29 July Thursday

ചാന്ദ്രയാൻ താണിറങ്ങുന്ന സമയമായി

സി രാമചന്ദ്രൻUpdated: Thursday Sep 5, 2019


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടെന്നവണ്ണം, ചന്ദ്രോപരിതലത്തിൽ മെല്ലെ പറന്നിറങ്ങുവാൻ വിക്രം എന്ന  ഇന്ത്യയുടെ യന്ത്രപക്ഷി വട്ടം കൂട്ടുകയാണ്‌. കാര്യങ്ങൾ ഇതുപോലെ ശുഭകരമായി മുന്നേറുമെങ്കിൽ ഏഴിന്‌ വെളുപ്പിന്‌ ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിലെ കുളിരുന്ന പ്രതലത്തിൽ അതിന്റെ പാദങ്ങൾ ഷാക്കിൽടൺ ഗർത്തത്തിനു സമീപം പതിയും. ഈ ഭാഗത്തിറങ്ങുന്ന ആദ്യത്തെ പേടകമായിരിക്കും ഇത്‌. ഏറെ ദുഷ്‌കരവും സാഹസികവുമായ ഒരു ദൗത്യമായതുകൊണ്ടാകാം ചില രാജ്യങ്ങളുടെ പല പേടകങ്ങളും ഇവിടം നിരീക്ഷണവിധേയമാക്കി യിട്ടുണ്ടെങ്കിലും ഇറങ്ങുവാൻ മുതിരാതിരുന്നത്‌.

ചാന്ദ്രയാൻ 2 എന്നത്‌ ഓർബിറ്റർ, ലാന്റർ, റോവർ എന്നീ മൂന്ന്‌ ബഹിരാകാശപേടകങ്ങളുടെ സമുച്ചയമാണ്‌. ഇപ്പോൾ ഇത്‌ അതിന്റെ നിർദിഷ്ടപഥത്തിൽ വിജയകരമായി എത്തിച്ചേർന്നിട്ടുമുണ്ട്‌. ഓർബിറ്റർ അതിന്റെ പഥത്തിൽ തുടരുേമ്പാൾതന്നെ ലാന്റർ വിജയകരമായി വേർപെട്ട്‌ ഇപ്പോൾ ചന്ദ്രനെ വലംവച്ചുകൊണ്ട്‌ ചന്ദ്രനോടടുത്തുകൊണ്ടിരിക്കുകയാണ്‌.

ഭൂമിയിൽനിന്ന്‌ ഉപഗ്രഹത്തെ ഉയർത്തി അത്‌ ഭ്രമണപഥത്തിലേക്ക്‌ വിക്ഷേപിച്ചുക ഴിഞ്ഞാൽ വാഹനത്തിന്റെ ചുമതല തീർന്നു. പിന്നീട്‌ ഇതിന്റെ യാത്രക്കുള്ള ഇന്ധനം ഉപഗ്രഹത്തിൽതന്നെയുണ്ട്‌. അതുകൂടാതെ അതിന്റെ അകത്തുള്ള പ്രവർത്തനത്തിനു ബാറ്ററികളും  സൗരോർജപാനലുകളുമുണ്ട്‌. ഉപഗ്രഹം നിഴലിൽപെട്ട്‌ ഗ്രഹണത്തിലാകുന്ന സമയത്ത്‌ ഇൻവർട്ടർ പോലെ ബാറ്ററിയിൽ ചാർജായ  ഊർജം ഉപയോഗിക്കും. ഭൂമി പോലെയല്ല, കൃത്രിമ ഉപഗ്രഹങ്ങളിൽ അടിക്കടി ഗ്രഹണം സംഭവിക്കും.

വെള്ളമുണ്ടെങ്കിൽ അറിയാൻ പ്രത്യേക ഉപകരണം
ഭൂമിയിൽ ഗതിനിർണയത്തിന്‌ ഭൂമിയെയും ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും ആശ്രയിക്കുന്നതുപോലെ ബഹിരാകാശത്ത്‌ അത്‌ നടപ്പില്ല. അവിടെ തെക്കുവടക്കോ മറ്റു ദിക്കുകളോ ഇല്ല. സൂര്യനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചാണ്‌ താൻ എവിടെയാണ്‌ എന്ന സ്ഥാനം നിർണയിക്കുന്നത്‌. അതിന്‌ സെൻസും സെൻസറുകളും സെൻസിബിലിറ്റിയും ആവശ്യമാണ്‌. യാത്രാപഥത്തിൽനിന്ന്‌ വ്യതിചലിക്കാതെ നോക്കണം. ഭൂമിയിലേക്ക്‌ ചിത്രങ്ങളടക്കം സന്ദേശങ്ങളയക്കണം.

