇപ്പോഴാകട്ടെ ആ പേരിന് ഒരു മുഖം കിട്ടിയിരിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പ്രതികരിച്ചത്.

എബോളയ്ക്ക് മേല്‍ വിജയപ്രതീക്ഷ
കഴിഞ്ഞ വര്‍‍ഷത്തെ ഏറ്റവും സന്തോഷകരമായ ശാസ്ത്രവാര്‍ത്ത ഒരുപക്ഷേ എബോള വൈറസിനെ കീഴ് പെടുത്താന്‍ കഴിയുന്ന ചികിത്സ കണ്ടെത്തി എന്നതാവും.കഴിഞ്ഞ ജൂലൈയില്‍ ലോകാരോഗ്യസംഘടന ഈ രോഗത്തെ മുന്‍നിര്‍ത്തി ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ആഫ്രിക്കയിലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് ഏറ്റവുമധികം എബോള ബാധിതരുള്ളത്.2017-18 കാലത്ത് ഒരു വര്‍ഷത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്ക യിലെ മാനവരാശിക്ക് ഭീഷണിയാകും വിധം എബോള പടരുകയാണെന്നും ഇതിനെ ചെറുക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചിരുന്നു.


 

പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ്‌ എബോള ഏറ്റവുമധികം നാശം വിതച്ചത്‌. 2013 മുതല്‍ 2016 വരെ ഇവിടെ 11,000 ത്തിലേറെപ്പേര്‍ എബോള ബാധിച്ചു മരിച്ചിരുന്നു.ഈ പശ്ചാത്തല ത്തിലാണ് പുതിയ ചീകിത്സ നല്കുന്ന ശുഭപ്രതീക്ഷ അതീവ സന്തോഷ കരമായി മാറുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ നടന്ന രണ്ട് ചീകിത്സകളാണ് പോസിറ്റീവ് റിസല്‍ട്ട് നല്കിയി രിക്കുന്നത്.REGN EB 3, mAb 114  എന്നിങ്ങനെയുള്ള ആന്റിബോഡികളുടെ മിശ്രിതം രോഗികളുടെ രക്ത പ്രവാഹത്തിലേയ്ക്ക് കുത്തിവച്ചാണ് ചികിത്സ.പുതുതായി രോഗബാധിതരായ ആളുകളില്‍ തൊണ്ണൂറ് ശതമാനം പേരെയും രക്ഷിക്കാന്‍ ഈ ചികിത്സയ്ക്ക് കഴിഞ്ഞു എന്നാണ് വാര്‍ത്ത.ഇനി മുതല്‍ എബോള ചികിത്സയില്ലാ ത്ത രോഗമായി അറിയപ്പെടില്ല എന്ന് കോംഗോയിലെ വൈദ്യശാസ്ത്ര ഗവേഷകര്‍ പറയുന്നു.

സൗരയൂഥത്തിന് പുറത്ത് ജീവസാധ്യത
സൗരയൂഥത്തിന് പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹം കണ്ടെത്തിയെന്ന വാര്‍ ത്ത ഭൗമേതര ജീവനെ തേടുന്നവര്‍ക്ക് വലിയ ആവേശമായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ കെപ്ലര്‍ ടെലി സ്കോപ്പിന്റെ ദൃഷ്ടിയില്‍ പെട്ട ഇവിടെ നീരാവി കണ്ടെത്തിയിരിക്കുന്നു എന്നതാണ് ശരിയായ വാര്‍ത്ത.നീരാവി ജലത്തിന്റേയും ജലം ജീവന്റേയും സാധ്യതകള്‍ തുറക്കുന്നു.ദ്രവരൂപത്തിലുള്ള ജലം നിലനില്‍ക്കാന്‍ കഴിയുന്ന അന്തരീക്ഷ ഊഷ്മാവ് ആണ് വലിയ പ്രതീക്ഷകള്‍ തുറക്കുന്നതിനുള്ള കാരണം.ഇത്തരത്തിലൊന്ന് ആദ്യമാ യാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ ഇനി വെറും കെട്ടു കഥകളായി തുടരണമെന്നില്ല. പക്ഷ ഇതിനെ ഭൂമിയുടെ അയല്‍പക്കമായി കണക്കാക്കാനാവില്ല. K2 -18b എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന് നൂറ്റിപ്പത്ത് പ്രകാശവര്‍ഷം അകലെയുള്ള ഒരു ചുവന്ന കുള്ളന്‍ വിഭാഗത്തില്‍ പെടുന്ന നക്ഷത്രത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന് ഭൂമി യുടെ എട്ട് ഇരട്ടി പിണ്ഡവും രണ്ടേ മുക്കാല്‍ മടങ്ങ് ദൈര്‍ഘ്യമുള്ള ആരവുമുള്ളതായി കണക്കാക്കുന്നതിനാല്‍ ഇതിനെ സൂപ്പര്‍ എര്‍ത്ത് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്.

