23 March Saturday

തെങ്ങിന് നന, ജപ്പാൻ പ്ലം, പപ്പായയിലെ കീടം

എം കെ പി മാവിലായിUpdated: Thursday Jan 24, 2019

 
തെങ്ങുകൾക്ക് വേനൽക്കാലത്ത് ജലസേചനം നൽകിയാൽ എത്രമാത്രം വിളവ് വർധിക്കും. ഒരു തെങ്ങിന് നൽകേണ്ട വെള്ളം എത്രയാണ്? ഇത് സംബന്ധിച്ച ഗവേഷണം നടന്നിട്ടുണ്ടോ  ?
എം മുഹമ്മദലി, കൊണ്ടോട്ടി, മലപ്പുറം.

വേനലിൽ ജലസേചനം നൽകുക വഴി പെൺപൂക്കൾ 30 ശതമാനവും,  പെൺപൂക്കൾ തേങ്ങയായി മാറുന്നത് 40 ശതമാനവും, ഉൽപ്പാദനം 74 ശതമാനവും വർധിച്ചതായും നീലേശ്വരത്തുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ വർഷങ്ങളോളമായി നടത്തിയ ഗവേഷണത്തിൽനിന്ന‌് വ്യക്തമായിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ 800 ലിറ്റർ വെള്ളം വീതം ഒരു തെങ്ങിന് നൽകിയപ്പോൾ ഉണ്ടായ വിളവർധനയാണിത്
.
ജപ്പാൻ പ്ലം എന്ന ഒരു തരം ചെടി കിട്ടിയിട്ടുണ്ട്. ഈ ചെടിയെക്കുറിച്ച് കൂടുതലറിയണം. ?
സി ജയരാജൻ, മണ്ണൂത്തി, തൃശൂർ.

ജപ്പാൻ പ്ലം ലൊക്കൊട്ട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വയനാട്ടിലെ അപൂർവം ചില തോട്ടങ്ങളിൽ ഈ ചെടി നന്നായി വളർന്ന് കായ്ക്കുന്നുണ്ട്. റൊഡേസി എന്ന സസ്യ കുടുംബത്തിലെ അംഗമായ ലൊക്കൊട്ട് എറിയോ ബോടിയാ ജപ്പോണിക്ക എന്ന ശാസ്ത്രനാമത്തിലാണ് സസ്യ ശാസ്ത്രജ്ഞരുടെ ഇടയിൽ അറിയപ്പെടുന്നത്. ഒക്ടോബർ മാസത്തിലാണ് ലൊക്കൊട്ട് പുഷ്പിച്ചു തുടങ്ങുക. കായ്കൾ ഉണ്ടാകുന്നതിനായി പൂക്കളിൽ പരാഗണം ആവശ്യമാണ്. കുലകളായാണ് ഇതിന്റെ പഴങ്ങൾ കാണുക.  ഒരു കുലയിൽ അനേകം പഴങ്ങൾ ഉണ്ടാകും. ജാം, ജെല്ലി എന്നിവയുടെ നിർമാണത്തിനാണ് പ്രധാനമായും പഴങ്ങൾ ഉപയോഗപ്പെടുത്തുന്നത്. വിത്ത് മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. പഴകിയ വിത്ത് മുളക്കാറില്ല.

മികച്ച ഇനം പപ്പായ ചെടി നട്ട് കായ്ച്ച് തുടങ്ങിയപ്പോൾ കായ്കളിലാകെ വെളുത്ത നിറത്തിലുള്ള പൊടി പറ്റിപ്പിടിച്ച രീതിയിൽ ചെറു പ്രാണികളുടെ ശല്യം കാണുന്നു. എന്താണ് പ്രതിവിധി  ?
വി ബാലകൃഷ്ണൻ, പേരാമ്പ്ര, കോഴിക്കോട്.

ഒരു ലിറ്റർ  വെള്ളത്തിൽ അഞ്ച് മില്ലി സോപ്പുവെള്ളം അല്ലെങ്കിൽ ഷാംപു, മൂന്ന് മില്ലി മണ്ണെണ്ണ, അഞ്ച് മില്ലി വേപ്പെണ്ണ എന്നീ തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി തളിച്ചു കൊടുക്കുക.
 


പ്രധാന വാർത്തകൾ
 Top