26 May Tuesday

ശബ്ദത്തിന്റെ അന്താരാഷ്ട്രവര്‍ഷം

എൻ എസ് അരുൺകുമാർUpdated: Thursday Feb 20, 2020


2020 ശബ്ദത്തിന്റെ അന്താരാഷ്ട്രവർഷമാണ്. അന്താരാഷ്ട്ര ശബ്ദവൈജ്ഞാനിക കമീഷൻ (International Commission for Acoustics) ആണ് ഈ വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുനാഗരികതയ്‌ക്ക് പുതുശബ്ദം  എന്നതാണ് വർഷാചരണത്തിന്റെ സന്ദേശം. 2015ലാണ് യുനെസ്കോ ഇത്തരമൊരു വർഷാചരണം സാധ്യമാക്കുന്ന പ്രമേയത്തിൽ ഒപ്പുവച്ചത്. എന്നാൽ, ആ പ്രമേയം പൊതുവേദിയിൽ അവതരിപ്പിച്ചത്‌  2017ൽ പാരീസിലും. തുടർന്നാണ് 2020 ജനുവരിയിൽ  ഇതു സംബന്ധിച്ച്‌ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. ഇതേ മാത്യകയിൽ ലോകം ഒരു ഭൗതികപ്രതിഭാസത്തെ അധികരിച്ചുകൊണ്ടുള്ള വർഷാചരണത്തെ ദർശിച്ചത് 2015ലായിരുന്നു: പ്രകാശത്തിന്റെ അന്താരാഷ്ട്രവർഷം. 

‘ആധുനികലോകത്തിൽ ശബ്ദത്തിന്റെ പ്രാധാന്യം: ആരോഗ്യകരമായ ശീലങ്ങളുടെ പ്രോത്സാഹനം’എന്ന തലക്കെട്ടോടുകൂടിയ പ്രമേയമാണ് ഇതു സംബന്ധമായി യുണെസ്കോ അംഗീകരിച്ചിരിക്കുന്നത്.  പ്രധാനമായും അഞ്ച്  ഭാഗങ്ങളാണ് ശബ്ദത്തെക്കുറിച്ചുള്ള ഈ പ്രമേയത്തിലുള്ളത്. അതിൽ ആദ്യത്തേത് ശബ്ദമലിനീകരണംമൂലമുള്ള ആരോഗ്യപ്രശ്‌നം സംബന്ധിച്ചുള്ളതാണ്. ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവിക്കുറവിനും ഉയർന്ന രക്തസമ്മർദത്തിനും അതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. ഇതിലൂടെ മാനസികസമ്മർദവും ഏറും.  കുട്ടികളാണ് ശബ്ദമലിനീകരണത്തിന്റെ ദൂഷിതഫലങ്ങൾക്ക് ഏറ്റവുമധികം ഇരയാകുന്നത്. കുട്ടികളിലെ മാനസികവികാസത്തിന് തടസ്സമാകാനും പഠനവൈകല്യങ്ങളിലേക്ക് നയിക്കാനും ശബ്ദമലിനീകരണം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.  എങ്കിലും മനുഷ്യർ എങ്ങനെയാണ് ശബ്ദമലിനീകരണവുമായി പൊരുത്തപ്പെടുന്നതെന്ന് ഇപ്പോഴും പൂർണമായും വ്യക്തമല്ല.

ശബ്ദമലിനീകരണ തോത്‌ ഉയർന്നു
ജനവാസകേന്ദ്രങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ തോത് 50 ഡെസിബെൽ മാത്രമാണെന്ന് ലോകാരോഗ്യസംഘടന നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, ആധുനികലോകത്തിൽ അത് 97.60 ഡെസിബെല്ലിനും മുകളിലാണ്‌. ഓരോ രാജ്യങ്ങളിലും ഓരോ നഗരങ്ങളിലും ജനങ്ങൾ അസഹ്യമായി കരുതുന്ന ശബ്ദശല്യത്തിന്റെ പരിധി  വ്യത്യസ്തമാണ്.

