25 May Saturday

ഒരുമയുടെ പേരാണിതോണം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

തിരുവനന്തപുരം
പ്രളയക്കെടുതിയിൽ ദുരിതങ്ങൾക്കിടയിൽ ജനങ്ങളും സർക്കാരും സന്നദ്ധസംഘടനകളും ഒരേമനസ്സോടെ ആഘോഷങ്ങൾ മാറ്റിവച്ച് തിരുവോണനാളിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി. ക്യാമ്പുകളിൽ നാട്ടുകാരുടെ കൂട്ടായ്മയിലായിരുന്നു ഓണം. ആഘോഷാരവങ്ങളില്ലെങ്കിലും ഒത്തൊരുമയും കൈത്താങ്ങും നഷ്ടങ്ങളുടെ വേദനകൾക്കിടയിൽ ആശ്വാസമായി.

തിരുവോണനാളിൽ സംസ്ഥാനമാകെ 2287 ക്യാമ്പിലായി 2,18,104 കുടുംബത്തിലെ 8,69,224 പേരാണുണ്ടായിരുന്നത‌്. സർക്കാർ നിർദേശത്തെത്തുടർന്ന‌് എല്ലാ ക്യാമ്പുകളിലും ഓണത്തിന് പായസവും സദ്യയുമുണ്ടായി.

മന്ത്രി തോമസ് ഐസക് ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്‌കൂളിലെ ക്യാമ്പിലെത്തി ദുരിതബാധിതർക്കൊപ്പം സദ്യകഴിച്ചു. കെ എസ‌് ചിത്ര  ഗാനങ്ങൾ ആലപിച്ചു. മന്ത്രി ജി സുധാകരൻ കണിച്ചുകുളങ്ങരയിലെ ക്യാമ്പിലെത്തി സദ്യയിൽ പങ്കാളിയായി.

പത്തനംതിട്ടയിൽ ആറൻമുളയിലെ പ്രധാന ക്യാമ്പായ കിടങ്ങന്നൂർ സെന്റ് മേരീസ് എംടി എൽപി സ്‌കൂളിൽ  കലക്ടർ പി ബി നൂഹ്  സദ്യയുണ്ടു. എറണാകുളം ജില്ലയിലെ ക്യാമ്പുകളിലും സദ്യയൊരുക്കി. തിരുവനന്തപുരത്ത് വെള്ളായണി എംഎൻ എൽപി സ്‌കൂളിലെ ക്യാമ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തി. മന്ത്രി കെ കെ ശൈലജ മാനന്തവാടി പിലാക്കാവ് ദുരിതാശ്വാസ ക്യാമ്പിലെത്തി സദ്യയുണ്ടു. മറ്റു ജില്ലകളിലുള്ള ക്യാമ്പുകളിലെ സദ്യയിലും ജനപ്രതിനിധികൾ പങ്കാളികളായി.
സർക്കാരും സംഘടനങ്ങളും പൊതുജനങ്ങളും ആഘോഷം വേണ്ടെന്നുവച്ച് ആ തുകയും പരിശ്രമവും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും മാറ്റിവച്ചു.

സർക്കാർ വകുപ്പുകൾ ഓണാവധി വേണ്ടെന്നുവച്ച് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വ്യാപൃതമായി. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ തദ്ദേശസ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളുംവരെ തിരുവോണദിവസവും പ്രവർത്തിച്ചു. ക്യാമ്പുകളിൽ ആവശ്യമായ സേവനങ്ങളും ഏകോപനങ്ങളും എത്തിക്കാനും തിരുവോണ സദ്യ ലഭ്യമാക്കാനും സർക്കാർ സംവിധാനങ്ങൾ സജീവമായി രംഗത്തുണ്ടായി.

രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ ശുചീകരണം, പുനരധിവാസം തുടർന്ന് പുനർനിർമാണം എന്ന നിലയിലാണ് സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുപോകുന്നത്. വിവിധ ഏജൻസികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണമുണ്ട‌്.

ക്യാമ്പുകൾ സന്ദർശിച്ച്‌ എസ‌് ആർ പി
ആലപ്പുഴ
സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻ പിള്ള ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സർക്കാരും നാട്ടുകാരും ജനപ്രതിനിധികളും ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തിന‌് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും  പരാതികളില്ലാതെയയാണ‌് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്നും എസ‌് ആർ പി പറഞ്ഞു. ദീർഘകാലത്തെ പരിശ്രമം കൊണ്ടേ നഷ‌്ടങ്ങളിൽനിന്നും കരകയറാൻ കഴിയൂ. ക്യാമ്പ‌് വിടുന്നവരുടെ വീടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ‌്ച ആര്യാട‌് ബിലീവേഴ‌്സ‌് സ‌്കൂളിലെ ക്യാമ്പിലെത്തിയ അദ്ദേഹം അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചു.  ആര്യാട‌് ലൂഥറൻ സ‌്കൂളിലെ ക്യാമ്പ‌്, എസ‌്എൻ കോളേജിലെ ക്യാമ്പ‌് എന്നിവിടങ്ങ‌ളിലും എസ‌് രാമചന്ദ്രൻ പിള്ള എത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മാരാരിക്കുളം ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായി.

പ്രധാന വാർത്തകൾ
 Top