24 May Friday

പാർക്കർ സൂര്യനിലേക്ക്

സാബുജോസ്‌Updated: Thursday Apr 5, 2018

നാസയുടെ സൂര്യദൗത്യമായ പാർക്കർ സോളാർ പ്രോബ് 2018 ജൂലൈ 31ന ് വിക്ഷേപിക്കുകയാണ്. 2009ൽ സോളാർ പ്രോബ് എന്ന പേരിലാണ് ഈ ദൗത്യം രൂപകൽപ്പന ചെയ്തത്. 1990കളിലെ സോളാർ ഓർബിറ്റർ പദ്ധതിയിൽനിന്നാണ് സോളാർ പ്രോബ് രൂപകൽപ്പന ഉണ്ടായത്.

സാമ്പത്തികനിയന്ത്രണം ഈ പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി. തുടർന്ന് 2010 സോളാർ പ്രോബ് പ്ലസ് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയും 2015ൽ വിക്ഷേപിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ വിക്ഷേപണം നടന്നില്ല. 2017വരെ ഏതുദിവസവും വിക്ഷേപിക്കുമെന്ന അവസ്ഥയായിരുന്നു. 2017 അവസാനം ദൗത്യത്തിന്റെ പേരു മാറ്റി പാർക്കർ സോളാർ പ്രോബ് എന്നാക്കുകയും 2018 ജൂലൈ 31ന് വിക്ഷേപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്നത്തെ ജ്യോതിശാസ്ത്രജ്ഞരിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ഈ പേര് സ്വീകരിച്ചത്. ഡെൽറ്റ‐4 ഹെവി റോക്കറ്റാണ് വിക്ഷേപണവാഹനം.

ആറുവർഷവും 321 ദിവസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യനെക്കുറിച്ച് പഠിക്കാൻ നിരവധി ദൗത്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയിൽനിന്നെല്ലാം പാർക്കർ സോളാർ പ്രോബിനെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന പേടകം അതിന്റെ ദീർഘവൃത്ത ഭ്രമണപഥത്തിൽ സൂര്യന്റെ അടുത്തെത്തുമ്പോൾ (Perihelion) സൗരോപരിതലത്തിൽനിന്ന് കേവലം 59 ലക്ഷം കിലോമീറ്റർ മാത്രം ഉയരത്തിലാകും. സൂര്യനെ ഇത്ര അടുത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു ദൗത്യവും ഇതുവരെ വിക്ഷേപിച്ചിട്ടില്ല. മറ്റെല്ലാ ഖഗോളപിണ്ഡങ്ങളെയും പോലെ ഗുരുത്വാകർഷണ ബലമാണ് പ്രദക്ഷിണംചെയ്യുന്ന ഒരു വസ്തുവിന്റെ വേഗം നിർണയിക്കുന്നത്. സൂര്യന്റെ സമീപമെത്തുമ്പോൾ പേടകത്തിന്റെ വേഗം സെക്കൻഡിൽ 200 കിലോമീറ്ററാകും. ഒരു മനുഷ്യനിർമിത വാഹനത്തിനും ഇതുവരെ ഇത്ര വേഗം കൈവരിക്കാൻകഴിഞ്ഞിട്ടില്ല. സൂര്യനിൽനിന്ന് അകലെയാകുമ്പോൾ പേടകത്തിനും സൂര്യനും ഇടയിലുള്ള അകലം 10 കോടി കിലോമീറ്ററാകും. നാസയുടെ കീഴിലുള്ള അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയാണ് പേടകത്തിന്റെ നിർമാതാക്കൾ. 1.5 ബില്യൺ യു.എസ് ഡോളറാണ് പദ്ധതിയുടെ ആകെ ചെലവ്.

ഒരുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയും 2.3 മീറ്റർ ഉയരവുമുള്ള പേടകത്തിന്റെ ഇന്ധനം ഉൾപ്പെടെയുള്ള പിണ്ഡം 685 കിലോഗ്രാമാണ്. ഇതിൽ 50 കിലോഗ്രാം അനുബന്ധ ഉപകരണങ്ങളുടെ ഭാരമാണ്. 343 വാട്സ് ആണ് സൂര്യനു സമീപമെത്തുമ്പോൾ പേടകത്തിന്റെ പ്രവർത്തനം നടക്കുന്നതിനുള്ള ഊർജം. 88 ദിവസം കൂടുമ്പോൾ പേടകം ഒരുതവണ സൂര്യനെ വലംവയ്ക്കും. ഏറെക്കുറെ ബുധന്റെ പരിക്രമണകാലത്തിന് തുല്യം.

പാർക്കർ ലക്ഷ്യങ്ങൾ
സൗരവാതങ്ങളുടെ ഘടനയും, അവ സൃഷ്ടിക്കുന്ന കാന്തികക്ഷേത്രത്തിന്റെ തീവ്രതയും കണ്ടെത്തുക.

സൗരാന്തരീക്ഷമായ കൊറോണയിൽനിന്നുള്ള ഊർജപ്രവാഹത്തിന്റെ അളവും അത് സൗരവാതങ്ങളുടെ വേഗത്തിൽ ചെലുത്തുന്ന സ്വാധീനവും കണ്ടെത്തുക.
ചാർജിത കണങ്ങളുടെ വേഗം വർധിക്കുന്നതിനുള്ള കാരണങ്ങൾ കെണ്ടത്തുക.

സൗരാന്തരീക്ഷത്തിലുള്ള പ്ലാസ്മയുടെ തോതും അവ സൗരവാതങ്ങളിലുണ്ടാക്കുന്ന സ്വാധീനവും കണ്ടെത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ശാസ്ത്രീയലക്ഷ്യങ്ങൾ. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിലെ ഊഷ്മാവ് കേവലം 6000 കെൽവിനാണ്. എന്നാൽ സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലെ താപനില 1.5 കോടി കെൽവിനാണ്. ചാർജിത കണങ്ങളുടെ വേഗം വർധിക്കുന്നതാണ് ഈ മാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്. ഈ പ്രഹേളികയ്ക്കുള്ള ഉത്തരം കണ്ടത്തുന്നതിന് പാർക്കർ സോളാർ പ്രോബിന് കഴിയുമെന്നാണ് കരുതുന്നത്. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ഒരു ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ്സ് ഇൻവെസ്റ്റിഗേഷൻ ഉപകരണവും (FIELDS),, ഒരു ഇന്റഗ്രേറ്റഡ് സയൻസ് ഇൻവെസ്്റ്റിഗേഷൻ ഉപകരണവും (ISOIS), ഒരു വൈഡ് ഇലക്ട്രോൺസ് അൽഫാസ് ആൻഡ് പ്രോട്ടോൺസ് SWEAP ഉപകരണവും ഒരു ഹിലിയോസ്ഫെറ്ക് ഒറിജിൻസ് ഇൻവെസ്റ്റിഗേറ്റവും HELIOSPP പേടകത്തിലുണ്ടാകും. 26 തവണ സൂര്യന്റെ സമീപമെത്തുന്ന പേടകം സൗരാന്തരീക്ഷത്തെക്കുറിച്ച് ഇതുവരെ മറ്റൊരു പേടകവും നടത്തിയിട്ടില്ലാത്ത സൂക്ഷ്മമായ വിവരശേഖരണമാകും നടത്തുക. ഈ യാത്രയ്ക്കിടെ ഏഴുതവണ പേടകം ശുക്രന് സമീപത്തുകൂടെയും കടന്നുപോകും.