ജീവജാലങ്ങൾക്ക്‌ ഭീഷണി

ശബ്ദമലിനീകരണം  മുതിർന്നവരോടൊപ്പം കുട്ടികളെയും പ്രതികൂലമായി ബാധിക്കും. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ  ഉള്ളവർക്ക് ഹൈപ്പർഅക്വുസിസ്  ഉണ്ടാകാം. ശബ്ദത്തോടുള്ള അസാധാരണ സംവേദനക്ഷമതയാണിത്. 

വന്യജീവികളിലും ശബ്ദമലിനീകരണം ദോഷഫലങ്ങൾ സൃഷ്ടിക്കും. ശത്രുജീവിയുടെ പിടിയിൽ പെടാതിരിക്കാനുള്ള സാധ്യതയെ ശബ്ദമലിനീകരണം ഒരു പരിധിവരെ ഇല്ലായ്മ ചെയ്യുന്നു എന്നുതന്നെ പറയാം. പക്ഷികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആശയവിനിമയത്തെ ശബ്ദമലിനീകരണം ദോഷകരമായി ബാധിക്കും.

പ്രജനനക്ഷമതയെയും പ്രജനനഇടങ്ങളിലെ ശാന്തതയെയും ശബ്ദസാന്നിധ്യം തകർക്കുന്നതായി പഠനങ്ങൾ പറയുന്നു. ദേശാടനപ്പക്ഷികളുടെ സഞ്ചാരപാതകളെപ്പോലും ഇത് സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  മുൻകാലങ്ങളിൽ പ്രകാശമലിനീകരണംമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കരുതിയിരുന്നത്. മാത്രമല്ല, നിയോടോപ്പിക്കൽ മേഖലയിലെ ചത്വരങ്ങളിലും പൂന്തോട്ടങ്ങളിലുമുള്ള  പക്ഷികളുടെ എണ്ണം ശബ്ദമലിനീകരണത്താൽ  കുറഞ്ഞു.

കടൽജീവികൾക്കും
ശബ്ദമലിനീകരണം കടലിനടിയിലും പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നുണ്ട്. ഡീസൽ എൻജിനുകൾ ഘടിപ്പിച്ച ചരക്കുകപ്പലുകൾ ഉയർന്നതോതിൽ ശബ്ദമുണ്ടാക്കുന്നു. സാധാരണഗതിയിൽ കാറ്റടിക്കുന്നതിലൂടെമാത്രമുണ്ടാകുന്ന താഴ്ന്ന സ്ഥായിയിലുള്ള വിസരിതശബ്ദാവൃത്തി(Frequency Ambient Noise Level) യെ ഈ ശബ്ദമലിനീകരണം ഗണ്യമായി ഉയർത്തുന്നു. ആശയവിനിമയത്തിനായി ശബ്ദത്തെ ആശ്രയിക്കുന്ന തിമിംഗലം പോലുള്ള ജീവികളെയും  ബാധിക്കാം. ചിലതരം കടൽഞണ്ടുകളെ കപ്പൽശബ്ദം പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാ: കാർസിനസ് മെയ്നാസ് .  അന്തർവാഹിനികൾ ഗതിനിർണയത്തിനായി ഉപയോഗിക്കുന്ന സോണാർ സങ്കേതത്തിൽനിന്നുള്ള  ശബ്ദം ചിലയിനം തിമിംഗലങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ടത്രെ.


 

കേൾവി പരിശോധിക്കേണ്ടതിന്റെയും കേൾവിക്കുറവുള്ളവർ അത് ശ്രവണ സഹായികൾ ഉപയോഗിച്ചു  പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും യുനസ്കോപ്രമേയം എടുത്തുപറയുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പ്രമേയം നിർദേശിക്കുന്നു. വിദ്യാലയങ്ങൾ, പാർപ്പിടസമുച്ചയങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ   ശബ്ദമലിനീകരണം  തടയുന്നതിനുള്ള മാർഗങ്ങളും ചില പെരുമാറ്റച്ചട്ടങ്ങളുംകൂടി വർഷാചരണം മുന്നോട്ടുവയ്ക്കുന്നുണ്ട്.
 


പ്രധാന വാർത്തകൾ
 Top