ഭൂമിയിൽനിന്ന്‌ സന്ദേശങ്ങൾ അയയ്‌ക്കുന്ന ഉപകരണങ്ങൾ കേടാകാതിരിക്കുവാൻ താപനിയന്ത്രണവും ഒരുക്കിയിട്ടുണ്ട്‌. വിവരശേഖരണത്തിനായി വിവിധതരം ക്യാമറകളും സ്‌പെക്‌ട്രോസ്‌കോപ്പുകളും റഡാറുകളും റേഡിയേഷൻ അനലൈസറുകളും ഉപകരണസമുച്ചയങ്ങളിൽ ഉൾപ്പെടും. വെള്ളമുണ്ടെങ്കിൽ അറിയാനും പ്രത്യേക ഉപകരണമുണ്ട്‌. വെളിച്ചമില്ലാത്തപ്പോഴും വവ്വാലുകളെപ്പോലെ കാഴ്‌ച പകർത്താൻ കഴിവുള്ള ക്യാമറകളും ഇതിലുണ്ട്‌. വാർത്താവിനിമയത്തിനാവശ്യമായ ടെലി മെട്രി സംവിധാനത്തിൽ ആന്റിനകൾ അകത്തും പുറത്തും ആവശ്യാനുസരണം ഘടിപ്പിച്ചിരിക്കും.  സൗരോർജ പാനലുകൾ എപ്പോഴും സൂര്യനഭിമുഖമായി നിറുത്തുവാനാവശ്യമായ നിയന്ത്രണവും ഇതു നിർവഹിക്കും.  ഭൂമിയിൽനിന്നു നൽകുന്ന ആജ്‌ഞകൾ സ്വീകരിക്കുന്നതിനു പുറമേ സ്വയം തീരുമാനമെടുക്കാൻ സഹായിക്കുന്ന കംപ്യൂട്ടറുകളും ഉപഗ്രഹത്തിനകത്തുണ്ടാകും.

ലാന്ററിനകത്ത്‌ സമാനമായ ഉപകരണങ്ങൾക്കു പുറമേ ഭൂകന്പംപോലെ ചന്ദ്രകന്പളമാക്കുവാനുമുള്ള മാപിനിയുമുണ്ട്‌. ചന്ദ്രനിലേക്ക്‌ അടുക്കുേന്പാൾ ഉയരം എത്ര എന്ന്‌ സെൻസു ചെയ്യുവാനുള്ള സംവിധാനവുമുണ്ട്‌. റോവറിേന്റതടക്കം ഇതിന്റെയെല്ലാം പ്രവർത്തനം ഭൂമിയിൽത്തന്നെ പരീക്ഷിച്ച്‌ വിജയിപ്പിച്ചിട്ടുണ്ട്‌.

14 ദിവസം പകലും 14 ദിവസം രാത്രിയും
ചന്ദ്രനിൽ 14 ദിവസം പകലും 14 ദിവസം രാത്രിയുമുണ്ട്‌. അതുകൊണ്ട്‌ പകൽ ഭയങ്കര ചൂടും രാത്രി ഭയങ്കര തണുപ്പുമായിരിക്കും. ക്രമേണയുണ്ടാകുന്ന ഈ താപവ്യത്യാസം നിർണയിക്കാനുള്ള അളവുതാപമാപിനികളും ഇതിലുണ്ട്‌. നൃത്തംപോലെ ചടുലമായ താപത്തിന്റെ നിലകൾ ചാന്ദ്രപ്രതലത്തിലെ  പ്ലാസ്‌മ റേഡിയേഷനുകളിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ പഠിക്കുവാനുള്ള ഉപകരണത്തിന്‌ സ്വർഗീയനർത്തകിയായ രംഭയുടെ പേരാണ്‌ നൽകിയിരിക്കുന്നത്‌.

