18 February Monday

സർക്കാരിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Jun 1, 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽനിന്ന‌്

ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ എന്നു കഴിഞ്ഞദിവസം പറഞ്ഞത് ഓർക്കുന്നുണ്ടാകും. അവർ വിധി പറഞ്ഞു. ആ വിധി എൽഡിഎഫ് ഗവൺമെന്റിന്റെ നയനിലപാടുകൾക്കുള്ള അതിഗംഭീരമായ പിന്തുണയുടെ വിളംബരമായി. അഭൂതപൂർവമായ ഐക്യദാർഢ്യമായി. അതിശക്തമായ അസത്യപ്രചാരണങ്ങൾക്കിടയിലും സത്യത്തെ കടന്നുകാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദർശനമായി. ആ ജനതയെ വിനയപൂർവം അഭിവാദ്യം ചെയ്യുന്നു.

ജാതിമത വേർതിരിവുകൾക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ മുമ്പൊരുകാലത്തും ഇല്ലാത്ത വിധത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അതിന്റെ ഗവൺമെന്റിനും ഉണ്ടാകുന്നു എന്നാണ് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. രാഷ്ട്രീയ വേർതിരിവുകൾക്കുപോലും അപ്പുറം വികസനതാൽപ്പര്യത്തിൽ ജനങ്ങളാകെ ഒരുമിക്കുന്നു. മറ്റൊരു പ്രധാന കാര്യം ജാതിമത കള്ളികളിൽ ജനങ്ങളെ വേർതിരിച്ചുനിർത്തി നടത്തുന്ന കണക്കുകൂട്ടലുകൾക്കും അതിന്റെ അടിസ്ഥാനത്തിലുള്ള വിലപേശലുകൾക്കും പ്രസക്തിയില്ലാത്ത ഒരു കാലം കേരളത്തിൽ പിറക്കുന്നു എന്നതാണ്. നന്മയുടെ, ക്ഷേമത്തിന്റെ, മതനിരപേക്ഷതയുടെ, വികസനത്തിന്റെ കാര്യങ്ങൾ വരുമ്പോൾ അതിനൊപ്പം നിൽക്കാൻ ജനങ്ങൾക്ക് ജാതിയോ മതമോ മറ്റെന്തെങ്കിലുമോ തടസ്സമല്ല എന്ന ഒരു പുതിയ രാഷ്ട്രീയസംസ്കാരം കേരളത്തിൽ രൂപപ്പെട്ടുവരുന്നു. ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയസംസ്കാരം മാത്രമാണ് നാടിന്റെ സമാധാനത്തിനും വികസനത്തിനും ഒരുപോലെ വഴിതെളിക്കുന്നത് എന്ന വസ്തുത ജനങ്ങളാകെ ഒരേമനസ്സോടെ അംഗീകരിക്കുന്നു എന്നുകൂടി ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുണ്ട്.

വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച‌് മുമ്പോട്ടുപോകുന്നതിൽ സർക്കാർ കാട്ടുന്ന പ്രതിബദ്ധതയ്ക്കുള്ള ജനകീയ അംഗീകാരമാണിത്. ഫാസിസ്റ്റ് സ്വഭാവമാർജിച്ച് ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കുകയും അതിലൂടെ രാഷ്ട്രീയലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിയെയും അതിന്റെ മുന്നണിയെയും പ്രബുദ്ധരായ കേരളജനത ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ സ്ഥിരീകരണമാണിത്. നാട്ടിൽ നടക്കുന്ന എല്ലാ പുരോഗമനോന്മുഖ വികസനപ്രവർത്തനങ്ങളിലും നിഷേധാത്മക സമീപനം പുലർത്തുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിശ്വാസ്യത വീണ്ടും തകരുന്നതിന്റെ സ്ഥിരീകരണവുമാണിത്.

  ജനനന്മയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടി ആവിഷ്കരിച്ചു നടപ്പാക്കുന്ന നയനടപടികളുമായി കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ ജനങ്ങളുടെ ഭാഗത്തുനിന്ന് എൽഡിഎഫ് സർക്കാരിന് ലഭിക്കുന്ന പച്ചക്കൊടിയാണിത്.