സൗരപ്രതിഭാസങ്ങളിലേക്ക് വെളിച്ചംവീശാൻ
സൂര്യനെക്കുറിച്ചും സൗരപ്രതിഭാസങ്ങളെക്കുറിച്ചും ഇതുവരെ ലഭിക്കാത്ത വിവരങ്ങളാകും പാർക്കർ ദൗത്യത്തിലൂടെ ശാസ്ത്രലോകത്തിന് ലഭിക്കുക. സൗരവാതങ്ങൾക്ക് കാരണമായ കൊറോണൽ മാസ് ഇജക്ഷൻ എന്ന സൗരദ്രവ്യ പ്രവാഹത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും സാധിക്കും. വൈദ്യുതിവിതരണ ശൃംഖലയെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന ചാർജിത കണങ്ങളുടെ പ്രവാഹമാണ് സൗരവാതങ്ങൾ. ഉത്തര‐ദക്ഷിണ ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന ധ്രുവദീപ്തിക്കു കാരണം സൗരവാതങ്ങളുടെ പ്രഭാവമാണ്. വളരെയധികം ശാസ്ത്രീയ പ്രാധാന്യമുള്ള ഒരു ദൗത്യമായാണ് പാർക്കർ സോളാർ പ്രോബിനെ നാസ കാണുന്നത്. സൗരാന്തരീക്ഷത്തിൽ ഇലക്ട്രോണുകൾക്കും പ്രോട്ടോണുകൾക്കും മറ്റ് ചാർജിതകണങ്ങൾക്കും എങ്ങനെയാണ് ഗതിവേഗം വർധിക്കുന്നതെന്നു പഠിക്കാൻ ഈ ദൗത്യത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

സൗരവാതങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. ഭൂമിക്കുചുറ്റുമുള്ള കാന്തികവലയമാണ് സൗരവാതങ്ങൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞുനിർത്തുന്നത്. എന്നാൽ സൗരവാതങ്ങൾ തീവ്രമായാൽ ഈ കാന്തികവലയത്തിൽ വിള്ളലുണ്ടാകുകയും സൗരവാതങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്യും ക്യാൻസറിനും, ത്വക്ക്രോഗങ്ങൾക്കും, ജനിതക വൈക്യലങ്ങൾക്കും ഇത് കാരണമാകും. മത്സ്യസമ്പത്ത് നഷ്ടപ്പെടും. കാന്തികവലയം ഒന്നാകെ തകർന്നുപോയാൽ സൗരവാതങ്ങൾ തടസ്സമൊന്നുമില്ലാതെ ഭൂമിയിൽ പതിക്കുകയും ഭൗമ ജീവനെയൊന്നാകെ തുടച്ചുമാറ്റുകയും ചെയ്യും. ഹീലിയോസ്, യുലൈസസ്, സോഹോ, എസ്ഡിഒ, ഐറിസ് തുടങ്ങി നിരവധി പേടകങ്ങൾ സൂര്യനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ സൂര്യന്റെ തൊട്ടടുത്തെത്തി നിരീക്ഷണം നടത്തുന്ന ഒരു പേടകം ഇതാദ്യമായാണ് വിക്ഷേപിക്കാൻ പോകുന്നത്. മാത്രവുമല്ല ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മനുഷ്യനിർമിത വാഹനം എന്ന ബഹുമതിയും ഇനി പാർക്കർ സോളാർ പ്രോബിനാകും.

പേരു ചേർക്കാം
സൂര്യനിൽ പേരുചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് നാസ അവസരമൊരുക്കുന്നു. പാർക്കർ സോളാർ പ്രോബിലാണ് ഇതിനുള്ള അവസരം. പേടകത്തിൽ സ്ഥാപിച്ച സ്വർണഫലകത്തിൽ പേര് എഴുതിചേർക്കുകയും അതിന്റെ സർട്ടിഫിക്കറ്റ് അയച്ചുതരികയും ചെയ്യും. 2018 മെയ് വരെ അപേക്ഷ സ്വീകരിക്കും. വെബ്‌സൈറ്റ്‌ htpp://go.nasa.gov/Hot Ticket

പ്രധാന വാർത്തകൾ
 Top