22 October Tuesday

പത്തു ലക്ഷം ജീവജാതികൾ വംശനാശഭീഷണിയിൽ ; പ്രതി മനുഷ്യൻ

സീമ ശ്രീലയംUpdated: Sunday Jun 16, 2019


ലോകത്ത് ഇപ്പോൾ പത്തു ലക്ഷം ജീവജാതികൾ(species) വംശനാശ ഭീഷണിയുടെ നിഴലിലാണ്. ഇവ കുറ്റിയറ്റു പോവുന്നതിനു പിന്നിലെ പ്രധാന പ്രതി മറ്റാരുമല്ല. മനുഷ്യൻ തന്നെ.  ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേർസിറ്റി ആന്റ് ഇക്കോസിസ്റ്റം സർവീസസ് (IPBES) പുറത്തിറക്കിയ ജൈവവൈവിധ്യത്തെയും ആവാസ വ്യവസ്ഥകളെയും കുറിച്ചുള്ള അസസ്‌മെന്റ്‌ റിപ്പോർട്ടാണ് മായുന്ന ജൈവവൈവിധ്യത്തെക്കുറിച്ച് അപായമണി മുഴക്കുന്നത്. അൻപത് രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിനാല്പത്തിയഞ്ച് വിദഗ്ധരുടെ മൂന്നു വർഷത്തെ ശ്രമഫലമായാണ് റിപ്പോർട്ട് തയ്യാറായത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജൈവവൈവിധ്യം, കാലാവസ്ഥ, ആവാസവ്യവസ്ഥകളുടെ ആരോഗ്യം  എന്നിവയെക്കുറിച്ചു നടന്ന പതിനയ്യായിരത്തോളം പഠനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാലയളവിൽ ലോകജനസംഖ്യ ഏതാണ്ട് ഇരട്ടിയിലധികമായി. 1976ൽ ജനസംഖ്യ 370 കോടി ആയിരുന്നെങ്കിൽ ഇപ്പോഴത് 760 കോടി കഴിഞ്ഞു.

വരുന്നത് കൂട്ട വംശനാശം
ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും അമൂല്യമാണ്. കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇപ്പോൾ ആഗോളതലത്തിൽ സ്പീഷിസ്സുകളുടെ വംശനാശ നിരക്ക് പത്തു മുതൽ നൂറു മടങ്ങു വരെയാണ് വർധിച്ചിരിക്കുന്നത്. ഉഭയജീവികളിൽ നാല്പത് ശതമാനവും കടൽ സസ്തനികളിൽ 33 ശതമാനവും സ്രാവുകളിൽ 33 ശതമാനവും പവിഴപ്പാറകളിൽ പത്ത് ശതമാനവും ഷഡ്പദങ്ങളിൽ 10 ശതമാനവും വംശനാശഭീഷണിയിൽ അകപ്പെട്ടു കഴിഞ്ഞു. ഭക്ഷ്യാവശ്യത്തിനും കാർഷികാവശ്യത്തിനും ഉപയോഗിച്ചിരുന്ന സസ്തനി സ്പീഷിസ്സുകളിൽ ഒൻപത് ശതമാനത്തിനും വളർത്തു പക്ഷികളുടെ സ്പീഷിസ്സുകളിൽ 3.5 ശതമാനത്തിനും 2016 ഓടെ വംശനാശം സംഭവിച്ചു. പല കാർഷിക വിളകളുടെയും വന്യ സ്പീഷിസ്സുകൾ വംശനാശ ഭീഷണിയിലാണ്. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ വംശനാശത്തിന്റെ നിരക്ക് ഇനിയും ത്വരിതപ്പെടുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഭൂമി ആറാം കൂട്ട വംശനാശ ഘട്ടത്തിലാണിപ്പോൾ.

അന്യമാവുന്ന ആവാസവ്യവസ്ഥകൾ -
കരയിലെ ജീവികൾ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആവാസവ്യവസ്ഥാ നാശമാണെന്ന് IPBES റിപ്പോർട്ട് അടിവരയിടുന്നു. എല്ലാ ജീവികളും ഈ ഭൂമിയുടെ അവകാശികളാണെന്ന യാഥാർഥ്യം സൗകര്യപൂർവ്വം വിസ്മരിച്ചു കൊണ്ട് മനുഷ്യൻ നടത്തുന്ന വിവേചനരഹിതമായ പ്രവർത്തനങ്ങൾ ജീവികൾക്ക് വാസസ്ഥലം ഇല്ലാതാക്കുന്നു. ഇന്ന് ഭൂമിയിലെ കരഭാഗത്തിന്റെ 75 ശതമാനത്തോളം ഭാഗത്തും മനുഷ്യന്റെ ഇടപെടലുകൾ അനഭിലഷണീയമായ വ്യതിയാനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നഗരവൽക്കരണം അതീവ ത്വരിത ഗതിയിലായി. പെരുകിക്കൊണ്ടേയിരിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് കാർഷികാവശ്യത്തിനായി കാടുകളും തണ്ണീർത്തടങ്ങളും പുൽമേടുകളുമൊക്കെ നശിപ്പിക്കപ്പെട്ടതും ആവാസ വ്യവസ്ഥാ നാശത്തിനു കാരണമായി.പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 85 ശതമാനത്തോളവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അപ്രത്യക്ഷമായി. വ്യാവസായിക വിപ്ലവത്തിനു മുമ്പുണ്ടായിരുന്ന വനപ്രദേശത്തിന്റെ 65 ശതമാനമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 1970 മുതൽ ഭക്ഷ്യവിളകളുടെ ഉല്പാദനം പല മടങ്ങു വർധിച്ചു. 1980 മുതലുള്ള രണ്ടു ദശകങ്ങളിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷിഭൂമി 100 ദശലക്ഷം ഹെക്ടർ കണ്ടു വർദ്ധിച്ചു.