പതിനായിരങ്ങള്‍ കണ്ട സൂര്യഗ്രഹണം
പതിനായിരങ്ങള്‍ സൂര്യഗ്രഹണം കണ്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ യാത്രയാക്കിയത്.ഡിസം ബര്‍ 26 ന് നടന്ന വലയസൂര്യഗ്രഹണവേള കേരളത്തില്‍ ശാസ്ത്രബോധത്തിന്റെ വലിയ മുന്നേറ്റം സൃഷ്ടിച്ചതായി കണക്കാക്കുന്നു.കാരണം മുന്‍ കാലത്ത് ഗ്രഹണത്തെ ഭയപ്പാടോട്കൂടി വീക്ഷിച്ചിരുന്ന ഒരു ജനതയായിരുന്നു നമ്മുടേത്.ഇത്തവണയും ആരാധനാലയങ്ങള്‍പലതും അടഞ്ഞു കിടന്നിരുന്നു.പലയിടത്തും പ്രത്യേക പ്രാര്‍ത്ഥ നകളും മറ്റും നടക്കുകയും ചെയ്തു.അതേ സമയം ക്രിസ്മസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലമായിരുന്നിട്ടുകൂടി വിദ്യാലയാങ്കണങ്ങള്‍ മിക്കതും ഉണര്‍ന്ന പ്രവര്‍ത്തിച്ചു.കുട്ടികള്‍ കൂട്ടമായി വിദ്യാലയങ്ങളിലും വായനശാലകളി ലും എത്തി ഗ്രഹണം വീക്ഷിക്കുകയും അതിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കുകയും ചെയതു. പുരോഹിതന്മാര്‍ ജനത്തെ ഭയപ്പെടുത്തിയപ്പോള്‍ ശാസ്ത്രജ്ഞര്‍ ധൈര്യം പകരുകയും,മുതിര്‍ന്നവര്‍ കുറച്ചെങ്കിലും ഭയപ്പെട്ട പ്പോള്‍ കുട്ടികള്‍ സധൈര്യം പുറത്തിറങ്ങുകയും ചെയ്തു എന്നതാണ് ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്റെ സവിശേഷത.

സന്തോഷകരമായവ മാത്രമല്ല,ആശങ്കകള്‍ പങ്ക് വയ്ക്കുന്ന വാര്‍ത്തകളും പോയ വര്‍ഷം ശാസ്ത്രം ഉയര്‍ത്തിയിട്ടുണ്ട്.ഭൂമിയില്‍ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ ജീവികള്‍,അവയില്‍ സസ്യങ്ങളും ജന്തുക്കളും ഉള്‍പ്പെടുന്നു, വംശനാശ ഭീഷണി നേരിടുന്നു എന്നതാണ് ഒരു റിപ്പോര്‍ട്ട്. ഭൗമാന്തരീക്ഷം ഏറ്റവും ചൂട് കൂടിയ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്നും ഗ്രീന്‍ ലാന്‍ഡിലെ മഞ്ഞ് ഉരുകുന്നത് ടണ്‍ കണക്കിന് മീഥേന്‍ ഉത്സര്‍ജ്ജനത്തിന് കാരണമാകുന്നുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.കാലാവസ്ഥാമാറ്റത്തിന്റെ അപകടങ്ങള്‍ മാനവരാശിയുടെ തലയ്ക്ക് മുകളില്‍ ഒരു നിത്യഭീഷണിയായി ഇപ്പോഴും തുടരുന്നു.അപകട ഭീഷണിയുണ്ട്.എന്നാലും അതിനിടയില്‍ വലിയ ശുഭവാര്‍ത്തകളുമുണ്ട്.കൂടുതല്‍ ശുഭവാര്‍ത്തകള്‍ക്ക് കാത്തിരിക്കാം.


പ്രധാന വാർത്തകൾ
 Top