21 September Saturday

ലക്ഷ്യം അകലെ, എങ്കിലും പ്രതീക്ഷാഭരിതം....

എ എൻ രവീന്ദ്രദാസ്Updated: Thursday Sep 6, 2018

ആദ്യം വിശ്വസിക്കാനാകാതെ നിങ്ങൾ അമ്പരന്നിട്ടുണ്ടാകണം. പിന്നെ യാഥാർഥ്യം നിങ്ങളെ ആഹ്ലാദിപ്പിച്ചിട്ടുണ്ടാകാം. വലൻസിയയിൽ നടന്ന കോട്ടിഫ് കപ്പ് മത്സരത്തിൽ ലോകഫുട്ബോളിലെ വമ്പൻമാരായ അർജന്റീനയുടെ ഇളമുറക്കാരെ അമർജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള അണ്ടർ‐ 20 ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു ഞെട്ടിച്ചത് തീർച്ചയായും ഇന്ത്യൻ ഫുട്ബോളിലെ രമണീയമുഹൂർത്തംതന്നെയാണ്. പക്ഷേ, ആ ഒരു വിജയത്തിനപ്പുറം മുന്നേറാൻ കഴിയാത്ത ഇന്ത്യൻടീം അഞ്ച് ടീമുകളുടെ ഗ്രൂപ്പിൽ അവസാനപടിയിലേക്ക് പതിക്കുന്നതും അർജന്റീന കോട്ടിഫ് കപ്പ് ഉയർത്തിയതും നാം കണ്ടുകഴിഞ്ഞു.

ഇന്ത്യൻ അണ്ടർ ‐20 ടീം നേടിയ ഈ വിജയത്തിന്റെ മഹത്വം കുറച്ചുകാണുന്നില്ല. എന്നാൽ, അർജന്റീൻ ടീമിന്റെ കളിമികവിനും നിലവാരത്തിലേക്ക് എത്തിയെന്ന് ധരിക്കുന്നത് മൗഢ്യമാണ്. ഇവിെ നിന്ന് കൂടുതൽ മികവിലേക്കും നേട്ടങ്ങളിലേക്കും ചുവടുവയ്ക്കാൻ സന്ദർഭം ആവശ്യപ്പെടുംവിധം ടീമിന്റെ ഘടനയിലും കളിക്കാരുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തേണ്ടിവരും. കോട്ടിഫ് കപ്പിലെ മറ്റ് മത്സരങ്ങളിൽ എതിരാളികൾ പിഴവുവരുത്തുന്നതിന് കാത്തിരുന്ന് മുതലെടുക്കുകയെന്ന തന്ത്രം ആവിഷ്ക്കരിച്ചപ്പോൾ, അർജന്റീനയെ നേരിട്ടപ്പോൾ അവരെ തെറ്റുകളിലേക്ക് ചാടിക്കാനുതകുന്ന തന്ത്രമാണ് നടപ്പാക്കിയത്. രണ്ടു ഗോളിന്റെ ലീഡ് ടീമിന് ആത്മവിശ്വാസമേകി. പക്ഷേ, അനികേത് ജാദവ് ചുവപ്പുകണ്ടു പുറത്തായതോടെ തന്ത്രം മാറ്റാൻ നിർബന്ധിതരായി. അത് ഫലം കാണുകയുംചെയ്തു. ഈ പോരാട്ടത്തിൽ ടീമിന്റെ ശക്തിസ്രോതസ്സായി നിറഞ്ഞാടിയത് പ്രതിരോധാത്മക മിഡ്ഫീൽഡർമാരായ അമർജിത് സിങ്ങും സുരേഷ് സിങ്ങുമാണ്. അതേസമയ,ം കളിയുടെ സാങ്കേതികവശങ്ങൾ താരതമ്യംചെയ്താൽ അർജന്റീന ബഹുദൂരം മുന്നിലാണ്. നമ്മൾ സുസംഘടിതമായ പ്രതിരോധത്തിലൂടെ അവരുടെ സ്വാഭാവിക ഗെയിമിനുമേൽ അസ്വസ്ഥതയുടെ വിത്തുപാകുന്നതിൽ വിജയിക്കുകയുംചെയ്തു. ഇന്ത്യൻ അണ്ടർ‐ 20 ടീമിന്റെ ശക്തിദൗർബല്യങ്ങളെയും തന്ത്രങ്ങളെയും വിശദമായി വിശകലനം ചെയ്തുകൊണ്ട് പരിശീലകനായ ഫ്ളോയ്ഡ് പിന്റോ നടത്തുന്ന വിലയിരുത്തലാണിത്.

