23 January Wednesday

നൂറ്റിപ്പത്തിലും ഇതാ തൂമ്പി മുത്തശ്ശി

ബഷീർ അമ്പാട്ട‌്Updated: Wednesday Jan 2, 2019



കൊണ്ടോട്ടി
അന്ന‌്  മാറുമറയ‌്ക്കൽ സമരത്തിലും കല്ലുമാല സമരത്തിലും പങ്കാളി. ഇന്ന‌് വനിതാ മതിലിൽ. കരിപ്പൂർ കുന്നത്തുപറമ്പ് പറമ്പൻ തൂമ്പിയെന്ന നൂറ്റിപ്പത്തുകാരിയുടെ പോരാട്ടത്തിനുണ്ട‌് നൂറ്റാണ്ടിന്റെ വീര്യം.   സാമൂഹ്യമാറ്റത്തിനുള്ള നൂറ്റാണ്ടുകാലത്തെ പോരാട്ടത്തിന്റെ  അടയാളമായി ഇവർ.

മലപ്പുറം പെരുവള്ളൂരിൽ നടന്ന കല്ലുമാല സമരത്തിന്റെയും മാറുമറയ‌്ക്കൽ സമരത്തിന്റെയും ഉജ്വല സ‌്മരണകളുമായാണ‌്  വാർധക്യത്തിന്റെ അവശതയില്ലാതെ ചുറുചുറുക്കോടെ  ഈ  അമ്മ  വനിതാ മതിലിനെത്തിയത‌്. 1921–-ലെ മലബാർ കലാപത്തെക്കുറിച്ചുള്ള ഓർമകളടക്കം ഇവരുടെ മനസ്സിലുണ്ട്. ആ കാലത്തായിരുന്നു വിവാഹം. ജന്മിയുടെ വയലിൽ പകലന്തിയോളം പണിയെടുത്താൽ കൂലി പത്ത് പൈസ. നിരവധി കർഷകത്തൊഴിലാളി സമരങ്ങളിലും കൂലിസമരങ്ങളിലും പങ്കെടുത്ത ഇവർക്ക‌് വിദ്യാലയമുറ്റത്തുപോലും പോകാൻ കഴിഞ്ഞിട്ടില്ല. സാക്ഷരതാ ക്ലാസിൽ പോയാണ് എഴുത്തും വായനയും പഠിച്ചത്. പ്രായമേറെയായെങ്കിലും  തൂമ്പിക്ക് വിശ്രമമില്ല.

വീടിന് സമീപത്തെ പറമ്പിൽ കൃഷിപ്പണിയിൽ സജീവം. ദിവസവും രാവിലെ പറമ്പിൽ ഇറങ്ങുമെന്ന് മക്കൾ പറയുന്നു. മധുരക്കിഴങ്ങും പച്ചക്കറിയുമെല്ലാം  കൃഷിചെയ്യുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ല. കൊണ്ടോട്ടി വൈദ്യർ സ്മാരകത്തിന് സമീപം കുടുംബത്തോടൊപ്പമാണ‌്  തൂമ്പി മതിലിൽ കണ്ണിചേർന്നത്.  തൊട്ടടുത്തുള്ളവരുടെ കൈകൾ   ഇവർ കരുത്തോടെ ചേർത്തുപിടിച്ചു, പുതിയ തലമുറക്ക‌് പോരാട്ടത്തിന്റെ  പാഠങ്ങൾ പകർന്ന‌്.


പ്രധാന വാർത്തകൾ
 Top