കടലിലും രക്ഷയില്ല-
കരയിൽ മാത്രമല്ല കടലിലും സംഭവിക്കുന്നുണ്ട് കടുത്ത ആവാസ വ്യവസ്ഥാ നാശം. സമുദ്രോപരിതലത്തിലെ 66 ശതമാനത്തോളം ഭാഗത്തും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി വ്യതിയാനങ്ങൾ സംഭവിച്ചു കഴിഞ്ഞു. അമിതമായ സമുദ്രവിഭവ ചൂഷണം സമുദ്രജീവികൾക്ക് ചരമഗീതം രചിച്ചുകൊണ്ടിരിക്കുന്നു.
അനിയന്ത്രിതമായ മൽസ്യബന്ധനം മൽസ്യ സമ്പത്ത് ശോഷിപ്പിച്ചു കൊണ്ടിരിക്കുന്നു.അറ്റ്ലാന്റിക് പരവ മൽസ്യം, സ്രാവുകൾ, ബ്ലൂഫിൻ ട്യൂണ എന്നിവയൊക്കെ ലോകത്ത് വൻ തോതിൽ പിടിക്കപ്പെടുന്ന മൽസ്യങ്ങളാണ്. ഇവയോടൊപ്പം പലപ്പോഴും ഡോൾഫിനുകളും കടലാമകളുമൊക്കെ വലയിൽ കുരുങ്ങാറുണ്ട്.

ഭൂമിക്കു പനിക്കുമ്പോൾ -
ഓരോ വർഷവും ചൂടിന്റെ കാര്യത്തിൽ റെക്കോഡിട്ട് മുന്നേറുമ്പോൾ, ഭൂമിക്ക് ചുട്ടുപൊള്ളിപ്പനിക്കുമ്പോൾ അത് ജൈവ വൈവിധ്യത്തെയും ബാധിക്കുന്നുണ്ട്. ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് കഴിഞ്ഞ എട്ടുലക്ഷം വർഷങ്ങളിലെ റെക്കോഡ് തോതായ 415 പിപിഎമ്മിൽ എത്തിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ താപവർദ്ധനവ് രണ്ടു ഡിഗ്രിയിൽ കൂടാതെ പിടിച്ചുനിർത്തണമെന്ന പാരീസ് ഉടമ്പടിയിലെ വ്യവസ്ഥയൊക്കെ കാറ്റിൽപറക്കാനാണ്‌ സാധ്യത.

ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും സ്പീഷിസ്സുകൾക്ക് ഉയർത്തുന്ന ഭീഷണി ചില്ലറയൊന്നുമല്ല. വെള്ളപ്പൊക്കം,കൊടും വരൾച്ച, കാട്ടുതീ, ചുഴലിക്കാറ്റുകൾ, സമുദ്ര ജലവിതാനമുയരൽ, സമുദ്രജലത്തിന്റെ താപനിലയും അമ്ലതയും വർധിക്കൽ എന്നിവയുടെയൊക്കെ തീവ്രത കൂടിക്കൊണ്ടേയിരിക്കുന്നു. വിവിധ മേഖലകളിൽ ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപയോഗവും വനനാശവുമൊക്കെ  ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു. കാർഷിക മേഖലയുമായി  ബന്ധപ്പെട്ട കാർബൺ ഡൈ ഓക്സൈഡ്  ഉൽസർജനവും കന്നുകാലികളിൽ നിന്നുള്ള മീഥേൻ വാതക ഉൽസർജനവും വേറെ. കോസ്റ്ററിക്കയിലെ മേഘമഴക്കാടുകളിൽ ഒരുകാലത്തു ധാരാളമായി കാണപ്പെട്ടിരുന്ന സുവർണ്ണ തവളയും ആസ്ട്രേലിയയിലെ ക്വീൻസ് ലാന്റിൽ ധാരാളമായി കാണപ്പെട്ടിരുന്ന ബ്രാംബിൾ കെയ് മെലോമിസ് എന്ന എലിയും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഇരയായി ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെട്ട ജീവികളാണ്.