അവസരം മുതലാക്കിയ ദീപക് താൻഗ്രിയും 35 വാര അകലെനിന്നുള്ള ഫ്രീകിക്കിലൂടെ അൻവർ അലിയും നേടിയ ഗോളുകളിലൂടെ അർജന്റീനയുടെമേൽ നേടിയ 2‐1 വിജയം ഇന്ത്യൻ അണ്ടർ‐20 ടീമിനെ സംബന്ധിച്ചിടത്തോളം പതനംകഴിഞ്ഞുള്ള മുഴക്കമായിരുന്നു. അതിനുമുമ്പ് ചെലസിയോൻ മുർസിയാനയോട് 2‐ 0 നും  മൗറിറ്റാനിയയോട് 3‐0നും തോൽക്കുകയും വെനസ്വേലയോട് ഗോൾരഹിതമായി പിരിയുകയുംചെയ്തു. എങ്കിലും ഈ ചുണക്കുട്ടന്മാർ തലയെടുപ്പോടെ തിരിച്ചെത്തുമ്പോൾ ഇന്ത്യൻഫുട്ബോൾ പുതിയ വിഭാതത്തിലേക്കാണ് കൺതുറക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിലെ പുതുതലമുറയുടെ ചരിത്രരചന കോട്ടിഫ്കപ്പിൽ മാത്രമല്ല പ്രകടമായത്. അണ്ടർ‐ 20 ടീം അർജന്റീനയെ വീഴ്ത്തി കരുത്തുകാട്ടിയപ്പോൾ ജോർദാനിൽ ബെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (ഡബ്ല്യുഎഎഫ്എഫ്) അമ്മാനിൽ നടത്തിയ ടൂർണമെന്റിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഇറാഖിനെ ഭുവനേഷ് തലവച്ച ഗോളിലൂടെ കീഴടക്കി നമ്മുടെ അണ്ടർ‐16 ടീമും വരവറിയിച്ചു. ബിബിയാനോ ഫെർണാണ്ടസ് പരിശീലിപ്പിക്കുന്ന ആ ടീം മറ്റ് മത്സരങ്ങളിൽ ജോർദാനെ 4‐0 നും യെമനെ 3 ‐0 നും തറപറ്റിക്കുകയുണ്ടായി. ജപ്പാനോടുമാത്രമാണ് അവർ തോൽവിയറിഞ്ഞത് 1 ‐2. ഏത് തലത്തിലോ ഏതു പ്രായവിഭാഗത്തിലോ ഉള്ള മത്സരങ്ങളിൽ ഇന്ത്യ 36് വർഷത്തിനുള്ളിൽ ഇറാഖിനുമേൽ നേടുന്നആദ്യ  വിജയമാണ് ഈ അണ്ടർ‐16 ടീമിന്റെപേരിൽ കുറിക്കപ്പെട്ടത്.

ജക്കാർത്ത ഏഷ്യൻ ഗെയിംസിന് നാട്ടിൽ അറിയപ്പെടാത്ത കളികൾക്കുപോലും ടീമുകളെ അയച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുരുഷ‐വനിത ഫുട്ബോൾ ടീമുകളെ ചുവപ്പുകാർഡ് കാട്ടി വീട്ടിലിരുത്തിയ അവഗണനയുടെയും തിരിച്ചടിയുടെയും നാളുകളിലാണ് രണ്ട് ഭൂഖണ്ഡങ്ങളിലായി നടന്ന പോരാട്ടങ്ങളിലായി കൗമാരക്കാരുടെ ടീമുകൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രദീപ്തമായ പുത്തൻമുഖം കാട്ടിത്തന്നതെന്നും ഓർക്കുക. ഫുട്ബോളിൽ യുവകളിക്കാരുടെ തലത്തിലുള്ള വികസനപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് അണ്ടർ‐20, അണ്ടർ‐16 ടീമുകളിലൂടെ ദൃശ്യമാകുന്നതെന്നും എഐഎസ്എഫ് സെക്രട്ടറി കുശാൽ ദാസിന്റെ നിരീക്ഷണത്തോട് വിയോജിക്കേണ്ടതില്ല. മാത്രമല്ല, ഏറ്റവും ജനകീയമായ ഈ കളിയോട് ഐഒഎ അനുവർത്തിക്കുന്ന ചിറ്റമ്മനയത്തെ തുറന്നുകാട്ടാനും പുതുതലമുറക്കാരുടെ കളി സംഘങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.


പ്രധാന വാർത്തകൾ
 Top