22 April Monday

വില്യംസുമാരുടെ പാഠങ്ങള്‍ ഉരുവിട്ട് മുഗുരുസ...

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

ഒരുവര്‍ഷംമുമ്പ് വിംബിള്‍ഡണ്‍ സെമിഫൈനലിലെത്തിയ വീനസ് വില്യംസ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നപ്പോള്‍ അത് വില്യംസുമാരുടെ ആധിപത്യത്തിന്റെ തുടര്‍ച്ചയാണെന്ന് ടെന്നീസ്ലോകം വിലയിരുത്തി. ഗര്‍ഭിണിയായതിനാല്‍ സെറീനയുടെ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ഇത്തവണത്തെ വിംബിള്‍ഡണില്‍ ചേട്ടത്തി വീനസ് വില്യംസ് തന്റെ ആറാം കിരീടം നേടുമെന്ന പ്രവചനങ്ങളുമുണ്ടായി. 

ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയായ യെലേന ഓസ്റ്റാപെന്‍കൊ ഉള്‍പ്പെടെ യുവതാരങ്ങളെ കീഴടക്കി മുന്നേറ്റം നടത്തിയ വീനസാകട്ടെ വെല്ലുവിളികളും മത്സരത്തിന്റെ സമ്മര്‍ദവും തനിക്ക് പരിചിതമാണെന്നും അവയെല്ലാം നേരിടാന്‍ കളിയുടെ തലത്തിലും ശാരീരികമായും സുശക്തയാണെന്ന് പ്രഖ്യാപിക്കാനും മടിച്ചില്ല. ഫൈനലില്‍ തന്നെക്കാള്‍ 14 വയസ്സിന് ഇളപ്പമുള്ള എതിരാളിയെ നേരിടുന്നതുവരെ ഇംഗിതംപോലെ തന്റെ ഗെയിമിനെ മുന്നോട്ടുകൊണ്ടുപോകാനും എതിരാളികളെ ഒന്നൊന്നായി നിഷ്പ്രഭമാക്കാനും വീനസിനു കഴിഞ്ഞുവെന്നത് വാസ്തവമാണ്. ഒരു സന്നാഹമത്സരവും കളിക്കാതെയും കാര്യമായ തയ്യാറെടുപ്പില്ലാതെയും വിംബിള്‍ഡണിലിറങ്ങിയിട്ടും അനുഭവസമ്പത്തിന്റെ പടച്ചട്ടയണിഞ്ഞ വീനസ് മിന്നുന്ന ഫോമിലാണെന്നു തെളിയിച്ചുതന്നെയായിരുന്നു കലാശക്കളത്തില്‍ ചരിത്രംകുറിക്കാന്‍ കയറിനിന്നത്.

ഫൈനലില്‍ വീനസിന്റെ പ്രതിയോഗിയായി എത്തിയ സ്പെയ്നിന്റെ ഇരുപത്തിമൂന്നുകാരി ഗാര്‍ബിന്‍ മുഗുരുസയ്ക്കാകട്ടെ ഗ്രാന്‍ഡ് സ്ളാം വേദികളിലോ മറ്റ് ടൂര്‍ണമെന്റുകളിലോ ഏറെ വിജയഗാഥകളൊന്നുമില്ല. 2011ല്‍ പ്രൊഫഷണല്‍ ടെന്നീസിലെത്തിയ മുഗുരുസയ്ക്ക് ഇത്തവണത്തെ വിംബിള്‍ഡണ്‍ ഉള്‍പ്പെടെ സമ്പാദ്യം ആകെ നാല് കിരീടങ്ങള്‍. 2016ലെ ഫ്രഞ്ച് ഓപ്പണിലും 2015ല്‍ ബീജിങ്ങിലും 2014ല്‍ ഹോബര്‍ട്ടിലും നേടിയവയാണ് മറ്റ് മൂന്നെണ്ണം. അതേസമയം ഈ കാലയളവില്‍ 10 വട്ടം ഡബിള്‍സില്‍ ഫൈനല്‍കളിച്ച സ്പെയ്ന്‍കാരി അതില്‍ അഞ്ചുവട്ടം ചാമ്പ്യനായിട്ടുണ്ട്.

