20 September Friday

സൂക്ഷിക്കണം, ഹൃദയമിടിപ്പിന്റെ വേഗത്തെ

ശ്രീരാജ‌് ഓണക്കൂർUpdated: Sunday Sep 1, 2019



കൊച്ചി
മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്ത്‌ അംഗം മിനി സുരേന്ദ്രൻ ഗ്രാമസഭയ്‌ക്കിടെ കുഴഞ്ഞുവീണ്‌ മരിച്ചു... കരമന എസ്‌ഐ നീണ്ടകര സ്വദേശി പി വിഷ്‌ണുപ്രസാദ്‌, മകൾ ആർച്ചയുടെ വിവാഹത്തലേന്ന്‌ സൽക്കാരവേദിയിൽ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ്‌ മരിച്ചു... മലയാളിയുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്ന ഇത്തരം വാർത്തകൾ സമീപകാലത്ത്‌ മാധ്യമങ്ങളിൽ മുടങ്ങാതെ ആവർത്തിക്കുന്നു. കുറയുന്ന ഹൃദയാരോഗ്യമാണ്‌ ഇത്തരം അവിശ്വസനീയമായ വേർപാടുകൾക്കുപിന്നിലെ വില്ലൻ.

പ്രധാന കാരണക്കാരൻ കൂടിയ ഹൃദയമിടിപ്പ്‌
പെട്ടെന്ന്‌ കുഴഞ്ഞുവീണുണ്ടാകുന്ന മരണങ്ങളിൽ 90 ശതമാനവും കൂടിയ ഹൃദയമിടിപ്പുമൂലമാണെന്ന്‌ ലിസി ആശുപത്രിയിലെ ഹൃദ്‌‌രോഗവിദഗ്ധൻ ഡോ. അജിത്‌ തച്ചിൽ പറയുന്നു. മുൻകൂർ രോഗലക്ഷണങ്ങൾ ഇല്ലാതെ മരിക്കുന്നവരാണ്‌ 80 ശതമാനത്തോളവും. നിന്നനിൽപ്പിൽ വെട്ടിയിട്ടപോലെ വീണു എന്നു പറഞ്ഞുകേൾക്കുന്നത്‌ ഇത്തരം മരണങ്ങളെപ്പറ്റിയാണ്‌. സാധാരണ മനുഷ്യന്റെ ഹൃദയമിടിപ്പ്‌ 60–-100നും ഇടയ്‌ക്കാണ്‌. ഇത്‌ പലകാരണങ്ങൾകൊണ്ടും 250–-400 എന്ന നിരക്കിലെത്തുമ്പോഴാണ്‌ അപകടം. ഈ രീതിയിൽ അങ്ങേയറ്റം അഞ്ചുമിനിറ്റിൽ കൂടുതൽ ഹൃദയത്തിന്‌ പ്രവർത്തിക്കാനാകില്ല.

കൂടിയ ഹൃദയമിടിപ്പിന്റെ കാരണങ്ങൾ
അപകടകരമാംവിധം ഉയർന്ന ഹൃദയമിടിപ്പിന്‌ ഹൃദയാഘാതം, ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന അവസ്ഥയായ കാർഡിയോ മയോപതി‌, ഹൃദയപേശികളുടെ കട്ടി കൂടുന്ന ഹൈപെർട്രോപിക്‌ കാർഡിയോ മയോപതി എന്നിവയാണ്‌ പ്രധാന കാരണങ്ങൾ. ജനിതകപ്രശ്‌നങ്ങളും ഹൃദയമിടിപ്പിൽ വ്യത്യാസമുണ്ടാക്കാം. ഇത്തരം  പ്രശ്നങ്ങൾമൂലം ഹൃദയത്തിലൂടെ വൈദ്യുതി കൊണ്ടുപോകുന്ന കോശങ്ങൾ നശിക്കും. ഇതാണ്‌ ഹൃദയമിടിപ്പ്‌ കൂടാൻ കാരണം.

നാൽപ്പതുവയസ്സിൽ താഴെയുള്ളവർ കുഴഞ്ഞുവീണ്‌ മരിക്കുന്നതിന്റെ കാരണം പ്രധാനമായും ഹൈപെർട്രോപിക്‌ കാർഡിയോ മയോപതിയാണ്‌. 40 വയസ്സിനുമുകളിലുള്ളവരിൽ മരണകാരണമാകുന്നത്‌ ഹൃദയാഘാതമാണ്‌. കാർഡിയോ മയോപതിമൂലമോ മുമ്പ്‌ ഹൃദയാഘാതം വന്നതുമൂലമോ ഹൃദയത്തിന്റെ പമ്പിങ് തടസ്സപ്പെടുന്നവർക്ക്‌ ഇത്തരം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌.

മസ്‌തിഷ്‌ക രോഗങ്ങൾ
മസ്‌തിഷ്‌ക ധമനിയിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടുണ്ടാകുന്ന മസ്‌തിഷ്‌കാഘാതവും മരണത്തിന്‌ കാരണമാകാറുണ്ട്‌. അമിതമായ രക്തസമ്മർദംമൂലം തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടുന്നതുമൂലം ഉണ്ടാകുന്ന രക്തസ്രാവവും തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതും മരണത്തിന്‌ കാരണമാകാറുണ്ട്‌.

കണ്ടെത്താം, പ്രതിരോധിക്കാം
ഏതെങ്കിലും ഒരു വ്യക്തി കുഴഞ്ഞുവീണ്‌ മരിക്കാൻ സാധ്യതയുണ്ടെന്ന്‌ പ്രവചിക്കുക സാധ്യമല്ല. എന്നാൽ, ഇത്തരം അപകടങ്ങളുണ്ടാകാൻ സാധ്യത കൂടുതലുള്ളവരെ ഹൃദയപരിശോധനയിലൂടെ കണ്ടെത്താനാകും. മരുന്നുകളുടെ സഹായത്തോടെ നിയന്ത്രിക്കാം. തൊലിക്കടിയിൽ വയ്‌ക്കുന്ന ഇംപ്ലാന്റബിൾ കാർഡിയോവെർടർ ഡീ ഫൈബ്രിലേറ്റർ (ഐസിഡി) എന്ന ഉപകരണം ഉപയോഗിക്കാം. അപകടകരമായ രീതിയിലുള്ള കൂടിയ ഹൃദയമിടിപ്പ്‌ തിരിച്ചറിഞ്ഞ്‌ ഐസിഡി 30 സെക്കൻഡിനുള്ളിലോ ഒരു മിനിറ്റിനുള്ളിലോ ഷോക്ക്‌ കൊടുത്ത്‌ ജീവൻ രക്ഷിക്കും.


പ്രധാന വാർത്തകൾ
 Top