ചവറ്റുകുട്ടയാവുന്ന സമുദ്രങ്ങൾ-
കടൽ അക്ഷരാർഥത്തിൽ പ്ലാസ്റ്റിക്കിന്റെ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. പ്രതിവർഷം 80 ലക്ഷം ടണ്ണോളം പ്ലാസ്റ്റിക് ആണ് സമുദ്രങ്ങളിൽ എത്തുന്നത്. പസഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ 16 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭാഗം ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് എന്നാണറിയപ്പെടുന്നത്. സമുദ്രങ്ങൾ പ്ലാസ്റ്റിക് സമുദ്രങ്ങളാവുമ്പോൾ  267 ഓളം സമുദ്ര സ്പീഷിസ്സുകൾ കടുത്ത വംശനാശ ഭീഷണിയിലാണ്.  കടലാമകളിൽ 86 ശതമാനവും കടൽപ്പക്ഷികളിൽ 44 ശതമാനവും കടൽ സസ്തനികളിൽ 43 ശതമാനവും പ്ലാസ്റ്റിക് മലിനീകരണ ഭീഷണിയിലാണ്. മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളുമൊക്കെ പ്ലാങ്ക്ടണുകളുടെയും ചെറു മൽസ്യങ്ങളുടെയും ശരീരത്തിലെത്തുകയും ഭക്ഷ്യശൃംഖലയിൽ കടന്നുകൂടുക വഴി അതിനു ജൈവാവർദ്ധനം സംഭവിക്കുകയും ചെയ്യും. ഫാക്ടറികളിലെയും നഗരങ്ങളിെലയും  ഖനികളിലെയും കൃഷിയിടങ്ങളിലെയും മാലിന്യങ്ങൾ, എണ്ണച്ചോർച്ച എന്നിവയും സമുദ്രങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.

അന്യസ് പീഷിസ്സുകളുടെ അധിനിവേശം

ഒരു ആവാസവ്യവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത അന്യസ്പീഷിസ്സുകളുടെ അധിനിവേശമാണ് ജൈവവൈവിധ്യം നേരിടുന്ന മറ്റൊരു ഭീഷണി. 1970 കൾക്കു ശേഷം ഇരുപത്തിയൊന്നോളം രാജ്യങ്ങളിൽ അന്യസ്പീഷിസ്സുകളുടെ കടന്നുകയറ്റം എഴുപതു ശതമാനം കണ്ടു വർദ്ധിച്ചു. ഇവ ആ പ്രദേശത്തെ സ്വാഭാവിക സ്പീഷിസ്സുകളുമായി ജലത്തിനു വേണ്ടിയും പോഷകങ്ങൾക്കു വേണ്ടിയും ആവാസവ്യവസ്ഥയ്ക്കു വേണ്ടിയും മൽസരിക്കും. ഒടുവിൽ സ്വാഭാവിക സ്പീഷിസ്സുകളെ പാടേ നശിപ്പിക്കുകയും ചെയ്യും.

പ്രതീക്ഷയുടെ തുരുത്തുകൾ-
ജൈവവൈവിധ്യനാശം ത്വരിതപ്പെടുന്നു എന്ന് മുന്നറിയിപ്പു നൽകുമ്പോഴും ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് IPBES  റിപ്പോർട്ട് അടിവരയിടുന്നു. ഇനിയെങ്കിലും വേണ്ടവിധത്തിൽ പ്രവർത്തിച്ചാൽ   സ്പീഷിസ്സുകളുടെ വംശനാശനിരക്ക് കുറയ്ക്കാൻ സാധിക്കും. 1996 മുതൽ 2008 വരെ സ്പീഷിസ്സുകളുടെ സംരക്ഷണത്തിനായി കൂടുതൽ നിക്ഷേപം നടത്തിയ 109 രാജ്യങ്ങളിൽ സസ്തനികളുടെയും പക്ഷികളുടെയും വംശനാശഭീഷണി 29 ശതമാനം കണ്ടു കുറയ്ക്കാൻ കഴിഞ്ഞു. 2011 മുതൽ 2020 വരെ ജൈവവൈവിധ്യ ദശകമായി പ്രഖ്യാപിച്ചിട്ടുണ്ട് യു എൻ എയ്ചി(AICHI) ബയോഡൈവേഴ്‌സിറ്റി ടാർഗറ്റിലെ 20 ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, സുസ്ഥിര വിനിയോഗം എന്നിവയെക്കുറിച്ച് സാധാരണക്കാരിൽ അവബോധമുണ്ടാക്കൽ, ആവാസ വ്യവസ്ഥാനാശം, മലിനീകരണം, സമുദ്രജലത്തിന്റെ അമ്ലത, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം എന്നിവ കുറയ്ക്കൽ, ജലം, ജീവിതമാർഗ്ഗം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്ന തദ്ദേശീയ ഇക്കോസിസ്റ്റങ്ങൾ സംരക്ഷിക്കൽ, വനപ്രദേശങ്ങളുടെയും കൃഷിയിടങ്ങളുടെയും സുസ്ഥിരത ഉറപ്പാക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.


പ്രധാന വാർത്തകൾ
 Top