എതിരാളി ആരായാലും പ്രശ്നമല്ല. ആരെയും കൂസാത്ത മനക്കരുത്തിനുടമയാണ് മുഗുരുസ. എന്നാല്‍ നിസ്സാര പിഴവുകളിലൂടെയും അനാവശ്യ നീക്കങ്ങളിലൂടെയും എളുപ്പം ജയിക്കാവുന്ന മത്സരംപോലും അടിയറവയ്ക്കുന്ന ശീലക്കേടുമുണ്ട്. സ്ഥിരതയുടെയും ഫോമിന്റെയും കൃത്യമായ നിര്‍ണയം നടത്താനാവാത്ത തരത്തില്‍ ജയപരാജയങ്ങളുടെ അനുപാതത്തിലെ വലിയ വ്യത്യാസം പ്രകടമാകുന്ന കളിയാണ് ഈ താരത്തിന്റേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച സെര്‍വുകളും കരുത്തുറ്റ ഗ്രൌണ്ട് സ്ട്രോക്കുകളുമാണ് മുഗുരുസയുടെ ശക്തി. എന്നാല്‍ അപ്രേരിത പിഴവുകളുടെയും ഇരട്ടപ്പിഴവുകളുടെയും ഘോഷയാത്രയിലൂടെ സ്വയം കുഴിതോണ്ടുന്നതും സാധാരണമാണ്. അതേസമയം മുപ്പത്തേഴുകാരിയായ വീനസിനെതിരെ ഈ വിംബിള്‍ഡണ്‍ ഫൈനലില്‍ പിഴപറ്റാത്ത ഗെയിമിലൂടെ 7-5, 6-0ന് 77 മിനിറ്റിനുള്ളില്‍ കീഴടങ്ങി തന്റെ ആധിപത്യത്തിന് അടിവരയിട്ട മുഗുരുസ വനിതാ ടെന്നീസില്‍ സ്പാനിഷ് വസന്തത്തിനൊപ്പം പുതിയകാലത്തെയുമാണ് വരവേല്‍ക്കുന്നത്. ഒപ്പം തന്റെ രണ്ട് ഗ്രാന്‍ഡ് സ്ളാം വിജയത്തിലും വില്യംസ് സഹോദരിമാരെയാണ് കീഴടക്കിയതെന്ന അപൂര്‍വതയും മുഗുരുസയ്ക്കുണ്ട്. 2015ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനയോടേറ്റ തോല്‍വിക്ക് 2016ല്‍ റൊളാങ് ഗാരോസിലെ കളിമണ്‍കോര്‍ട്ടില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയാണ് കണക്കുതീര്‍ത്തത്. ഇത്തവണ തന്റെ രണ്ടാം ഗ്രാന്‍ഡ് സ്ളാമിനായി സഹോദരി വീനസിനെയും കെട്ടുകെട്ടിച്ചതോടെ മുഗുരുസ വിശ്വടെന്നീസിന്റെ പരമപീഠത്തില്‍ വില്യംസ് സഹോദരിമാരെ പരായജപ്പെടുത്തിയ ഏകതാരമെന്ന ചരിത്രനേട്ടത്തിനുമുടമയായി.

ഇപ്പോഴത്തെ തന്റെ കോച്ചായ കൊഞ്ചിത മാര്‍ട്ടിനസ് 1994ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം വനിതാ കിരീടം ആദ്യമായി സ്പെയ്നിലേക്കെത്തിക്കുന്ന കളിക്കാരിയാണ് മുഗുരുസ. മാത്രമല്ല, സെര്‍വുകളിലൂടെയും സെര്‍വ് റിട്ടേണുകളിലൂടെയും മൂളിപ്പറക്കുന്ന ഗ്രൌണ്ട് സ്ട്രോക്കുകളിലൂടെയും പോയിന്റുകള്‍ നിര്‍ണയിക്കാന്‍ കഴിവുള്ള ആറടി പൊക്കക്കാരികളുടെ ബലാബലത്തില്‍ തന്റെ വിംബിള്‍ഡണ്‍ കരിയറില്‍ ആദ്യമായി വീനസ് വില്യംസിന് ഒരു സെറ്റ് 6-0ന് അടിയറവയ്ക്കേണ്ടിവന്നുവെന്നതും മുഗുരുസയുടെ പ്രാഗത്ഭ്യത്തിനും ആധികാരികതയ്ക്കും മാറ്റുകൂട്ടുന്നു.

കഴിഞ്ഞ 13 മാസത്തിനിടയില്‍ ഒറ്റ ടൂര്‍ണമെന്റും ജയിക്കാത്തവരാണ് ഇരുവരും. എന്നാല്‍ നിര്‍ണായക ഏറ്റുമുട്ടലില്‍ സമചിത്തതയോടെ നിലയുറപ്പിന് വീനസിന്റെ ദൌര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് തന്റെ ആയുധങ്ങള്‍ മൂര്‍ച്ചയോടെ പ്രയോഗിക്കുകയായിരുന്നു മുഗുരുസ ചെയ്തത്. റാഫേല്‍ നദാലിന്റെ വിജയതൃഷ്ണയും പോരാട്ടവീര്യവും തനിക്ക് പ്രചോദനമാകുന്നുവെന്നു പറയുന്ന മുഗുരുസ വീനസിനെയും സെറീനയെയും റോള്‍മോഡലുകളായും കാണുന്നു. ഒരുകാര്യം ഉറപ്പിക്കാം. വനിതാ ടെന്നീസിനെ പുതിയകാലത്തേക്ക് നയിക്കാനും സെറീനയുടെ ഒന്നാംറാങ്കിലേക്ക് കയറിവരാനും കഴിവും കരുത്തും ധിഷണയുമുള്ള കളിക്കാരിയാണ് മുഗുരുസ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.

പ്രധാന വാർത്തകൾ
 Top