വികസനപ്രവർത്തനങ്ങളോട് രാഷ്ട്രീയനിരപേക്ഷമായി സഹകരിക്കുന്ന നിലപാടായിരുന്നു യുഡിഎഫ് ഭരണകാലത്ത് എൽഡിഎഫ് സ്വീകരിച്ചിരുന്നത്. ദേശീയപാത വികസനം അടക്കമുള്ള കാര്യങ്ങളിൽ ആ പിന്തുണ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. എന്നാൽ, എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ രാഷ്ട്രീയലാഭത്തിനുവേണ്ടി വികസനപ്രവർത്തനങ്ങളെപ്പോലും തുരങ്കംവയ്ക്കുന്ന നിലപാടാണ് യുഡിഎഫ് എടുത്തത്. അതിനെ നിരാകരിക്കുന്ന ജനവിധിയാണിത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയ്ക്കെതിരായി നടക്കുന്ന അടിസ്ഥാനരഹിതമായ അപവാദപ്രചാരണത്തിനെതിരായ ജനവിധിയാണിത്. എൽഡിഎഫ് മന്ത്രിസഭ രണ്ടുവർഷംമുമ്പ് അധികാരമേറ്റ് 24 മണിക്കൂർ കഴിയുംമുമ്പുതന്നെ രമേശ് ചെന്നിത്തല പറഞ്ഞത് കേരളത്തിൽ ക്രമസമാധാനനില തകർന്നിരിക്കുന്നു എന്നാണ്. സത്യത്തിൽ മന്ത്രിസഭ പൂർണ അർഥത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുപോലും ഉണ്ടായിരുന്നില്ല അപ്പോൾ. ഒരു അനിഷ്ടസംഭവവും എവിടെയും ഉണ്ടായിരുന്നില്ല. എന്നിട്ടും ക്രമസമാധാനനില തകർന്നു എന്നു പറയാൻ പ്രേരിപ്പിച്ചത് കോൺഗ്രസിന്റെ ദുരുപദിഷ്ട രാഷ്ട്രീയമാണ്. അത് തുടക്കത്തിൽ.

കഴിഞ്ഞ 24 മണിക്കൂറിനുമുമ്പ് കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി രാജിവയ‌്ക്കണമെന്നാണ്. അതായത് മന്ത്രിസഭ അധികാരമേറ്റ നിമിഷംമുതൽ ഈ നിമിഷംവരെ ഈ മന്ത്രിസഭ ഇല്ലാതായിക്കാണണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഇത് ദുരുപദിഷ്ട രാഷ്ട്രീയമാണ്. ഇക്കാര്യം തിരിച്ചറിയുന്നവരാണ് കേരളജനത. ദുരുദ്ദേശ്യപരമായ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല ഇവരെ നയിക്കുന്നത് എന്ന് ഈ ഇരു പ്രസ്താവനകളും ഇതിനിടെ ഇവർ നടത്തിയ അപവാദപ്രചാരണങ്ങളും സ്ഥിരീകരിക്കുന്നു. ഈ മനോഭാവത്തിനെതിരായ ജനവിധികൂടിയാണിത്.

ഇക്കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞു, ന്യൂസ് അവറുകളിൽ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്ന ടിവിയിലെ ആങ്കർ പേഴ്സണല്ല, മറിച്ച് ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ എന്ന്. അന്ന് ചാനലിലെ ചിലർ എന്റെ വാക്കുകളെ പുച്ഛിച്ചത് എനിക്കറിയാം. ജനങ്ങൾതന്നെ ആത്യന്തികമായി വിധികർത്താക്കളാകുന്നതാണ്

ഇപ്പോൾ ചെങ്ങന്നൂരിൽ കണ്ടത്. ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തിൽ വന്ന ഒരു സർക്കാരിനെ ജനങ്ങളോട് ഉത്തരം പറയേണ്ടതില്ലാത്ത ചിലർ ചില മാധ്യമങ്ങളെ ദുരുപയോഗിച്ചുകൊണ്ട് അപകീർത്തിപ്പെടുത്തുന്നതിനെതിരായ ജനങ്ങളുടെ വിധിതീർപ്പുകൂടിയാണിത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ സർക്കാരിനെതിരായി പ്രചരിപ്പിക്കുന്ന അപവാദങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം വീടിനു നാലുചുറ്റുമുള്ളവർപോലും അംഗീകരിക്കുന്നില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. ചെന്നിത്തല ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടറാണ്. അദ്ദേഹത്തിന്റെ പഞ്ചായത്തിൽതന്നെ 2300ലധികം വോട്ടിന്റെ ലീഡാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിക്ക് ലഭിച്ചത്. സ്വന്തം നാട്ടുകാർപോലും വിശ്വസിക്കാത്തതും അംഗീകരിക്കാത്തതുമായ അസത്യങ്ങൾ കേരളീയരോടാകെയായി ഇനിയെങ്കിലും പറയരുത് എന്ന നിലയ്ക്ക് സ്വന്തം നാട്ടുകാർതന്നെ ചെന്നിത്തലയ‌്ക്ക‌് നൽകുന്ന താക്കീതുകൂടിയുണ്ട് ഈ ജനവിധിയിൽ.
കേരളത്തിന്റെ മുഖച്ഛായതന്നെ പുരോഗമനപരമായി മാറ്റുംവിധമുണ്ടായ വികസനകാര്യങ്ങൾ നടപ്പാവുകയാണ്. ജീർണമായ ഒരു ഭരണ രാഷ്ട്രീയസംസ്കാരത്തെ ആരോഗ്യകരമായ ഒരു ഭരണസംസ്കാരംകൊണ്ട് പകരംവയ്ക്കുകയാണ്.