ലാന്ററിനകത്തുനിന്ന്‌ ചന്ദ്രന്റെ പ്രതലത്തിലേക്കിറങ്ങുന്ന ചക്രവണ്ടിയാണ്‌ റോവർ. ഇതിന്റെ ആറു ചക്രങ്ങൾക്കും പ്രത്യേകം നിയന്ത്രണമുണ്ട്‌. അത്‌ യുദ്ധമുന്നണിയിലെ  ടാങ്കുകളുടെ ചക്രപ്പട്ടകളുടെ നിയന്ത്രണസംവിധാനംപോലെയാണ്‌. ചക്രങ്ങൾ പൊടിയിൽ പൂണ്ടുപോകാതിരിക്കാൻ കൂടിയാണിത്‌. ലാന്ററിലെ ഉപകരണങ്ങൾ അതിന്റെ അടിയിൽ തറയെ അഭിമുഖീകരിക്കത്തക്കവണ്ണമാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. വാസ്‌തവത്തിൽ ഒരു പകലായ 14 ദിവസം പ്രവർത്തിക്കണം എന്നേ ഉദ്ദേശിച്ചിട്ടുള്ളു. അപ്പോഴേക്കും രാത്രിയാവുകയും 14 ദിവസം ഉറക്കമാവുകയും ചെയ്യും.കാരണം അപ്പോൾ സൗരോർജം ലഭിക്കുകയില്ല. പതിനാലു ദിവസം കഴിഞ്ഞു വീണ്ടും സൂര്യനുദിക്കുേന്പാൾ ഉണരുകയാണെങ്കിൽ മാത്രം പ്രവർത്തനം തുടരും. റോവറും ഭൂമിയിൽ പ്രവർത്തിച്ചു പരീക്ഷിച്ച്‌ വിജയിപ്പിച്ചതാണ്‌. അത്‌ ചാന്ദ്രപാറയ്‌ക്കു സമാനമായ കല്ലുകൾകൊണ്ട്‌ തറ ഉണ്ടാക്കിക്കൊണ്ടാണ്‌. ചാന്ദ്രപ്രതലത്തിലെ ഗുരുത്വാകർഷണം കൃത്രിമമായി സൃഷ്ടിക്കുവാൻ ഹീലിയം ബലൂണുകൾ ഘടിപ്പിച്ചുകൊണ്ടായിരുന്നു അതിന്റെ ഭാരം ക്രമീകരിച്ചത്‌.

ഇനി രണ്ടു ദിവസം  കൂടി കാത്തിരിക്കാം
ഇപ്പോൾ വിക്രം എന്ന ലാന്റർ ഓർബിറ്ററിൽനിന്ന്‌ മോചിതമായി ചന്ദ്രനെ വലംവച്ച്‌ സഞ്ചാരപഥം താഴ്‌ത്തുകയാണ്‌. അതുവരെ അത്‌ ഓർബ്ിറ്ററിനോടൊപ്പം അതിന്റെ സഞ്ചാരപഥം താഴ്‌ത്തുകയായിരുന്നു. ലാന്റർ വലംവയ്‌ക്കുമ്പോഴുള്ള കോണീയസംവേഗവും ചന്ദ്രന്റെ ഗുരുത്വാകർഷണബലവും അതിൽ തുലനാവസ്ഥയിൽ പ്രവർത്തിക്കുന്നുണ്ട്‌. അതുകൊണ്ടാണത്‌ വീണുപോകാത്തത്‌. ഈ രണ്ടു ബലത്തേയും കൗശലത്തോടെ കുറച്ചു ക്രമീകരിച്ചില്ലെങ്കിൽ ഇറങ്ങുന്നത്‌, ഓടുന്ന വണ്ടിയിൽനിന്ന്‌ ചാടുന്നതുപോലെയാകും. അല്ലെങ്കിൽ ബഹുനില ഫ്‌ളാറ്റിന്റെ മുകളിൽനിന്ന്‌ വീഴുന്നതുപോലെയാകും. ചന്ദ്രന്‌ അന്തരീക്ഷമില്ലാത്തതിനാൽ പാരച്യൂട്ടുപോലുള്ള സംവിധാനങ്ങൾക്ക്‌ പ്രസക്തിയുമില്ല. നിയന്ത്രണറോക്കറ്റുകളുടെ കൃത്യതയോടെയുള്ള പ്രവർത്തനമാണ്‌ ഇവിടെ നിർണായകമാകുന്നത്‌. ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ദൗത്യം ശുഭപര്യവസായിയായിരിക്കുമെന്നുവേണം കരുതാൻ. ഇനി രണ്ടു ദിവസം ശുഭാപ്‌തി വിശ്വാസത്തോടെ കാത്തിരിക്കാം. ഈ വിജയത്തിന്‌  ശാസ്‌ത്രജ്‌ഞരേയും സാങ്കേതിക വിദഗ്‌ധരെയും നമുക്ക്‌ അഭിനന്ദിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top