20 September Friday

വ്യായാമത്തിലൂടെ പ്രമേഹം നിയന്ത്രിക്കാം

എം അജയ്‌ലാൽUpdated: Thursday Aug 15, 2019

പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനും ഫിസിയോതെറാപ്പിക്കും വലിയ പങ്കുണ്ട്‌. പ്രമേഹം സാധാരണയായി രണ്ടു തരത്തിലുണ്ട്‌. ഇൻസുലിന്റെ അഭാവംകൊണ്ട്‌ ഉണ്ടാകുന്നത്‌ ടൈപ്പ്‌ 1 എന്നും ഇൻസുലിനോടുള്ള പ്രതിരോധവും ഇൻസുലിന്റെ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ്‌ 2 എന്നും പറയുന്നു.

ഉണർവേകാൻ വ്യായാമം
  മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒഴിവാക്കി രക്തത്തിലെ പഞ്ചസാരനില നിയന്ത്രിക്കാൻ സാധിക്കുന്നു.
  ടൈപ്പ്‌ 2 പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപാദനശേഷി വർധിപ്പിക്കുന്നതിനൊപ്പം വ്യയാമശേഷിയും വർധിപ്പിക്കുന്നു.
  രോഗികളിൽ മാനസികവും ശാരീരികവുമായ ഉണർവ്‌ നൽകുന്നു.
  നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ നില കൂട്ടുകയും ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ നില കുറയ്‌ക്കുകയും ചെയ്യും.
  പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാം.

വ്യായാമരീതികൾ
പ്രമേഹരോഗികൾ പ്രധാനമായും നാലു തരത്തിലുള്ള വ്യായാമമുറകളാണ്‌ പരിശീലിക്കേണ്ടത്‌.  ആയാസം കുറഞ്ഞ എയറോബിക്‌ എക്‌സർസൈസ്‌,  അവയിൽ പ്രധാനം. പേശികൾക്ക്‌ പഴക്കം കൂടുവാനുള്ള ഫ്ലക്‌ സിബിലിറ്റി എക്‌സർസൈസ്‌, ബലം വർധിപ്പിക്കാനുള്ള റെഡിസ്‌റ്റഡ്‌ എക്‌സർസൈസ്‌, ബാലൻസ്‌ എക്‌സർസൈസ്‌ എന്നിവയാണ്‌ പരിശീലിക്കേണ്ടത്‌.

  എയ്‌റോബിക്‌ വ്യായാമത്തിൽ ചെറുനടത്തം, നീന്തൽ, സൈക്ലിങ്‌, ജോഗിങ്‌, ഗാർഡനിങ്‌, സൂംബ തുടങ്ങിയവ ഉൾപ്പെടുന്നു.
  കൈയ്‌ക്കും കാലിനും പേശികൾക്ക്‌ ബലം വർധിപ്പിക്കാനായി എക്‌സർസൈസ്‌ ബാൻഡ്‌ ഉപയോഗിച്ച്‌ ചെയ്യുന്ന വ്യായാമത്തെ റെഡിസ്‌റ്റഡ്‌ എക്‌സർസൈസിൽ ഉൾപ്പെടുത്താം.
  പേശികൾക്ക്‌ അയവുവരുത്തി സന്ധികളുടെ ചലനശേഷി വർധിപ്പിക്കുവാൻ ചെയ്യുന്നതാണ്‌ ഫ്ലക്‌സിബിലിറ്റി എക്‌സർസൈസ്‌.

കൃത്യതയും സുരക്ഷിതവുമായ വ്യായാമത്തിന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
 വ്യായാമത്തിന്‌ മുന്പും ശേഷവും ശരീരത്തിൽ വെള്ളത്തിന്റെ അളവ്‌ കുറയാതെ നോക്കണം.
  വ്യായാമത്തിന്‌ ഉപയോഗിക്കുന്ന പാദരക്ഷകൾ കാലുകൾക്ക്‌ പരുക്കുകൾ ഉണ്ടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം.
 വ്യായാമത്തിനിടയിൽ ശ്വാസംപിടിച്ച്‌ വയ്‌ക്കാൻ ശ്രമിക്കരുത്‌. മിതമായ സംഭാഷണത്തിൽ ഏർപ്പെടാൻ കഴിയുന്ന രീതിയിൽ മാത്രം, ആയാസപ്പെടാതെ വ്യായാമം ചെയ്യുക.
  വ്യായാമശേഷം കാൽപാദത്തിൽ മുറിവുകൾ വല്ലതും സംഭവിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

 

എം അജയ്‌ലാൽ
സീനിയർ ഫിസിയോതെറാപ്പിസ്‌റ്റ്‌, എസ്‌യുടി ഹോസ്‌പിറ്റൽ, പട്ടം.

 


പ്രധാന വാർത്തകൾ
 Top