ഇത് ജനങ്ങൾക്ക് സ്വന്തം ജീവിതംകൊണ്ടുതന്നെ അനുഭവിക്കാൻ കഴിയുന്നുണ്ട്. ജനങ്ങൾക്ക് സത്യമെന്ന് ബോധ്യപ്പെട്ട കാര്യങ്ങളെ അസത്യമെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ, ജനം ഏതുവിധത്തിൽ പ്രതികരിക്കുമെന്നതിന്റെ പാഠം ഇതിലുണ്ട്. പ്രതിപക്ഷനേതാവിനും യുഡിഎഫിനും വേണമെങ്കിൽ ജനങ്ങൾ നൽകുന്ന ഈ പാഠം പഠിച്ച് തിരുത്തൽ വരുത്താം. അതല്ലെങ്കിൽ ജനങ്ങളെ അവഗണിച്ച് ഒന്നും തിരുത്താതെ സമ്പൂർണ നാശത്തിലേക്ക‌് ചെന്നെത്താം.

ഒരുകൊല്ലത്തിനുള്ളിൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്താവും ജനവിധി എന്നതിന്റെ കൃത്യമായ സൂചനയും ഇതിലുണ്ട്. കേരളം എങ്ങനെ ചിന്തിക്കുന്നു എന്നത് യുഡിഎഫിലെ ഘടകകക്ഷികൾകൂടി മനസ്സിലാക്കണമെന്ന മുന്നറിയിപ്പും ഇതിൽ അടങ്ങിയിരിക്കുന്നു. കക്ഷികളേക്കാൾ പ്രധാനം നയമാണെന്ന ചിന്തയും ഇത് ഉൾക്കൊള്ളുന്നു.

ഫാസിസ്റ്റ് സ്വഭാവത്തോടെ വളർന്നുവരുന്ന ബിജെപിക്ക് ബദലല്ല കോൺഗ്രസ് എന്നത് ജനങ്ങൾ അംഗീകരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ കക്ഷികളെ ശക്തിപ്പെടുത്തണമെന്നും അതേസ്ഥായിയായ ബിജെപിവിരുദ്ധത ഉയർത്തിപ്പിടിക്കൂ എന്നും ജനങ്ങൾ അംഗീകരിക്കുകയാണ്. ആഗോളവൽക്കരണ‐ ഉദാരവൽക്കരണ നയങ്ങൾ ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന കോൺഗ്രസും ബിജെപിയും അകറ്റിനിർത്തപ്പെടേണ്ട ശക്തികളാണെന്ന ചിന്ത ജനങ്ങളിൽ പടരുകയാണ്. വർഗീയതയുടെ കാലുഷ്യം പടർത്തുന്ന ബിജെപിയും നിരാകരിക്കപ്പെടുകയാണ്. ഇടതുപക്ഷ ജനാധിപത്യശക്തികളിൽ ജനങ്ങൾ വർധിച്ച തോതിൽ വിശ്വാസമർപ്പിക്കുകയാണ്.

 ഗെയിൽ പൈപ്പുലൈൻ, ദേശീയപാത വികസനം തുടങ്ങിയ കാര്യങ്ങളിൽ തടസ്സങ്ങൾ മറികടന്ന് മുമ്പോട്ടുപോകുന്നു. നാലു മിഷനുകൾ സ്ഥാപിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നു. 60 വയസ്സുള്ള ഒരാളും പെൻഷനില്ലാത്തതായി ഇവിടെയില്ല എന്ന അവസ്ഥയുണ്ടാക്കുന്നു. ഇതൊന്നും കാണാതെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ തുടർച്ചയായി കള്ളവാർത്തകൾ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവർഷവും മാധ്യമങ്ങൾ. ഇതിന്എത്ര ദൃഷ്ടാന്തങ്ങൾ വേണമെങ്കിലുമുണ്ട്.

മന്ത്രിമാരുടെ കാറുകൾ സെക്രട്ടറിയറ്റിനുമുമ്പിൽ ഇടുന്നതിൽ മത്സരം എന്ന ബാലിശമായ വാർത്തമുതൽ ജിഷ്ണുവിന്റെ അമ്മയെ തെരുവിൽ മർദിച്ചു എന്ന കള്ളവാർത്തവരെ.

മൂന്നാറിൽ മന്ത്രി എം എം മണി സ്ത്രീകളെ അപമാനിക്കുംവിധം പ്രസംഗിച്ചു എന്നു കാണിക്കുന്ന കൃത്രിമവീഡിയോമുതൽ കൊല്ലപ്പെട്ട വിദേശയുവതിയുടെ സഹോദരിയെ കാണാൻ മുഖ്യമന്ത്രി വിസമ്മതിച്ചു എന്ന വ്യാജവാർത്തവരെ.

മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ടീമിൽ 480 പൊലീസുകാരുണ്ട‌് എന്നതുമുതൽ സോഷ്യൽ മീഡിയ പ്രചാരണത്തിനായി അനേക കോടികൾ ചെലവഴിച്ചു എന്ന വ്യാജവാർത്തവരെ. എന്റെ ഇടത്തും വലത്തുമായി 480 പൊലീസുകാരുണ്ടോ എന്ന് നിങ്ങൾക്കറിയാമല്ലോ. ഉണ്ടെങ്കിൽ അത്രയും പൊലീസുകാരുടെ അകമ്പടിയിൽ ഞാൻ നടക്കുന്നത് നിങ്ങൾക്ക് ചിത്രമെടുത്ത് കൊടുത്ത് തെളിയിക്കാമല്ലോ.

മന്ത്രിമാർ നിയമപരമായി അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പറ്റുന്നത് എന്തോ വലിയ അഴിമതിയാണ് എന്ന് ചിത്രീകരിക്കുന്നതുമുതൽ പ്രകൃതിക്ഷോഭ പഠനസംഘത്തെ കാണാൻ ഹെലികോപ്റ്ററിൽ പോയത് ചട്ടം മറികടന്നാണ് എന്ന സത്യവിരുദ്ധവാർത്തവരെ.

ഓഖി ദുരന്തത്തിൽ മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ച വന്നു എന്ന വ്യാജപ്രചാരണംമുതൽ അവിടം മന്ത്രിമാർ സന്ദർശിച്ചില്ല എന്ന അസത്യ പ്രചാരണംവരെ. മുന്നറിയിപ്പ് എപ്പോൾ ലഭിച്ചോ അപ്പോൾത്തന്നെ ഇവിടെ ജാഗ്രതപ്പെടുത്തലുണ്ടായി എന്ന് കേന്ദ്രംതന്നെ സ്ഥിരീകരിച്ചശേഷവും സത്യം ജനങ്ങളെ അറിയിക്കാൻ കൂട്ടാക്കിയില്ല ഇവിടത്തെ ചില മാധ്യമപ്രവർത്തകർ.

വികസനപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നൽകുന്ന നഷ്ടപരിഹാര പാക്കേജിന്റെ വലിപ്പം മറച്ചുപിടിക്കുന്നതുമുതൽ ബന്ധപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നതുവരെ.എൻജിനിയറിങ് കോളേജിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ കാണാൻ വിസമ്മതിച്ചു എന്ന വാർത്തമുതൽ വിനായകന്റെ അച്ഛനെ കാണാൻ വിസമ്മതിച്ചു എന്ന വാർത്തവരെ. ഇരുവരെയും കണ്ടു എന്നതാണ് സത്യം.

ആളില്ലാപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വന്ന ഹർത്താൽ ദിവസം ബസ് കത്തിക്കുമെന്ന് പറഞ്ഞയാളെ കസ്റ്റഡിയിൽ എടുത്തതിനെതുടർന്ന് കേരളത്തിൽ ദളിത്വേട്ട എന്ന് വാർത്ത കൊടുത്തു ചിലർ. ദളിതർ കൂട്ടത്തോടെ സിപിഐ എം വിടുന്നു എന്ന് പ്രചരിപ്പിച്ചു. ദളിതർ ആർക്കൊപ്പം എന്ന് ഇപ്പോൾ ചെങ്ങന്നൂരിൽ തെളിഞ്ഞു.

കീഴാറ്റൂരിൽ നാലുപേരുടെ വാദം മുൻനിർത്തി ബഹുജനപ്രക്ഷോഭം എന്ന പ്രതീതിയുണ്ടാക്കി. ഒരുഘട്ടത്തിൽ സർക്കാർ വികസനം വരുത്തുന്നില്ല എന്നു പറയും. അതേ കൂട്ടർതന്നെ വികസനം വരുന്ന ഘട്ടത്തിൽ അതിനെ ഏതുവിധത്തിലും തടയാനുള്ള മുടന്തൻന്യായങ്ങൾ അണിനിരത്തും. ഗ്യാസ് പൈപ്പുലൈൻ വരുന്നതിനെതിരെ ചില സ്ഥാപിതതാൽപ്പര്യക്കാരുടെ സമരം വന്നപ്പോൾ അതിനെവരെ മഹത്വവൽക്കരിച്ചു ചില മാധ്യമങ്ങൾ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top